Friday, November 25, 2011

"വിപ്പു"ണ്ടായിട്ടും ഈരാറ്റുപേട്ട കുലുങ്ങിയില്ല; അധികൃതര്‍ നാണംകെട്ടു

ഈരാറ്റുപേട്ടയില്‍ ചെറിയൊരനക്കംപോലും ഉണ്ടായില്ല. പ്രവചനക്കാരന്റെ പ്രഖ്യാപനം കേട്ട് ഗവണ്‍മെന്റ് ചീഫ് വിപ്പ് നല്‍കിയ "വിപ്പി"ല്‍ ഈരാറ്റുപേട്ട സബ്ജില്ലയിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച അധികൃതര്‍ നാണംകെട്ടു. ബേപ്പൂര്‍ സ്വദേശിയായ ശിവനുണ്ണിയാണ് വ്യാഴാഴ്ച രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ടയില്‍ ഭൂമി കുലുങ്ങുമെന്ന് പ്രവചിച്ചത്. കേട്ടപാടെ ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജ് ഇതേറ്റുപിടിച്ചു. ജനങ്ങളോട് കരുതിയിരിക്കാന്‍ പത്രത്തിലൂടെ ആഹ്വാനവും നല്‍കി. കൂടാതെ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ ഫോണില്‍ ബന്ധപ്പെട്ട് വ്യാഴാഴ്ച സബ്ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഡിഡിഇ ജില്ലാ കലക്ടറെ ബന്ധപ്പെട്ട് ഉച്ചവരെ അവധിയും നല്‍കി.

ശാസ്ത്രീയമല്ലാത്ത പ്രവചനത്തിന്റെ പേരില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കിയ അധികൃതരും ഇതിന് പ്രേരിപ്പിച്ച ഗവണ്‍മെന്റ് ചീഫ്വിപ്പും വിഢികളായി. സ്കൂളുകള്‍ക്ക് അവധി നല്‍കിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുലിവാല്‍ പിടിച്ചിരിക്കയാണ്. ഉച്ചവരെയായിരുന്നു അവധി പ്രഖ്യാപനമെങ്കിലും അതിനു ശേഷവും സ്കൂളുകള്‍ തുറന്നില്ല. അകാരണമായി സ്കൂളുകള്‍ക്ക് അവധി നല്‍കിയ ഡിഡിഇക്കെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മുന്‍കരുതലിന് ആഹ്വാനം ചെയ്ത പി സി ജോര്‍ജ് വ്യാഴാഴ്ച രാവിലെ സ്ഥലത്തുണ്ടായിരുന്നില്ല. തലസ്ഥാനത്തായിരുന്നു ക്യാമ്പ്. പ്രവചനക്കാരന്‍ ശിവനുണ്ണിയും ഭൂമി കുലുങ്ങാതായതോടെ മുങ്ങി. ഇയാളുടെ മൊബൈല്‍ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ "പരിധിക്കുപുറത്താണെ"ന്നായിരുന്നു മറുപടി.

deshabhimani 251111

2 comments:

  1. ഈരാറ്റുപേട്ടയില്‍ ചെറിയൊരനക്കംപോലും ഉണ്ടായില്ല. പ്രവചനക്കാരന്റെ പ്രഖ്യാപനം കേട്ട് ഗവണ്‍മെന്റ് ചീഫ് വിപ്പ് നല്‍കിയ "വിപ്പി"ല്‍ ഈരാറ്റുപേട്ട സബ്ജില്ലയിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച അധികൃതര്‍ നാണംകെട്ടു. ബേപ്പൂര്‍ സ്വദേശിയായ ശിവനുണ്ണിയാണ് വ്യാഴാഴ്ച രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ടയില്‍ ഭൂമി കുലുങ്ങുമെന്ന് പ്രവചിച്ചത്. കേട്ടപാടെ ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജ് ഇതേറ്റുപിടിച്ചു.

    ReplyDelete
  2. പി സി ജോര്‍ജിന്റെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ക്ക് ഭാവിതലമുറയെ ഇരയാക്കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ടയില്‍ വ്യാഴാഴ്ച ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചയാളുടെ വാക്കുകേട്ട് മുന്‍കരുതലെടുക്കാന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് ആഹ്വാനം ചെയ്തതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനദിവസമാണ് നഷ്ടപ്പെട്ടത്. ചീഫ്വിപ്പിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഈരാറ്റുപേട്ട സബ്ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു.
    കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ശിവനുണ്ണിയാണ് വ്യാഴാഴ്ച രാവിലെ എട്ടിനും 11നുമിടയില്‍ ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ഭൂചലനമുണ്ടാകുമെന്ന് പ്രവചിച്ചത്. ഈ പ്രവചനം വിശ്വസിച്ച് ജോര്‍ജ് മുന്‍കരുതലിന് ആഹ്വാനം നല്‍കി. ഭൂചലനം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നോ മറ്റ് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ചോദിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന് ആഭാസത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഭ്രാന്തന്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് പോകുന്ന പി സി ജോര്‍ജിനെ യുഡിഎഫ് ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി സി ജോര്‍ജിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete