Friday, November 25, 2011

ഉറ്റവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ബന്ധുക്കളുടെ നെട്ടോട്ടം

പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കൂട്ടിരിപ്പുകാര്‍ നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചയ്ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സാക്ഷിയാകുന്നത്. ഒഴിഞ്ഞ ഫാര്‍മസികളെ പഴിച്ച് അവശ്യമരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും സൂചിയും കൈയുറയും തേടി അവര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്കോടുന്നു.

"മകനു ശസ്ത്രക്രിയക്കുള്ള മരുന്നും മറ്റു സാമഗ്രികളുമെല്ലാം പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. വന്‍തുകയ്ക്ക് മരുന്ന് വാങ്ങി. എന്നെപ്പോലുള്ളവരുടെ ദുരിതം ആരു കാണാന്‍ ?"കൂലിപ്പണിക്കാരനായ വടകര വള്ള്യാട് ചക്കിട്ടക്കണ്ടി ബാലന്റെ വാക്കുകള്‍ ആരുടെയും ഉള്ള് പൊള്ളിക്കും.

ബാലന്റെ മകന്‍ ജിതിന്‍ കൃഷ്ണന് നാലുവര്‍ഷമായി ഉമിനീര്‍ ഗ്രന്ഥിയില്‍ മുഴ വളരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. ആസ്ത്മാ രോഗിയായ ബാലന്റെ ഏക വരുമാനത്തിലാണ് കുടുംബം പുലരുന്നത്. ഭാര്യക്ക് നട്ടെല്ലിന് അസുഖവും. ആകെയുള്ളത് ഒമ്പത് സെന്റ് സ്ഥലവും പണിതീരാത്ത വീടും. ഇതുവരെ ചികിത്സയ്ക്കായി ചെലവായത് ഒരു ലക്ഷത്തോളം രൂപ. മെഡിക്കല്‍ കോളജ് ആശുപത്രി രണ്ടാം വാര്‍ഡില്‍ രക്താര്‍ബുദം ബാധിച്ച മക്കള്‍ക്ക് കൂട്ടിരിക്കുന്ന ഉസ്മാനും അബൂബക്കറിനും പറയാനുള്ളത് തീരാദുരിതത്തിന്റെ കഥ തന്നെ. "മകന്‍ ജാസിറിന് ഒന്നര വര്‍ഷമായി രക്താര്‍ബുദ ചികിത്സ നടക്കുന്നു. നേരത്തെ മെഡിക്കല്‍ കോളേജില്‍നിന്ന് മരുന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍ എല്ലാം പുറത്തുനിന്ന് വാങ്ങണം. മരുന്ന് മാത്രമല്ല, സിറിഞ്ചും പെട്ടിയോടെ വാങ്ങി വയ്ക്കേണ്ടി വരുന്നു." കന്നുകാലിക്കച്ചവടക്കാരനായ വയനാട് വെള്ളമുണ്ട മുറിച്ചാണ്ടി വീട്ടില്‍ ഉസ്മാന്‍ ചോദിക്കുന്നു.

കൂലിപ്പണിക്കാരനായ മഞ്ചേരി ആലുക്കല്‍ നെടുമ്പാറ വീട്ടില്‍ അബൂബക്കറിന്റെ വാക്കുകളിലും കണ്ണീര്‍നനവ്. ആറുമക്കളില്‍ രണ്ടാമനായ ഇര്‍ഷാദിനും ഒരു കൊല്ലംമുമ്പ് രക്താര്‍ബുദം സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി മാസങ്ങള്‍ക്കിടെ ലക്ഷങ്ങള്‍ കടം വാങ്ങി ചെലവഴിച്ചു. "1800 രൂപവരെ വിലയുള്ള എല്‍ -അസ്പാര്‍ജിനേസ് അടക്കമുള്ള മരുന്ന് നേരത്തെ മെഡിക്കല്‍ കോളജില്‍നിന്ന് സൗജന്യമായി കിട്ടിയിരുന്നു. ഇപ്പോള്‍ എല്ലാ മരുന്നും പുറത്തുനിന്ന് വാങ്ങണം. മരുന്ന് ലഭിച്ചില്ലെങ്കില്‍ ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ എന്തുചെയ്യും?" അബൂബക്കറിന്റെ വാക്കുകളില്‍ ആശങ്ക. ഉദരസംബന്ധമായ അസുഖത്തിന് 26-ാം വാര്‍ഡില്‍ ചികിത്സയിലുള്ള ബാലുശേരി എകരൂല്‍ സ്വദേശിനി പാത്തുമ്മയുടെ മകള്‍ റഹ്മത്തിനും പറയാനുള്ളത് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കാത്തതിന്റെ ആവലാതിതന്നെ. "എല്ലാ മരുന്നും പുറത്തുനിന്ന് വാങ്ങി. ഇന്ന്(വ്യാഴാഴ്ച) രാവിലെമാത്രം 540 രൂപയുടെ മരുന്ന് വാങ്ങി. കൂലിപ്പണിക്കാരനായ ഏക സഹോദരന്റെ വരുമാനംമാത്രമേ കുടുംബത്തിനുള്ളൂ." റഹ്മത്ത് പറഞ്ഞു.

deshabhimani 251111

1 comment:

  1. പ്രിയപ്പെട്ടവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കൂട്ടിരിപ്പുകാര്‍ നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചയ്ക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സാക്ഷിയാകുന്നത്. ഒഴിഞ്ഞ ഫാര്‍മസികളെ പഴിച്ച് അവശ്യമരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും സൂചിയും കൈയുറയും തേടി അവര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്കോടുന്നു.

    ReplyDelete