Monday, November 28, 2011

എം എഫ് ഹുസൈന് വീണ്ടും വിലക്ക്

പനാജി: സംഘപരിവാര്‍ പ്രതിഷേധത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ചലച്ചിത്രത്തിന് ഗോവ രാജ്യാന്തരമേളയില്‍ വീണ്ടും വിലക്ക്. ഹുസൈന് ആദരമര്‍പ്പിക്കാന്‍ പകല്‍ 12.30ന് പ്രദര്‍ശിപ്പിക്കാനിരുന്ന ത്രൂ ദ ഐയ്സ് ഓഫ് എ പെയിന്റര്‍ എന്ന ഹുസൈന്റെ വിഖ്യാത ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് റദ്ദാക്കിയത്. 2009ലും സംഘപരിവാര്‍ പ്രതിഷേധത്തെതുടര്‍ന്ന് ഹുസൈനെ മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഹുസൈന്‍ ചലച്ചിത്രത്തിനെതിരെ പനാജിയിലെ ഹിന്ദു ജനജാഗൃതിസമിതി എന്ന സംഘടനയാണ് രംഗത്തിറങ്ങിയത്. ഹിന്ദുദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഹുസൈന്റെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമിതി നേതാവ് ഗോവിന്ദ് ഛോഡാങ്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിനിമ പിന്‍വലിച്ചത്.

അതേസമയം, അടുത്ത ജനുവരിയില്‍ നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമാണ് സംഭവത്തിനുപിന്നില്‍ . ഹിന്ദുവോട്ട് ലക്ഷ്യംവച്ച് ഗോവയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസും മൃദുഹിന്ദുത്വം പയറ്റുകയാണെന്നാണ് ആരോപണം. മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് മുഴുവന്‍സമയവും സംഘാടകനായി മേളയിലുണ്ട്. സിനിമയ്ക്കെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രദര്‍ശിപ്പിച്ചാല്‍ കോടതിയക്ഷ്യമാകുമോയെന്ന സംശയമുള്ളതിനാലാണ് പ്രദര്‍ശനം മാറ്റിയതെന്നും മേള ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു. രാജസ്ഥാനിലെ തനതുകലകളെ ചിത്രകലയും സംഗീതവുമായി സംയോജിപ്പിച്ച് തിരശീലയിലെത്തിച്ച ത്രൂ ദ ഐയ്സ് ഓഫ് എ പെയിന്റര്‍ 1967ല്‍ ബെര്‍ലിന്‍ മേളയില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തിരുന്നു.

ഓപ്പണ്‍ ഫോറത്തില്‍ ബ്രസീലിയന്‍ സംവിധായകന്‍ കുഴഞ്ഞുവീണുമരിച്ചു

പനാജി: ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് ബ്രസീലിയന്‍ സംവിധായകന്‍ ഓസ്കാര്‍ മാരണ്‍ ഫിലോ (56) അന്തരിച്ചു. ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെലെ, ബൈ ബൈ റൊമാരിയോ എന്നീ ഡോക്യുമെന്ററികളുടെ സംവിധായകനാണ് ഫിലോ. സോക്കര്‍ സിനിമയെപ്പറ്റിയുള്ള ഓപ്പണ്‍ഫോറം ചര്‍ച്ചയില്‍ പകല്‍ രണ്ടരയ്ക്ക് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബ്രസീലിലെ പ്രമുഖ ഫുട്ബോള്‍ ഡോക്യുമെന്ററി സംവിധായകനാണ്. ഇദ്ദേഹത്തിന്റെ മരിയോഫിലോ- ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ് എന്ന ഡോക്യുമെന്ററി ഗോവയില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.

ത്രസിപ്പിച്ച് അബുവും ട്രാഫിക്കും

പനാജി: മലയാളം നിറഞ്ഞ ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാംദിനം ആദാമിന്റെ മകന്‍ അബുവിനും ട്രാഫിക്കിനും പനോരമാ വിഭാഗത്തില്‍ നിറഞ്ഞ കൈയടി. തിങ്ങിനിറഞ്ഞ സദസ്സിലാണ് ഇരുസിനിമയും പ്രദര്‍ശിപ്പിച്ചത്. ഓസ്കര്‍വരെ നീളുന്ന അത്ഭുതങ്ങള്‍ തുടരുന്ന അബു അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. സാര്‍വലൗകികവിഷയം എന്ന നിലയ്ക്കും പരിസ്ഥിതിയുടെ ദര്‍ശനം പങ്കുവയ്ക്കുന്നതിനാലും അബുവിന് കാലികപ്രസക്തി ഏറെയുണ്ടെന്ന് സിനിമ കണ്ടിറങ്ങിയ വിദേശികളടക്കമുള്ള പ്രതിനിധികള്‍ പറഞ്ഞു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ട്രാഫിക്കിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സംവിധായകന്‍ രാജേഷ്പിള്ള നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും പ്രദര്‍ശനത്തിനെത്തി. ലോകസിനിമാ വിഭാഗത്തില്‍ ഏഴും പനോരമയില്‍ എട്ടും ഞായറാഴ്ച പ്രദര്‍ശിപ്പിച്ചു. ടാഗോറിന് ആദരമര്‍പ്പിച്ച് സത്യജിത് റായിയുടെ ചാരുലത, റിട്രോസ്പെക്ടീവില്‍ ഫിലിപ് നോയ്സിന്റെ ക്വിറ്റ് അമേരിക്ക എന്നിവ ശ്രദ്ധേയമായി. ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ പ്രഭാഷണവും നടന്നു. ഹ്രസ്വചലച്ചിത്ര വിഭാഗത്തില്‍ വി കെ സുഭാഷിന്റെ ഛായ പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച പനോരമയില്‍ ചാപ്പാ കുരിശ്, ഹ്രസ്വചലച്ചിത്രം മത്സരത്തില്‍ കെ ആര്‍ മനോജിന്റെ പെസ്റ്ററിങ് ജേണി എന്നിവ പ്രദര്‍ശിപ്പിക്കും.

deshabhimani 281111

1 comment:

  1. സംഘപരിവാര്‍ പ്രതിഷേധത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ചലച്ചിത്രത്തിന് ഗോവ രാജ്യാന്തരമേളയില്‍ വീണ്ടും വിലക്ക്. ഹുസൈന് ആദരമര്‍പ്പിക്കാന്‍ പകല്‍ 12.30ന് പ്രദര്‍ശിപ്പിക്കാനിരുന്ന ത്രൂ ദ ഐയ്സ് ഓഫ് എ പെയിന്റര്‍ എന്ന ഹുസൈന്റെ വിഖ്യാത ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് റദ്ദാക്കിയത്.

    ReplyDelete