മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന 2008ലെ പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട് ഒളിച്ചുവച്ച് തമിഴ്നാട് രാഷ്ട്രീയം കളിക്കുന്നു. 2008 ഡിസംബര്‍ ഒന്നിനാണ് ജലവിഭവം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റായിപതി സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയുടെ ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് അതിശയിപ്പിച്ചെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാംബശിവറാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അണക്കെട്ട് സുരക്ഷിതമല്ലെന്ന് റൂര്‍ക്കി, ഡല്‍ഹി ഐഐടികള്‍ നേരത്തെ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചശേഷം കേന്ദ്ര ജലകമീഷനുമായി ചര്‍ച്ച ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ലമെന്ററി ഉപസമിതി രൂപീകരിച്ചത്. ഒന്‍പത് അംഗ സമിതിയില്‍ കെ ഇ ഇസ്മയില്‍ , പി ജെ കുര്യന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. അണക്കെട്ട് ദുര്‍ബലമാണെന്നും ഇത്രയും പഴക്കമുള്ള അണക്കെട്ട് ലോകത്തില്‍ ഒരിടത്തും ഇല്ലെന്നും കേരളത്തെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ സമിതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ചര്‍ച്ചയെ തുടര്‍ന്ന് അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ സമിതി ചെയര്‍മാന്റെ അഭിപ്രായത്തിനെതിരെ തമിഴ്നാട് മന്ത്രി ദുരൈമുരുകന്‍ രംഗത്ത് വന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ വിദഗ്ധരല്ലെന്നും രാഷ്ട്രീയ തട്ടിപ്പുകാരാണെന്നുമായിരുന്നു പരാമര്‍ശം.
(കെ എ അബ്ദുള്‍റസാഖ്)
deshabhimani 291111
No comments:
Post a Comment