Sunday, November 27, 2011

വ്യാപാരികള്‍ക്ക് ജീവിക്കേണ്ടേ?

ലോകത്തെ ഏറ്റവും വലിയ വ്യവസായം ചില്ലറ വ്യാപാരമാണ്. അതാകട്ടെ, ഏതാനും ചില വന്‍കിട കോര്‍പറേറ്റുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച് കമ്പനിയായ കാരിഫര്‍ , ജര്‍മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികളുടെ ലാഭക്കൊതിയന്‍ വായിലേക്ക് ഇന്ത്യയുടെ ചില്ലറ വ്യാപാരമേഖലയെ വച്ചുകൊടുക്കാന്‍ മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ടാണ്, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും സിംഗിള്‍ബ്രാന്‍ഡ് ചില്ലറവിപണിയില്‍ നിലവില്‍ 51 ശതമാനമുള്ള എഫ്ഡിഐ (പ്രത്യക്ഷ വിദേശനിക്ഷേപം) നൂറുശതമാനമായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകള്‍ കടന്നുവരുമ്പോള്‍ കുറെ കച്ചവടക്കാരുടെ ജീവിതംമാത്രമല്ല വഴിമുട്ടുക. വൈദേശിക അധിനിവേശത്തിന്റെ വിശാലമായ വാതിലാണ് തുറക്കപ്പെടുന്നത്.

രാജ്യത്ത് കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങളുടെ ജീവിതമാര്‍ഗം ചില്ലറക്കച്ചവടമാണ്. ലോകത്ത് ഏറ്റവുമധികം ചില്ലറ വ്യാപാരികളുള്ള രാജ്യമാണ് ഇന്ത്യ. നാല് കോടിയോളം ചെറുകിട വ്യാപാരികളുടെയും അവരെ ആശ്രയിക്കുന്ന 20 കോടി ജനങ്ങളുടെയും ജീവനോപാധിയാണ് തകരാന്‍പോകുന്നത്. അതിനൊപ്പം, കാര്‍ഷികമേഖലയിലും ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക. പാട്ടകൃഷി നടത്തി; ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ശേഖരിച്ച്; സ്വയം വില നിശ്ചയിച്ച്; സ്വന്തം രീതിയില്‍ വില്‍ക്കുന്നതാണ് കച്ചവടഭീമന്‍മാരുടെ രീതി. അവിടെ സാധാരണ കര്‍ഷകര്‍ക്ക് സ്ഥാനമില്ല. രാജ്യത്തെ ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തിന്റെയോ തൊഴിലില്ലായ്മയുടെയോ കാര്‍ഷിക പ്രതിസന്ധിയുടെയോ അഴിമതിയുടെയോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല പുതിയ തീരുമാനം. മറിച്ച്, ഏറെ നാളായി ബഹുരാഷ്ട്ര കോര്‍പറേഷനുകളും അവരോടൊപ്പംചേര്‍ന്ന് രാജ്യത്തിനകത്തെ വമ്പന്‍ ചില്ലറ വ്യാപാരക്കമ്പനികളും നടത്തുന്ന സമ്മര്‍ദത്തിന് ലജ്ജയില്ലാതെ യുപിഎ നേതൃത്വം വഴങ്ങിയതിന്റെ ഫലമാണ്. ആഗോള മുതലാളിത്ത വ്യവസ്ഥ നേരിടുന്ന അഗാധമായ പ്രതിസന്ധിയില്‍നിന്ന് ചില്ലറ വ്യാപാര കുത്തകകളെ കരകയറ്റാനുള്ള യുപിഎ സര്‍ക്കാരിന്റെ ശേവുകപ്പണിയാണ് നടപ്പാകുന്നത്. ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ഇന്ന് ചെറുകിട കച്ചവടക്കാരാണ് കൈകാര്യംചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും വന്‍ ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും ഈയടുത്ത കാലത്ത് കടന്നുവന്നവയാണ്. മുപ്പത്-നാല്‍പ്പത് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ പച്ചക്കറിയും പഴവും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തിന്റെ മഹാഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത്. ഈയിടെ നടന്ന ഒരു സര്‍വേയില്‍ വെളിപ്പെട്ടത്, ചില്ലറ വ്യാപാരം വൈദേശിക കുത്തകകളുടെ കൈയില്‍ അകപ്പെട്ടാല്‍ , ഇവരില്‍ പതിനാല് ശതമാനത്തിനുമാത്രമേ പിടിച്ചുനില്‍ക്കാനാകൂ എന്നാണ്. പതിനഞ്ചുകൊല്ലം മുമ്പ് ഒന്‍പത് മാളുകളുമായി തുടങ്ങിയ വാള്‍മാര്‍ട്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ കച്ചവട ചക്രവര്‍ത്തിയായി മാറിയതിന്റെയും അങ്ങനെ വളര്‍ച്ചയുണ്ടായ രാജ്യങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ കുത്തുപാളയെടുത്തതിന്റെയും അനുഭവങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്.

പോര്‍ട്ടോറിക്കയില്‍ 1993ലാണ് വാള്‍മാര്‍ട്ട് കടന്നുചെന്നത്. അവിടെയുണ്ടായിരുന്ന 130 ചില്ലറ വില്‍പ്പനസ്ഥാപനങ്ങള്‍ ഏതാനും വര്‍ഷംകൊണ്ട് പാപ്പരീകരിക്കപ്പെട്ടു. ഗത്യന്തരമില്ലാതെ ആ ദ്വീപിലെ ആറ് ചെറുകിട വ്യാപാര ഗ്രൂപ്പുകള്‍ സംഘടിച്ച് തൊഴിലാളി സംഘടനകളുമായി സഹകരിച്ച് വാള്‍മാര്‍ട്ടിന്റെ വ്യാപനം തടയാന്‍ രംഗത്തിറങ്ങേണ്ടിവന്നു. ആദ്യഘട്ടത്തില്‍ ആഘോഷപൂര്‍വം വാള്‍മാര്‍ട്ടിനെ സ്വീകരിച്ച തായ്ലന്‍ഡ് ഇപ്പോള്‍ തൊഴില്‍രഹിതരായ 60,000 പേരെയും ചെറുകിട വ്യാപാരികളെയും സഹായിക്കാന്‍ പ്രത്യേക നടപടികള്‍ക്കും ഫണ്ടിനും രൂപം നല്‍കിയിരിക്കുന്നു. നഗരകേന്ദ്രത്തില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാറിയേ ഇപ്പോള്‍ വിദേശവ്യാപാര മാളുകള്‍ക്ക് അനുമതിയുള്ളൂ. അമേരിക്കയില്‍ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. വാള്‍മാര്‍ട്ട് ഒരു ശാഖ തുടങ്ങുമ്പോള്‍ ആ പ്രദേശത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ തകരുന്നു. മുന്നൂറോളം സ്ഥലങ്ങളില്‍ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച് വാള്‍മാര്‍ട്ടിനെ ചെറുക്കുകയാണ്. ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലുമുള്‍പ്പെടെ ചെറുകിട കച്ചവടക്കാരും തൊഴിലാളി സംഘടനകളും യോജിച്ച് വാള്‍മാര്‍ട്ട് വരുന്നതിനെ ചെറുക്കുന്നു. ഫ്രാന്‍സില്‍ മുന്നൂറ് ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ അനുവദിക്കുന്നത് നിയമംമൂലം നിരോധിച്ചു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഫലമായി കാരിഫര്‍ ഗ്രൂപ്പ് രാജ്യം വിടാന്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്താകെ ഇതാണ് സ്ഥിതിയെന്നിരിക്കെയാണ് ഇന്ത്യ ദ്രോഹ തീരുമാനത്തിന് മുതിര്‍ന്നത്. യുപിഎ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുമെന്ന് കണക്കുകൂട്ടി ഇന്ത്യയിലെ വന്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ വിദേശകമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍ . നവ ഉദാരവല്‍ക്കരണ അജന്‍ഡയുടെ ഭാഗമായി ഭക്ഷ്യ സമ്പദ്വ്യവസ്ഥയും വിതരണശൃംഖലയും കോര്‍പറേറ്റുകള്‍ക്കും വിദേശവ്യാപാരികള്‍ക്കും കൈമാറുകയാണ് യുപിഎ സര്‍ക്കാര്‍ .

കര്‍ഷകര്‍ കടംകയറി ജീവനൊടുക്കേണ്ടിവരുന്നതിന് സമാനമായ സ്ഥിതിയിലേക്ക് ചെറുകിട വ്യാപാരികളെയും തള്ളിവീഴ്ത്തുകയാണ്. ഇതിനെതിരായ ശക്തമായ പ്രതികരണമാണ് വ്യാപാരിസമൂഹത്തില്‍നിന്നുയര്‍ന്നിട്ടുള്ളത്്. ഭിന്നതകള്‍ മറന്ന് യോജിച്ച സമരത്തിനിറങ്ങാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ടികളും സമരത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ . ആ പാര്‍ടിയോടൊപ്പം ഭരണം പങ്കിടുന്ന മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമടക്കമുള്ള യുഡിഎഫ് കക്ഷികള്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വ്യാപാരികളെ കൊലയ്ക്കു കൊടുക്കുംവിധമുള്ള കൊടുംവഞ്ചനയ്ക്ക് ഇവരെല്ലാം ഉത്തരം പറഞ്ഞേതീരൂ. ഈ കുറ്റവാളികളെ വിചാരണചെയ്യുന്നതാകും വരുംനാളുകളില്‍ നാട്ടിലാകെ ഉയര്‍ന്നുപടരുന്ന പ്രക്ഷോഭം. യുഡിഎഫിനു പിന്നില്‍ ഇന്നലെവരെ അണിചേര്‍ന്ന വ്യാപാരികളുള്‍പ്പെടെ ഈ സമരത്തിലെത്തുകയാണ്. നാടിനെയാകെ ബാധിക്കുന്ന വിഷയമായി ഇതിനെ കണ്ട് ജനങ്ങള്‍ ഹൃദയംതുറന്ന പിന്തുണ വ്യാപാരികളുടെ സമരത്തിന് നല്‍കേണ്ടതുണ്ട്.

deshabhimani editorial 281111

1 comment:

  1. ലോകത്തെ ഏറ്റവും വലിയ വ്യവസായം ചില്ലറ വ്യാപാരമാണ്. അതാകട്ടെ, ഏതാനും ചില വന്‍കിട കോര്‍പറേറ്റുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച് കമ്പനിയായ കാരിഫര്‍ , ജര്‍മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികളുടെ ലാഭക്കൊതിയന്‍ വായിലേക്ക് ഇന്ത്യയുടെ ചില്ലറ വ്യാപാരമേഖലയെ വച്ചുകൊടുക്കാന്‍ മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ടാണ്, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും സിംഗിള്‍ബ്രാന്‍ഡ് ചില്ലറവിപണിയില്‍ നിലവില്‍ 51 ശതമാനമുള്ള എഫ്ഡിഐ (പ്രത്യക്ഷ വിദേശനിക്ഷേപം) നൂറുശതമാനമായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകള്‍ കടന്നുവരുമ്പോള്‍ കുറെ കച്ചവടക്കാരുടെ ജീവിതംമാത്രമല്ല വഴിമുട്ടുക. വൈദേശിക അധിനിവേശത്തിന്റെ വിശാലമായ വാതിലാണ് തുറക്കപ്പെടുന്നത്.

    ReplyDelete