Friday, November 25, 2011

വിലക്കയറ്റ പ്രശ്നത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി

വിലക്കയറ്റ പ്രശ്നത്തില്‍ പാര്‍ലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു. ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന വിലക്കയറ്റത്തിനു നേരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കൂടുതല്‍ പാര്‍ടികള്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ -ബിജെപി ഒത്തുകളിയും വ്യാഴാഴ്ച പുറത്തുവന്നു. തെലങ്കാന, ഒറീസയോടുള്ള അവഗണന തുടങ്ങി പ്രശ്നങ്ങളുയര്‍ത്തിയും വിവിധ പാര്‍ടികള്‍ നടുത്തളത്തിലിറങ്ങി. വിലക്കയറ്റ പ്രശ്നത്തിന്മേല്‍ വോട്ടെടുപ്പോടെ ചര്‍ച്ചയില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. കള്ളപ്പണപ്രശ്നത്തില്‍ ബിജെപിയുടെ അടിയന്തര പ്രമേയം തിങ്കളാഴ്ച ചര്‍ച്ചചെയ്യും.

കഴിഞ്ഞ രണ്ടു ദിവസവും വിലക്കയറ്റപ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട ബിജെപി വ്യാഴാഴ്ച സഭയില്‍ നിശബ്ദമായി. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ഇടതുപക്ഷവും ബിഎസ്പി, ആര്‍ജെഡി അംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ ബിജെപിക്കാര്‍ സീറ്റില്‍തന്നെയിരുന്നു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് ബിജെപി സമ്മര്‍ദം ചെലുത്തില്ലെന്ന് സര്‍ക്കാരുമായി ധാരണയില്‍ എത്തിയിരുന്നു. ബുധനാഴ്ച സഭ പിരിഞ്ഞശേഷം കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ രഹസ്യമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രശ്നത്തിന്മേലുള്ള ചര്‍ച്ചയില്‍നിന്ന് ബിജെപി പിന്മാറിയത്. വിലക്കയറ്റത്തിന്മേല്‍ വോട്ടെടുപ്പോടെ ചര്‍ച്ചചെയ്താല്‍ മുമ്പ് യുപിഎയെ സഹായിച്ച ചെറുകക്ഷികള്‍ സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന ഭയമാണ് കോണ്‍ഗ്രസ്-ബിജെപി ഒത്തുകളിക്ക് കാരണം.

സര്‍ക്കാര്‍ -ബിജെപി ഒത്തുകളിയില്‍ ഇടതുപക്ഷപാര്‍ടികള്‍ ശക്തമായി പ്രതിഷേധിച്ചു. ലോക്സഭയില്‍ ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍തന്നെ ബഹളം തുടങ്ങി. ബിഎസ്പി, ആര്‍ജെഡി അംഗങ്ങള്‍ വിലക്കയറ്റ പ്രശ്നം ഉയര്‍ത്തിയും ടിആര്‍എസ് അംഗങ്ങള്‍ തെലങ്കാന പ്രശ്നം ഉയര്‍ത്തിയും നടുത്തളത്തിലിറങ്ങി. തെലങ്കാന പ്രദേശത്തെ കോണ്‍ഗ്രസ് എംപിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ടിആര്‍എസ് നേതാക്കളായ ചന്ദ്രശേഖരറാവു, വിജയശാന്തി എന്നിവര്‍ സ്പീക്കറുടെ ചേംബറിനു താഴെ നടുത്തളത്തില്‍ കുത്തിയിരുന്നു. ചോദ്യങ്ങളുന്നയിക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം മൂലം കഴിഞ്ഞില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. രാജ്യസഭ ചേര്‍ന്നപ്പോള്‍തന്നെ ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇടതുപാര്‍ടികളും ബിജെപി അംഗങ്ങളും ബഹളംവച്ചതോടെ ചെയറിലുണ്ടായിരുന്ന ഹമീദ് അന്‍സാരി 12 വരെ നിര്‍ത്തിവച്ചു. ഇരുസഭയും വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നു. രണ്ടു മണിക്ക് വീണ്ടും ചേരുമെന്നും വിലക്കയറ്റപ്രശ്നത്തില്‍ ചട്ടം 193 പ്രകാരം വോട്ടെടുപ്പില്ലാതെ ചര്‍ച്ച നടത്തുമെന്നും സ്പീക്കര്‍ അറിയിച്ചു.
(ദിനേശ്വര്‍മ)

ഉദാരവല്‍ക്കരണത്തിന് ബിജെപി ഒത്താശ: യെച്ചൂരി

പാര്‍ലമെന്റില്‍ വിലക്കയറ്റപ്രശ്നത്തിലടക്കം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളി കുറച്ചുകാലമായി തുടരുകയാണെന്ന് സിപിഐ എം കക്ഷിനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ വിലക്കയറ്റ ചര്‍ച്ചാവേളയില്‍ സ്പീക്കര്‍ കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് രൂപംനല്‍കിയതായിരുന്നു. ഇടതുപക്ഷവുമായി ചര്‍ച്ച ചെയ്തില്ല. വര്‍ഷകാലസമ്മേളനത്തില്‍ വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങാന്‍ ബിജെപിയെ തെരഞ്ഞെടുത്തതും ഈ ഒത്തുകളിയുടെ ഭാഗമായിരുന്നു. ഇതിനാലാണ് പല ഭേദഗതികളും അവതരിപ്പിച്ച് വോട്ടിനിടാന്‍ ഇടതുപക്ഷം അന്ന് നിര്‍ബന്ധിച്ചത്.

കള്ളപ്പണത്തെക്കുറിച്ചുള്ള ബിജെപിയുടെ അടിയന്തരപ്രമേയം തീര്‍ത്തും ദുര്‍ബലമാണ്. അഴിമതിയുടെ സൃഷ്ടിയാണ് കള്ളപ്പണം.എന്നാല്‍ , അഴിമതിയെകുറിച്ച് പരാമര്‍ശമില്ലാത്ത അടിയന്തരപ്രമേയമാണ് ബിജെപിയുടേത്. യുപിഎ സര്‍ക്കാര്‍ നവഉദാര പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ശീതകാലസമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ കൊണ്ടുവരികയാണ്. പെന്‍ഷന്‍ ഫണ്ട്, ഇന്‍ഷുറന്‍സ് ബില്‍ തുടങ്ങിയവ ഉദാഹരണം. ഇതില്‍ ബിജെപിയുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടിയാണ് ഇടതുപക്ഷത്തിന്റെ വിലക്കയറ്റപ്രമേയത്തിനുപകരം ബിജെപിയുടെ കള്ളപ്പണപ്രമേയം അനുവദിച്ചതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

deshabhimani 251111

1 comment:

  1. വിലക്കയറ്റ പ്രശ്നത്തില്‍ പാര്‍ലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു. ജനങ്ങളുടെ ജീവിതം ദുരിതമയമാക്കുന്ന വിലക്കയറ്റത്തിനു നേരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കൂടുതല്‍ പാര്‍ടികള്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ -ബിജെപി ഒത്തുകളിയും വ്യാഴാഴ്ച പുറത്തുവന്നു. തെലങ്കാന, ഒറീസയോടുള്ള അവഗണന തുടങ്ങി പ്രശ്നങ്ങളുയര്‍ത്തിയും വിവിധ പാര്‍ടികള്‍ നടുത്തളത്തിലിറങ്ങി. വിലക്കയറ്റ പ്രശ്നത്തിന്മേല്‍ വോട്ടെടുപ്പോടെ ചര്‍ച്ചയില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. കള്ളപ്പണപ്രശ്നത്തില്‍ ബിജെപിയുടെ അടിയന്തര പ്രമേയം തിങ്കളാഴ്ച ചര്‍ച്ചചെയ്യും.

    ReplyDelete