കൊച്ചി തുറമുഖം കേരളത്തിന്റെ എക്കാലത്തേയും അഭിമാനമാണ്. അറബിക്കടലിന്റെ റാണി എന്നു വിളിക്കപ്പെട്ട കൊച്ചിയിലെ ഈ തുറമുഖത്തിലൂടെ കേരളം ലോകത്തിലേയ്ക്കുള്ള അതിന്റെ വാതായനങ്ങള്‍ തുറന്നിട്ടു. ഇന്ത്യയുടെ വാണിജ്യ ഭൂപടത്തില്‍ ഈ തുറമുഖത്തിനുള്ള സ്ഥാനം ആര്‍ക്കും നിഷേധിക്കാനാകില്ല. മംഗലാപുരം തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് കേന്ദ്രത്തിലെ അധികാരികള്‍ കല്‍പ്പിച്ചുകൊടുത്ത പരിഗണനകള്‍ പലപ്പോഴും കൊച്ചിക്കു ലഭിക്കാതെ പോയിട്ടുണ്ട്. അതേച്ചൊല്ലി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.
വല്ലാര്‍പാടത്ത് ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കൊച്ചി തുറമുഖം അവര്‍ക്ക് അവകാശപ്പെട്ട വളര്‍ച്ചയിലേയ്ക്ക് കാലുകുത്തുകയാണെന്ന് ഏവരും കരുതി. പ്രകൃതിദത്തമായ അഴിമുഖവും അതിലൂടെ കൈവന്ന കൊച്ചി തുറമുഖത്തിന്റെ സ്വാഭാവിക അനൂകൂല ഘടകങ്ങളുമെല്ലാം അന്താരാഷ്ട്ര വാണിജ്യമേഖലയില്‍ കൊച്ചിയുടെ സാധ്യതയെ ഉയര്‍ത്തുമെന്ന് ഏവരും കരുതിയത്. ഏറെ പ്രയാസങ്ങള്‍ നേരിട്ടാണെങ്കിലും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വളര്‍ച്ചയ്ക്കാവശ്യമായ റെയില്‍-റോഡ് ബന്ധങ്ങളും കേരള സര്‍ക്കാര്‍ സജ്ജമാക്കി. എന്നാല്‍ ലക്ഷ്യമാക്കിയ പുരോഗതി കൊച്ചിതുറമുഖത്തിന് നേടാനായില്ലെന്നുമാത്രമല്ല; അത് ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ കമ്മിഷന്‍ ചെയ്തപ്പോള്‍ കണക്കുകൂട്ടിയത് കൊച്ചി തുറമുഖത്തു നിന്നുള്ള ചരക്കു ഗതാഗതം 3.6 ടി ഇ യു വില്‍ നിന്ന് ഇരട്ടിച്ച് 7.75 ടി ഇ യു ആകുമെന്നായിരുന്നു. കണ്ടെയ്‌നറുകളുടെയും ടെര്‍മിനലുകളുടെയും വ്യാപ്തി സൂചിപ്പിക്കുന്ന യൂണിറ്റായ ടി ഇ യു വില്‍ കാര്യമായ വര്‍ധന നേടാന്‍ കൊച്ചി തുറമുഖത്തിനു കഴിഞ്ഞില്ല. സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയും കടന്നിരിക്കേ കഷ്ടിച്ച് 6-7 ശതമാനം വളര്‍ച്ച മാത്രം നേടാനാണ് കൊച്ചിക്കു കഴിഞ്ഞത്. ഈ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേയ്ക്കാണു വിരല്‍ ചൂണ്ടുന്നത്.
'കമ്പൊട്ടാഷ്' നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാങ്കേതിക ഊരാക്കുടുക്കുകളില്‍ കൊച്ചി തുറമുഖം ശ്വാസം മുട്ടുമ്പോള്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനങ്ങാപ്പാറയെപ്പോലെ കഴിയുകയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഇറക്കുന്ന വിദേശത്തു നിന്നുള്ള ചരക്കുകള്‍ വിദേശരാജ്യങ്ങളുടെ കൊടി പറത്തുന്ന കപ്പലുകളില്‍ കയറ്റി മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലേയ്ക്ക് അയക്കുന്നത് നിലവിലുള്ള കമ്പോട്ടാഷ് ചട്ടങ്ങള്‍ പ്രകാരം അനുവദനീയമല്ല. അന്താരാഷ്ട്ര വാണിജ്യവളര്‍ച്ചയുടെ ഇന്നത്തെ ഘട്ടത്തില്‍ കൊച്ചി അടക്കമുള്ള ഇന്ത്യന്‍ തുറമുഖങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത്തരം കമ്പൊട്ടാഷ് നിബന്ധനകള്‍ തടസം സൃഷ്ടിക്കുന്നു. അതില്‍ ഇളവുകള്‍ വേണ്ടതാണെന്ന് കേന്ദ്ര ഗവണ്‍മെന്റും ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉന്നതരും പലകുറി സമ്മതിച്ചതാണ്. പക്ഷേ നടപടി ക്രമങ്ങള്‍ ഒച്ചുവേഗതയില്‍ നീങ്ങുമ്പോള്‍ കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചാ സ്വപ്നങ്ങളാണ് കൊഴിഞ്ഞുവീഴുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
ഇതുപോലെയോ ഇതിനേക്കാള്‍ ഗുരുതരമായതോ ആയ മറ്റൊരു പ്രശ്‌നം കൊച്ചി തുറമുഖത്ത് ഉയര്‍ന്നു വരുന്നുണ്ട്. തുറമുഖത്തിന്റെ കീഴിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ 'സെസ് പദവി'യുമായി ബന്ധപ്പെട്ട പ്രശ്‌നമാണത്. പ്രത്യേക സാമ്പത്തികമേഖല രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി മാറണമെന്നു വാദിക്കുന്നവര്‍ നവലിബറലിസത്തിന്റെ അഴിഞ്ഞാട്ടവാസനയുടെ ബാധയേറ്റവരാണ്. അവരുടെ സ്വാധീനം വല്ലാര്‍പാടം ടെര്‍മിനലിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ കസ്റ്റംസ് നിയമങ്ങള്‍ വല്ലാര്‍പാടം ടെര്‍മിനലിനു ബാധകമല്ലെന്നാണ് അവര്‍ ശഠിക്കുന്നത്. ഈ ശാഠ്യം എന്തെല്ലാം കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുമെന്ന് ഏതാനും ദിവസംമുമ്പ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തന്നെ കണ്ടതാണ്. 1.25 കോടി വിലവരുന്ന രക്തചന്ദനമാണ് അവിടെ നിന്നു കടല്‍ കടക്കാനെത്തിയത്. കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടെര്‍മിനല്‍ പരിശോധനയ്‌ക്കെത്തിയ റവന്യൂ ഇന്റലിജന്‍സ് ഓഫീസര്‍മാരെ അകത്തുകടക്കാന്‍ സമ്മതിക്കാതെ സെക്യൂരിറ്റിക്കാര്‍ പുറത്തു തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് അവരെ അകത്തു കടത്തിയത്. ഇത്തരം കള്ളക്കടത്ത് ഇതിനുമുമ്പ് വല്ലാര്‍പാടത്തുനിന്ന് ഉണ്ടായതായി വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകേണ്ട കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക നിയമക്രമങ്ങളുടെ നിര്‍വഹണത്തിനും ആവശ്യമാണ്. 'ദുബായ് പോര്‍ട്ട്‌വേള്‍ഡ്' എന്ന വിദേശ ഏജന്‍സിയാണ് വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. അവര്‍ക്ക് രാജ്യത്തെ ഏത് നിയമങ്ങളേക്കാള്‍ മീതെ അധികാരം ഉണ്ടെന്നു വരുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ആശാസ്യമാണോ? കൊച്ചി തുറമുഖം അനാശാസ്യമായ കച്ചവടത്തിന്റെയും കള്ളക്കടത്തിന്റെയും വിധ്വംസക ഇടപാടിന്റെയും തുറമുഖമാകുന്നത് അനുവദനീയമാണോ? വല്ലാര്‍പാടം ടെര്‍മിനല്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാകണം. രാജ്യത്തിന്റെ സുഭദ്ര വളര്‍ച്ചയ്ക്കു വേണ്ടിയുണ്ടായ നിയമങ്ങളെ വളച്ചൊടിക്കാന്‍ വേണ്ടിയാകരുത്. കൊച്ചി തുറമുഖത്തിന്റെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യവും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഉണ്ടാവുക തന്നെ വേണം.
janayugom editorial 251111
No comments:
Post a Comment