Wednesday, November 23, 2011

കേന്ദ്രത്തിന്റേത് ഉറപ്പല്ല, ഉഴപ്പ്

പതിനൊന്ന് മന്ത്രിമാരും ഡസന്‍കണക്കിന് ഉദ്യോഗസ്ഥപ്രമുഖരുമായി ഡല്‍ഹിക്കുപോയ മുഖ്യമന്ത്രി ഇത്രയേറെപ്പേരുടെ യാത്രച്ചെലവിനു തുല്യമായ സഹായംപോലും കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കാനാകാതെയാണ് കേരളത്തിലേക്കു മടങ്ങിയത്. കിട്ടിയത് പണമോ എന്തിനെങ്കിലുമുള്ള അനുവാദമോ അല്ല, മറിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പ്. ഇതിനെ ഉറപ്പ് എന്നല്ല, ഉഴപ്പ് എന്നാണ് പറയേണ്ടത്. ഇതാണ് സത്യമെന്നിരിക്കെ എല്ലാം കേന്ദ്രം അംഗീകരിച്ചു എന്ന പ്രതീതി ജനിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിന് ഒരു രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. അത് പിറവം ഉപതെരഞ്ഞെടുപ്പാണ്. തങ്ങള്‍ മഹാകാര്യങ്ങള്‍ ചെയ്യാന്‍വേണ്ടിയുള്ള നെട്ടോട്ടത്തിലാണെന്നും അതിനെല്ലാം പച്ചക്കൊടി കാണിക്കാനുള്ള വ്യഗ്രതയാണ് കേന്ദ്രം കാട്ടുന്നത് എന്നും കേരളീയരെ തെറ്റിദ്ധരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം. കേന്ദ്രത്തിന്റെ ധാരാളം ഉറപ്പുകള്‍ പല ആവര്‍ത്തി കിട്ടിയിട്ടുള്ളതാണ് കേരളത്തിന്. പാലക്കാട്ടെ കോച്ചുഫാക്ടറി എന്നതുമുതല്‍ കുട്ടനാടിന്റെ രക്ഷയ്ക്കായുള്ള പതിനായിരം കോടിയുടെ പാക്കേജ് എന്നതുവരെയായി എത്രയോ ഉറപ്പുകള്‍ .

പാലക്കാട്ടെ നിര്‍ദിഷ്ട കോച്ചുഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയില്‍ സ്ഥാപിക്കപ്പെട്ടു. അവിടെനിന്നിറങ്ങുന്ന കോച്ചുകള്‍ പാളങ്ങളിലെത്തി! കുട്ടനാടിന് പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ച പാക്കേജിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതായപ്പോള്‍ , ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരു പാക്കേജ് നിര്‍ദേശിക്കപ്പെട്ടു. അതാകട്ടെ പത്തിലൊന്നായി വെട്ടിച്ചുരുക്കി. വെട്ടിച്ചുരുക്കിയ പാക്കേജാകട്ടെ ഇപ്പോഴും പരിഗണനയില്‍! പരിഗണന തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന് ഇപ്പോഴിതാ വീണ്ടും ഉറപ്പ്. വിദര്‍ഭയിലും മറ്റും കര്‍ഷക ആത്മഹത്യയുണ്ടായപ്പോള്‍ അപര്യാപ്തമായ നിലയിലാണെങ്കിലും നിവേദനംപോലുമില്ലാതെ ആശ്വാസത്തുക സംസ്ഥാനത്തെത്തിയിരുന്നു. ഇവിടെ മൂന്നാഴ്ചയ്ക്കുള്ളില്‍ പതിമൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഒരു നയാപൈസ കേന്ദ്രം പ്രഖ്യാപിച്ചില്ല. പരിവാരസമേതം ഡല്‍ഹിക്കുപോയ മുഖ്യമന്ത്രിയാകട്ടെ വെറുംകൈയോടെ മടങ്ങിവന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നത്, കര്‍ഷക ആത്മഹത്യ മുന്‍നിര്‍ത്തി പ്രത്യേക സഹായം പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ്. കേന്ദ്രം മുഖ്യമന്ത്രിയോട് പറഞ്ഞത് ദേശീയ കൃഷിവികാസ് യോജനയില്‍നിന്നുള്ള സഹായം എടുത്തുകൊള്ളാന്‍ മാത്രമാണ്. ഈ ഫണ്ട് എടുക്കുന്നതിന് ആരുടെയും ഓശാരം ആവശ്യമില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതമാണത്. കൃഷിവികസനത്തിനായി ഏതു സാഹചര്യത്തിലാണെങ്കിലും സംസ്ഥാനത്തിന് നല്‍കാന്‍ ബാധ്യസ്ഥമായ വിഹിതമാണത്. ആ വിഹിതം എടുത്തുകൊള്ളാന്‍ കേന്ദ്രം പറയേണ്ട കാര്യമില്ല. അത് പ്രത്യേക സഹായവുമല്ല. മറ്റുചില സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹ്യയുണ്ടായപ്പോള്‍ അവരോട് കേന്ദ്രം പറഞ്ഞത് ദേശീയ കൃഷിവികാസ് യോജനയില്‍നിന്നുള്ള പണം ഉപയോഗിക്കാനല്ല. ആ പണം കൃഷിവികസനത്തിനായിത്തന്നെ ഉപയോഗിച്ചുകൊള്ളണമെന്ന് നിഷ്കര്‍ഷിച്ചുകൊണ്ട് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കലാണ് അന്നുണ്ടായത്. കേരളത്തിന്റെ കാര്യത്തില്‍ ചിത്രം മറ്റൊന്നാണ്. ഇത് ഇരട്ടത്താപ്പാണ്; നീതീകരണമില്ലാത്തതാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയണമെന്ന ആവശ്യവുമായി ചെന്ന മുഖ്യമന്ത്രിയോട് കേന്ദ്രം പറഞ്ഞത് അതിനുള്ള പണം സംസ്ഥാനം കണ്ടെത്തിക്കൊള്ളണമെന്നാണ്. അണക്കെട്ട് അപകടാവസ്ഥയിലാണെന്നും അത് പുതുക്കിപ്പണിയേണ്ടതുണ്ടെന്നും കാണിച്ച് നിവേദനം നല്‍കാന്‍കൂടിപ്പറഞ്ഞു കേരള മുഖ്യമന്ത്രിയോട് കേന്ദ്രം. മുഖ്യമന്ത്രിയാകട്ടെ, നിസ്സഹായനായി കേട്ടപാതി കേള്‍ക്കാത്തപാതി സ്ഥലംവിട്ടു. സംസ്ഥാനത്തെ ജനസമൂഹത്തിന്റെ വിനാശകരമായ അവസ്ഥയ്ക്ക് വഴിവയ്ക്കുന്നവിധം ഒരു അണക്കെട്ട് പൊട്ടാറായി നില്‍ക്കുമ്പോള്‍ , ആ ജനതയെ സംരക്ഷിക്കാന്‍ കേന്ദ്രത്തിന് ഒരു ഉത്തരവാദിത്തവുമില്ലേ? ചുവപ്പുനാടയ്ക്കുള്ളിലിടാന്‍വേണ്ടി ഒരു നിവേദനം തരൂ എന്നാണോ കേന്ദ്രം പറയേണ്ടത്? ഈ ചോദ്യങ്ങളൊന്നും മുഖ്യമന്ത്രി ചോദിച്ചില്ല. അതുംപോകട്ടെ, അണക്കെട്ടിന്റെ അപകടസ്ഥിതി വിവരിക്കുന്ന റിപ്പോര്‍ട്ട് കേരളം നേരത്തേതന്നെ കൊടുത്തിട്ടുണ്ട്. അണക്കെട്ട് പുനര്‍നിര്‍മാണത്തിനുള്ള ഫീസിബിലിറ്റി റിപ്പോര്‍ട്ടും കൊടുത്തിട്ടുണ്ട്. ഇത് മുന്‍ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയുടെ ഫയലിന്റെ ചുവപ്പുനാടയ്ക്കുള്ളില്‍ വിശ്രമിക്കുന്നുണ്ട്. അതെടുത്തു വായിച്ച് ഗൗരവസ്ഥിതി ബോധ്യപ്പെടണമെന്ന് കേന്ദ്രത്തോട് തിരിച്ചുപറയാന്‍ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ കെല്‍പ്പുണ്ടായില്ല. അദ്ദേഹം ഇനി തിരുവനന്തപുരത്ത് തിരിച്ചുവന്ന് നിവേദനം എഴുതാന്‍ പോവുകയാണ്! ഇതാണ് കേന്ദ്രസമീപനമെങ്കില്‍ അതും മറ്റൊരു ഫയലിന്റെ ചുവപ്പുനാടയ്ക്കുള്ളില്‍ കുടുങ്ങും.

കേരളജനതയെക്കുറിച്ച് ഒരുവിധ കരുതലുമില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അവര്‍ക്ക് രാഷ്ട്രീയദൗത്യം വഹിക്കുന്ന കേരളത്തിലെ ഭരണക്കാര്‍ കേരളത്തിന്റെ ഭാവി അപകടത്തിലാക്കും എന്നുമാണ് ഈ ദൗത്യസംഘത്തിന്റെ "പ്രകടനം" തെളിയിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല എന്നതാണ് സത്യം. കുട്ടനാട് പാക്കേജ്, കൊച്ചി മെട്രോ, ആലപ്പുഴ മെഗാ ബാക്ക്വാട്ടര്‍ ടൂറിസ്റ്റ് സര്‍ക്യൂട്ട്, കോട്ടയത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി കോളേജ് ഓഫ് എന്‍ജിനിയറിങ് എന്നിങ്ങനെ ഓരോ ആവശ്യവും "പരിഗണിക്കാം" എന്ന വാക്കുകൊണ്ട് മടക്കുകയാണ് കേന്ദ്രം ചെയ്തത്. ഇനി ഇതെങ്ങാനും പരിഗണിക്കുകയാണെങ്കില്‍ത്തന്നെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായേ പരിഗണിക്കൂ. പദ്ധതിരേഖയില്‍ പേര് പരാമര്‍ശിച്ച് നൂറുരൂപ വകയിരുത്തിയാല്‍ പരിഗണനയായി! ടോക്കണ്‍ അലോക്കേഷന്‍ എന്നുപറയും ഇതിന്. ഇതിന്റെ യഥാര്‍ഥ അര്‍ഥം പദ്ധതി ഈ നൂറ്റാണ്ടില്‍ നടപ്പാകാന്‍പോകുന്നില്ല എന്നാണ്. ഇത് മനസ്സിലാക്കാനുള്ള രാഷ്ട്രീയവിവേകമില്ലാത്തവരാണോ കേരളത്തിലെ ഭരണക്കാര്‍ ? അതോ, കേന്ദ്രം പരിഗണിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി പിറവം ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭമുണ്ടാക്കാമെന്നുള്ള ഗൂഢതാല്‍പ്പര്യമുള്ളവരാണോ അവര്‍ ?

രണ്ടാമത്തേതാകാനാണ് വഴി. ഇക്കാര്യം രാഷ്ട്രീയപ്രബുദ്ധതയുള്ള കേരളജനത മനസ്സിലാക്കേണ്ടതുണ്ട്. അടിയന്തരപ്രാധാന്യമുള്ളവയാണ് മുല്ലപ്പെരിയാര്‍ , എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസം, കര്‍ഷക ആത്മഹത്യ തടയല്‍ എന്നിവ. കേന്ദ്രം നല്‍കുന്ന ഉറപ്പുകൊണ്ടല്ല പണം കൊണ്ടാണിത് നടക്കേണ്ടത്. ഉറപ്പല്ലാതെ കേന്ദ്രം പണം തരുന്നില്ല എന്ന സത്യം കേരളജനതയോട് പറയാനുള്ള രാഷ്ട്രീയസത്യസന്ധതയും വിശ്വസ്തതയും കാട്ടുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ചെയ്യേണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ നട്ടെല്ല് നിവര്‍ത്തിനിന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവരെയാണ്, അല്ലാതെ അര്‍ഹതപ്പെട്ടതെല്ലാം ഭയന്നുവിറച്ച് ഓച്ഛാനിച്ചുനിന്ന് നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ ദാസ്യവൃത്തിക്കാരെയല്ല കേരളത്തിനുവേണ്ടത്. കേരളജനത പൊതുവിലും പിറവംകാര്‍ വിശേഷിച്ചും മനസ്സിലാക്കേണ്ട ഗൗരവതരമായ വിഷയമാണിത്.

deshabhimani editorial 241111

1 comment:

  1. പതിനൊന്ന് മന്ത്രിമാരും ഡസന്‍കണക്കിന് ഉദ്യോഗസ്ഥപ്രമുഖരുമായി ഡല്‍ഹിക്കുപോയ മുഖ്യമന്ത്രി ഇത്രയേറെപ്പേരുടെ യാത്രച്ചെലവിനു തുല്യമായ സഹായംപോലും കേന്ദ്രത്തില്‍നിന്ന് വാങ്ങിയെടുക്കാനാകാതെയാണ് കേരളത്തിലേക്കു മടങ്ങിയത്. കിട്ടിയത് പണമോ എന്തിനെങ്കിലുമുള്ള അനുവാദമോ അല്ല, മറിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പ്. ഇതിനെ ഉറപ്പ് എന്നല്ല, ഉഴപ്പ് എന്നാണ് പറയേണ്ടത്. ഇതാണ് സത്യമെന്നിരിക്കെ എല്ലാം കേന്ദ്രം അംഗീകരിച്ചു എന്ന പ്രതീതി ജനിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിന് ഒരു രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. അത് പിറവം ഉപതെരഞ്ഞെടുപ്പാണ്. തങ്ങള്‍ മഹാകാര്യങ്ങള്‍ ചെയ്യാന്‍വേണ്ടിയുള്ള നെട്ടോട്ടത്തിലാണെന്നും അതിനെല്ലാം പച്ചക്കൊടി കാണിക്കാനുള്ള വ്യഗ്രതയാണ് കേന്ദ്രം കാട്ടുന്നത് എന്നും കേരളീയരെ തെറ്റിദ്ധരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം. കേന്ദ്രത്തിന്റെ ധാരാളം ഉറപ്പുകള്‍ പല ആവര്‍ത്തി കിട്ടിയിട്ടുള്ളതാണ് കേരളത്തിന്. പാലക്കാട്ടെ കോച്ചുഫാക്ടറി എന്നതുമുതല്‍ കുട്ടനാടിന്റെ രക്ഷയ്ക്കായുള്ള പതിനായിരം കോടിയുടെ പാക്കേജ് എന്നതുവരെയായി എത്രയോ ഉറപ്പുകള്‍ .

    ReplyDelete