കാര്‍ഷികകടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിച്ചു കിട്ടാന്‍ വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ എം മാണി പറഞ്ഞു. കര്‍ഷക ആത്മഹത്യ പെരുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ബാങ്കേഴ്സ് സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിക്കുകയായിരുന്നു മന്ത്രി. ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ചാല്‍ കാര്‍ഷിക കടങ്ങള്‍ക്ക് ഒരുവര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാമെന്ന് ബാങ്കുകള്‍ അറിയിച്ചിരുന്നു. ഇതൊഴികെ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളിലൊന്നിലും യോഗത്തില്‍ തീരുമാനമുണ്ടായില്ല. വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളുമെന്നാണ് മാണി മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ , ഇത്തരം കേസുകള്‍ ഓരോന്നും പരിശോധിച്ചശേഷം എഴുതിത്തള്ളാമെന്നു മാത്രമാണ് ലീഡ് ബാങ്കായ കനറാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എസ് എസ് ഭട്ട് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായെന്നതിനു തെളിവാണിത്.
സംസ്ഥാനത്താകെ എട്ടു കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക കടം കാരണം ആത്മഹത്യ ചെയ്തതെന്ന് മാണി പറഞ്ഞു. വായ്പകള്‍ പുനഃക്രമീകരിക്കും. റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ പിഴപ്പലിശ ഒഴിവാക്കും. വായ്പയെടുത്ത കര്‍ഷകര്‍ മരിച്ചാല്‍ അവരുടെ കടത്തിന്റെ പലിശബാധ്യത എഴുതിത്തള്ളുന്ന കാര്യവും ആര്‍ബിഐ അനുവാദത്തോടെ നടപ്പാക്കാമെന്ന് യോഗത്തില്‍ ധാരണയായതായി മന്ത്രി പറഞ്ഞു. വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് ഒറ്റമൂലിയില്ലെന്ന നിലപാടാണ് വിവിധ ബാങ്ക് പ്രതിനിധികള്‍ സ്വീകരിച്ചത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്തതാണ് യഥാര്‍ഥ പ്രശ്നം. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ താങ്ങുവില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കണമെന്ന് അവര്‍ പറഞ്ഞു. ഹ്രസ്വകാല വായ്പയെടുത്ത് വാഴ, ഇഞ്ചിക്കൃഷി ചെയ്തവര്‍ക്കാണ് കൂടുതല്‍ ദുരിതം. ഈ വിളകള്‍ക്ക് വില കുറഞ്ഞു. കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണം. വയനാട് ജില്ലയില്‍ ഏറ്റവും നല്ല കൃഷി മൃഗസംരക്ഷണമാണ്. ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് പ്രശ്ന പരിഹാരത്തിനുള്ള യഥാര്‍ഥ ഫോര്‍മുലയെന്ന് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു.
വിദ്യാഭ്യാസവായ്പയുടെ കാര്യത്തിലും ബാങ്കുകളും സര്‍ക്കാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായില്ല. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നവര്‍ക്കും വായ്പ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ , മിക്ക മാനേജ്മെന്റും വന്‍തുകയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു. ഈ ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എസ് എസ് ഭട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം ഇവിടെ ചര്‍ച്ചചെയ്യുന്നത് അപകടമാണെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ പ്രതികരണം. മാനേജ്മെന്റ് നിശ്ചയിക്കുന്ന വന്‍ ഫീസ് വായ്പയായി നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം ജോലി കിട്ടിയാല്‍ പോലും തിരിച്ചടവിനുള്ള ശമ്പളമുണ്ടാകില്ല. മാനേജ്മെന്റ് ക്വാട്ടയില്‍ ചേരുന്നവരില്‍ 90 ശതമാനവും കോഴ്സ് പൂര്‍ത്തിയാക്കുന്നില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതുകൊണ്ടാണ് യോഗ്യതാ പരീക്ഷയില്‍ 60 ശതമാനമെങ്കിലും മാര്‍ക്കു വേണമെന്ന് ചില ബാങ്കുകള്‍ ശഠിക്കുന്നതെന്നും പറഞ്ഞു. മന്ത്രിമാരായ കെ പി മോഹനന്‍ , എം കെ മുനീര്‍ , റിസര്‍വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ സുമവര്‍മ, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ശശിധര, സംസ്ഥാന ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ ശ്രീകാന്ത് എന്നിവരും വിവിധ ബാങ്ക് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
deshabhimani 241111
No comments:
Post a Comment