Sunday, November 27, 2011

ആശ്വാസവാക്കുകളുമായി ജനനായകന്‍

കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധിയില്‍ കുടുങ്ങി ആത്മഹത്യയുടെ നാടായിമാറുന്ന ജില്ലയില്‍ പ്രതീക്ഷപകര്‍ന്ന് വി എസ് എത്തി. 2006ലെ കടുത്ത പ്രതിസന്ധികളില്‍നിന്നും കര്‍ഷകരെ രക്ഷിക്കുന്ന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി എസിനെ എങ്ങും ആവേശകരമായാണ് ജനങ്ങള്‍ വരവേറ്റത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുളള പോരാട്ടമാണ് വേണ്ടതുമെന്നുള്ള ആഹ്വാനം നല്‍കിയാണ് വി എസ് ചുരമിറങ്ങിയത്. കണ്ണൂര്‍ജില്ലയിലെ പര്യടത്തിന് ശേഷമാണ് വി എസ് ശനിയാഴ്ച വയനാട്ടിലെത്തിയത്.

കാലത്ത് 10.30ന് പേരിയയിലായിരുന്നു ആദ്യ പരിപാടി. സിപിഐ എം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുയോഗം വി എസ് ഉദ്ഘാടനംചെയ്തു. ആവേശകരമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. വയനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു ഇവിടെ വി എസിന്റെ മുഖ്യവിഷയം. സ്റ്റേജിനെപോലും കുലുക്കുന്ന ശക്തമായ തണുത്ത കാറ്റിനെ വകവെക്കാതെ യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വി എസ് ആഞ്ഞടിച്ചു. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ നാട്ടില്‍ ആത്മഹത്യയും തിരിച്ചുവന്നതായി അദ്ദേഹം പറഞ്ഞു. കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയെടുക്കാതെ നിഷ്ക്രിയമായി നില്‍ക്കുന്ന സര്‍ക്കാരിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. പേരിയ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനമായിരുന്നു അടുത്ത പരിപാടി. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിയുള്ള ഘട്ടത്തില്‍ സഹകരണ ബാങ്കുകള്‍ ആശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

12 മണിയോടെ മാനന്തവാടി വനംവകുപ്പ് ഐബിയിലെത്തുമ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ സി ദിവാകരന്‍ , എ എ അസീസ്, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള, അഡ്വ. ടി വി വര്‍ഗീസ് എന്നിവര്‍ വി എസിനെ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെവീടുകളില്‍ പോകേണ്ടതിനെക്കുറിച്ച് ധാരണയായപ്പോള്‍ ഇത്രയും സ്ഥലങ്ങളില്‍ വി എസിന് സഞ്ചരിക്കാനാവുമോ എന്നായി സി ദിവാകരന്റെ സംശയം. അതൊന്നും പ്രശ്നമില്ലെന്നും നിശ്ചയിച്ചപ്രകാരം പോകാമെന്നും വി എസിന്റെ മറുപടി. മതികെട്ടാന്‍മല കയറിയയാളെല്ലെയെന്നായി മാത്യു ടി തോമസിന്റെ കമന്റ്. വെള്ളമുണ്ടയിലെ കര്‍ഷകന്‍ ശശിധരന്റെ വീടിലെത്തുമ്പോള്‍ വി എസ് വരുന്നതറിഞ്ഞ് ചെറിയ ജനക്കൂട്ടം വിടിന് സമീപത്ത് നിലയുറപ്പിച്ചിരുന്നു. ഏറെ പ്രയാസപ്പെട്ട് വി എസും നേതാക്കളും വിടിനകത്ത് കയറി ശശിധരന്റെ കുടുംബാംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. കൃഷിനഷ്ടവും കടബാധ്യതയുമാണ് മരണത്തിന് കാരണമായതെന്ന് ഭാര്യയും മക്കളും പറഞ്ഞു.

ഒരുമണിയോടെ മാനന്തവാടി ഐബിയില്‍ തിരിച്ചെത്തി ഭക്ഷണവും വാര്‍ത്താസമ്മേളനത്തിനും ശേഷം മൂന്ന് മണിയോടെ മീനങ്ങാടിയിലെ ഔസേപ്പിന്റെ വീട്ടിലേക്ക് തിരിച്ചു. വരവ് പ്രതീക്ഷിച്ച് വഴിയോരങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ കാത്തുനില്‍ക്കുകയായിരുന്നു. എല്ലാവരും വി എസിന്റെ വാഹനത്തിന് നേരെ കൈവീശി അഭിവാദ്യംചെയ്തു. ഔസേപ്പിന്റെ കുടുംബാംഗങ്ങളോട് കടബാധ്യതയിലാകാനുള്ള കാരണങ്ങള്‍ വിഎസ് തിരക്കി. ഇവിടെനിന്നും നേരെ തൃക്കൈപ്പറ്റയിലെ വര്‍ഗീസിന്റെ വീട്ടിലേക്കാണ് സംഘം പോയത്. തുടര്‍ന്ന് വി എസ് മേപ്പാടിയില്‍ നടക്കുന്ന സിപിഐ എം കല്‍പ്പറ്റ ഏരിയാസമ്മേളന വേദിയിലേക്ക് പോയി. മേപ്പാടിയിലെത്തിയപ്പോള്‍ കോസ്മോപൊളിറ്റന്‍ ക്ലബ് മൈതാനിയില്‍ കാത്തുനിന്ന ആയിരങ്ങള്‍ ജനകീയനേതാവിന് അഭിവാദ്യംവിളിച്ചു. അവരെയെല്ലാം ആവേശത്തിരകളിലേറ്റിയായിരുന്നു പൊതുയോഗത്തിലെ ഓരോവാക്കും. പൊതുയോഗത്തിനുശേഷം രാത്രി ഏഴോടെ വി എസ് ചുരമിറങ്ങി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ , മറ്റുനേതാക്കളായ പി എം ജോയ്, സി എം ശിവരാമന്‍ , ഏച്ചോം ഗോപി, പി കെ ബാബു, പി ജെ കാതറിന്‍ , ഇന്ദിരാസുകുമാരന്‍ , പി വി സഹദേവന്‍ , ഇ എ ശങ്കരന്‍ , രഞ്ജിത്ത്, കൈപ്പാണി ഇബ്രാഹിം, മുഹമ്മദ്കുട്ടി, ജുനൈദ് കൈപ്പാണി എന്നിവരും കൂടെയുണ്ടായിരുന്നു.
(കെ എ അനില്‍കുമാര്‍)

ഇത് വറുതിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ : വി എസ്

കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വറുതിയിലേക്കും കഷ്ടപ്പാടിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം പേര്യ ലോക്കല്‍ സമ്മേളനം, കല്‍പ്പറ്റ ഏരിയാസമ്മേളനം, പേര്യ സര്‍വീസ് സഹകരണബാങ്ക് കെട്ടിടോദ്ഘാടനം എന്നീ പരിപാടികളിലാണ് വി എസ് പങ്കെടുത്തത്.

സംസ്ഥാനത്ത് കര്‍ഷക സഹോദരങ്ങള്‍ ജീവിക്കാനുള്ള സാഹചര്യമില്ലാതെ ആത്മഹത്യചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ ഒരുചെറുവിരല്‍പോലും അനക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. കര്‍ഷകരാണ് ആത്മഹത്യചെയ്യുന്നതെന്നുപോലും അംഗീകരിക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തയ്യാറായില്ല. തന്റെ കൈയില്‍ മാന്ത്രികവടിയില്ലെന്നുപറയുന്ന മുഖ്യമന്ത്രി മാന്ത്രികവടികൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല എന്നോര്‍ക്കണം. മാന്ത്രികവടിയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഭരണനടപടികളാണ് വേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിനും മാന്ത്രിക വടിയുണ്ടായിരുന്നില്ല. എന്നാല്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ എന്താണ് എന്ന് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. അതിനാലാണ് യുഡിഎഫ് ഭരണകാലത്ത് ആയിരത്തിയഞ്ഞൂറോളം കര്‍ഷകര്‍ ആത്മഹത്യചെയ്ത സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തി എട്ടുമാസത്തിനകം ആത്മഹത്യകളെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചത്. കര്‍ഷക കടാശ്വാസനടപടികളുള്‍പ്പെടെയുള്ളവ രാജ്യത്ത് പുതിയചരിത്രമാണ് രചിച്ചത്. കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാന്‍ അവരെ കാര്‍ഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവരണം. അതിന് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പൊതുമേഖലയെയും സഹകരണ മേഖലയെയും ഒരുപോലെ ക്ഷീണിപ്പിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളത്. ബാങ്കിങ്മേഖല കൈയടക്കാന്‍ ശ്രമിക്കുന്ന പുത്തന്‍തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകള്‍ക്ക് എല്ലാസഹായവുംചെയ്തുകൊടുക്കുകയാണിവര്‍ . കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ സഹകരണമേഖല ആവിഷ്കരിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. ഇപ്പോഴും അത് നടപ്പാക്കണം. ബാങ്കുകള്‍ അതിനുള്ള പണം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് സബ്സിഡി നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു. അഴിമതിയുടെ കാര്യത്തില്‍ താനും പ്രതിയാകും എന്നു കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി സി ജോര്‍ജിനെ രംഗത്തിറക്കിയത്. പാമോലിന്‍ ഇടപാടില്‍ 3.21 കോടിയുടെ അഴിമതിയാണ് നടന്നത്. അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ പറയുന്നത് ഉമ്മന്‍ചാണ്ടി സാക്ഷിയാണെങ്കില്‍ തന്നെയും സാക്ഷിയാക്കണമെന്നാണ്. ഉമ്മന്‍ചാണ്ടി അന്നത്തെ ധനമന്ത്രിയാണ്. സ്വാഭാവികമായും ഉമ്മന്‍ചാണ്ടിയും പ്രതിയാകും. എന്നാല്‍ കോടതിയെയും സര്‍ക്കാരിനെയും സ്വാധീനിച്ച് രക്ഷപ്പെടാനാണ് ശ്രമമെന്നും വി എസ് പറഞ്ഞു.

deshabhimani 271111

1 comment:

  1. കാര്‍ഷിക പ്രതിസന്ധിയില്‍ കുടുങ്ങി ആത്മഹത്യയുടെ നാടായിമാറുന്ന ജില്ലയില്‍ പ്രതീക്ഷപകര്‍ന്ന് വി എസ് എത്തി. 2006ലെ കടുത്ത പ്രതിസന്ധികളില്‍നിന്നും കര്‍ഷകരെ രക്ഷിക്കുന്ന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി എസിനെ എങ്ങും ആവേശകരമായാണ് ജനങ്ങള്‍ വരവേറ്റത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുളള പോരാട്ടമാണ് വേണ്ടതുമെന്നുള്ള ആഹ്വാനം നല്‍കിയാണ് വി എസ് ചുരമിറങ്ങിയത്. കണ്ണൂര്‍ജില്ലയിലെ പര്യടത്തിന് ശേഷമാണ് വി എസ് ശനിയാഴ്ച വയനാട്ടിലെത്തിയത്.

    ReplyDelete