സാമ്രാജ്യത്വരാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തില്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ ഇന്ത്യയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത് ആ കുഴപ്പം ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു. എന്നാല്‍ , കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ ഉല്‍പാദനം, വിശേഷിച്ച് വ്യവസായ-നിര്‍മ്മാണ മേഖലകളില്‍ കുറഞ്ഞു. രൂപയുടെ കൈമാറ്റമൂല്യം ഇടിഞ്ഞിടിഞ്ഞ് സര്‍വകാല റെക്കോര്‍ഡിലെത്തി. വിലക്കയറ്റം അതിരൂക്ഷമായിത്തന്നെ തുടരുന്നു. എന്നിട്ടും ഇതിനൊന്നും പരിഹാരം കാണാനല്ല, അമേരിക്കന്‍ ആണവ റിയാക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ചില്ലറ വ്യാപാരരംഗത്ത് ആഗോള കുത്തകകള്‍ക്ക് ചുമപ്പ് പരവതാനി വിരിക്കാനുമാണ് യുപിഎ സര്‍ക്കാര്‍ ധൃതി കൂട്ടിയത്. യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്തന്നെയാണ് കേരളത്തില്‍ യുഡിഎഫിനും നേതൃത്വം നല്‍കുന്നത്. ഇവിടെയും അവര്‍ ധൃതികാണിക്കുന്നത് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനല്ല, വന്‍കിടക്കാര്‍ക്ക് സൗജന്യം നല്‍കാനാണ്. ഗവണ്‍മെന്‍റിന് വലിയ ഭാരം ഉണ്ടാകാത്ത നിലയില്‍ ഇവിടെ പണം നിക്ഷേപിക്കുന്നതിന് വിദേശ മലയാളികളെ പ്രേരിപ്പിക്കാനല്ല, വലിയ സൗജന്യങ്ങള്‍ നല്‍കി വന്‍കിടക്കാരെ കേരളത്തിലേക്ക് ആനയിക്കാനാണ് ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ തിടുക്കംകൂട്ടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിനു പ്രത്യേക പരിഗണന ലഭ്യമാക്കാന്‍ കേരള മന്ത്രിമാര്‍ ദല്‍ഹിയില്‍ ചെന്നുകണ്ട പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ തങ്ങള്‍ക്ക് വാഗ്ദാനം നല്‍കി എന്ന് മുഖ്യമന്ത്രി പറയുന്നത് ഇതേവരെ ജലരേഖയായി തുടരുന്നു. പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ ഒക്ടോബറില്‍ നടക്കും എന്ന് പ്രഖ്യാപിച്ച മന്ത്രിയോട് നവംബര്‍ അവസാനമായിട്ടും അത് നടക്കാത്തതെന്താണ് എന്ന് മുഖ്യമന്ത്രി ചോദിച്ചതായി "മലയാള മനോരമ"പോലും റിപ്പോര്‍ട്ട് ചെയ്തില്ല. നിലമ്പൂരില്‍നിന്ന് രാജ്യറാണി എന്നപേരില്‍ തിരുവനന്തപുരത്തേക്ക് പുതിയ തീവണ്ടി എന്നത് ഷൊര്‍ണൂര്‍ മുതല്‍ അമൃത എക്സ്പ്രസില്‍ രാജ്യറാണി എന്ന ബോര്‍ഡുകൂടി തൂക്കി കേരളീയരെ വഞ്ചിക്കലായി മാറി.
കേരളത്തിലെ ജനങ്ങളെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ചേര്‍ന്ന് ഇതില്‍പരം പറ്റിക്കാന്‍ ഇനി എന്തുണ്ട്? കേരളത്തില്‍ യുഡിഎഫ് അധികാരമേറ്റ ഉടനെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് നടപ്പാക്കിവന്ന ജനക്ഷേമ പരിപാടികളാകെ തകിടംമറിച്ചതിെന്‍റ അനന്തരഫലങ്ങളാണ് ഓരോദിവസം കഴിയുന്തോറും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. വയനാട്ടിലും മറ്റ് ജില്ലകളിലും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാന്‍ കാരണം യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികളാണ്. നന്നായി പ്രവര്‍ത്തിച്ചുവന്ന പൊതുവിതരണ സംവിധാനം തകര്‍ത്തതുമൂലമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് കിട്ടാതെ വിലക്കയറ്റത്തിെന്‍റ ആഘാതം ഏല്‍ക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രികളുടെയും ഔഷധശാലക്കാരുടെയും കൊടും ചൂഷണത്തിന് രോഗികളെ വിധേയരാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ , മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടു കൊണ്ടും ചെയ്തത്. വിദ്യാഭ്യാസ കാര്യത്തിലും ഇതുപോലത്തെ നടപടികളിലൂടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സര്‍ക്കാര്‍ കണ്ണീര്‍ കുടിപ്പിക്കുന്നു.
മദ്യവില്‍പനയുടെ കാര്യത്തില്‍ രണ്ടു വഞ്ചിയിലും കാല്‍വെച്ചു നില്‍ക്കുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിേന്‍റത്. തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ജനങ്ങളുടെയും ക്രിസ്തീയ സഭകളുടെയും മറ്റും കണ്ണില്‍ പൊടിയിടാന്‍ ചില വാഗ്ദാനങ്ങള്‍ എഴുതിവെച്ചു. പക്ഷേ, അധികാരത്തിലെത്തിയപ്പോള്‍ മദ്യരാജാക്കന്മാരുമായി ധാരണയുണ്ടാക്കി ബാറുകള്‍ ധാരാളമായി അനുവദിക്കാന്‍ കച്ചവടമുറപ്പിച്ചു. അത് സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പുണ്ടായപ്പോള്‍ ഒരു സബ്കമ്മിറ്റി ഉണ്ടാക്കി; ജനുവരിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു; അതിനുമുമ്പേ ആവശ്യക്കാര്‍ക്ക് ബാര്‍ അനുവദിക്കാനും. ഇപ്പോള്‍ നാനാ വിഭാഗങ്ങളില്‍നിന്നും എതിര്‍പ്പ് ശക്തമായപ്പോള്‍ ഒറ്റ ബാറും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. കോടതിയെ മറയാക്കി 16 ബാര്‍ നല്‍കാന്‍ തീരുമാനിച്ചശേഷമാണത്രെ ഈ പ്രഖ്യാപനം. ഭരണസംവിധാനത്തില്‍ പോരായ്മയുണ്ട് എന്നും ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞാല്‍ അത് തിരുത്തുമെന്നും പറയുന്ന മുഖ്യമന്ത്രി തെന്‍റ നടപടികള്‍ സുതാര്യമാണെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സത്യമെന്താണ്?
ചട്ടവിരുദ്ധമായ കാര്യങ്ങളാണ് പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ധനവകുപ്പ് പറഞ്ഞു കഴിഞ്ഞു. സത്യസന്ധനാണ് മുഖ്യമന്ത്രിയെങ്കില്‍ , അതോടെ പൊതുജന സമ്പര്‍ക്ക പരിപാടി അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ആര്‍ക്കൊക്കെയോ എന്തൊക്കെയോ ചട്ടവിരുദ്ധമായ ആനുകൂല്യങ്ങള്‍ നല്‍കണം. അവ നല്‍കിക്കഴിഞ്ഞാല്‍ താന്‍ ചട്ടം അനുസരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയില്‍നിന്നും അദ്ദേഹം നയിക്കുന്ന സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കാനാണ്? സര്‍ക്കാര്‍ ഖജനാവ് കൊള്ളചെയ്യുന്നവര്‍ക്കും അതില്‍നിന്ന് കളവ് നടത്തുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അധികാരഭ്രഷ്ടരാക്കാനുള്ള ആദ്യത്തെ അവസരമാണ് പിറവം നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുമ്പില്‍ അടുത്തുതന്നെ വരാന്‍പോകുന്നത്. ആ വിലയേറിയ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കാന്‍ അവിടത്തെ വോട്ടര്‍മാരെ കാര്യകാരണസഹിതം ഉദ്ബുദ്ധരാക്കേണ്ട ചുമതല ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
chintha editorial 021211
സര്‍ക്കാര്‍ ഖജനാവ് കൊള്ളചെയ്യുന്നവര്‍ക്കും അതില്‍നിന്ന് കളവ് നടത്തുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അധികാരഭ്രഷ്ടരാക്കാനുള്ള ആദ്യത്തെ അവസരമാണ് പിറവം നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുമ്പില്‍ അടുത്തുതന്നെ വരാന്‍പോകുന്നത്. ആ വിലയേറിയ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കാന്‍ അവിടത്തെ വോട്ടര്‍മാരെ കാര്യകാരണസഹിതം ഉദ്ബുദ്ധരാക്കേണ്ട ചുമതല ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
ReplyDelete