Thursday, November 24, 2011

എഫ്സിഐ തൊഴിലാളികള്‍ക്കെതിരെ കള്ളക്കഥ മെനയുന്നു

ചിങ്ങവനം എഫ്സിഐ ഗോഡൗണില്‍ ചുമട്ടുതൊഴിലാളികളും റേഷന്‍ മൊത്തവ്യാപാരികളും തമ്മിലുള്ള കൂലിപ്രശ്നത്തെ പണിമുടക്കാക്കി ചിത്രീകരിക്കാന്‍ ശ്രമം. എഫ്സിഐ ഗോഡൗണില്‍ നിന്ന് സബ്ഡിപ്പോകളിലേക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡിപ്പോകളിലേക്കുമുള്ള ചരക്കുകള്‍ ഇപ്പോഴും തൊഴിലാളികള്‍ കയറ്റി അയയ്ക്കുന്നുണ്ട്. അതേസമയം, ലോറിയില്‍ ചാക്കുകള്‍ കയറ്റി അടുക്കി ടാര്‍പോളിന്‍ മൂടി കെട്ടി നല്‍കുന്നതിനുള്ള അടുക്കുകൂലി റേഷന്‍ മൊത്ത വ്യാപാരികള്‍ ഏകപക്ഷീയമായി നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിനാധാരം. റേഷന്‍ മൊത്തവ്യാപാരികള്‍ക്ക് ലോറിയില്‍ സാധനങ്ങള്‍ കയറ്റി നല്‍കാന്‍ തൊഴിലാളികള്‍ ഒരുക്കമാണെന്നും അടുക്കുകൂലി നല്‍കാത്തപക്ഷം ചാക്കുകള്‍ അടുക്കി നല്‍കില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. തങ്ങള്‍ പണിമുടക്കിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍(സിഐടിയു) കണ്‍വീനര്‍ കെ പി ഷാജി അറിയിച്ചു.

അടുക്കുകൂലി നിഷേധിക്കുന്ന റേഷന്‍ മൊത്ത വ്യാപാരികളാണ് തൊഴിലാളികള്‍ക്ക് എതിരായ പ്രചാരണത്തിന് പിന്നില്‍ . ഇതിന് ചില മാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. തൊഴിലാളികളുടെ സമരം മൂലം റേഷന്‍ വിതരണം തടസപ്പെടുന്നുവെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മുഴുവന്‍ എഫ്സിഐ ഗോഡൗണുകളിലും തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന അടുക്കുകൂലി ചിങ്ങവനത്ത് മാത്രം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട അടുക്കുകൂലി നല്‍കേണ്ടെന്ന് ഏകപക്ഷീയമായി റേഷന്‍ ഡീലര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചപോലുമില്ലാതെയായിരുന്നു തീരുമാനം. കലക്ടറുടെ സാന്നിധ്യത്തില്‍ 2010 നവംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു ചാക്കിന് 2.60 രൂപ അടുക്കുകൂലി എന്നത് 25 പൈസ വര്‍ധിപ്പിച്ചിരുന്നു.ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. 2011 നവംബര്‍ 11ന് കാലാവധി പൂര്‍ത്തിയായി. കരാര്‍ പുതുക്കാന്‍ തൊഴിലാളിയൂണിയനുകള്‍ റേഷന്‍ മൊത്തവ്യാപാരികള്‍ക്ക് കത്ത് നല്‍കിയപ്പോള്‍ ചര്‍ച്ച പോലുമില്ലാതെ നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ ആവശ്യത്തില്‍ ഉറച്ചുനിന്നത്. തൊഴിലാളികള്‍ ഇപ്പോഴും റേഷന്‍ ഡീലര്‍മാര്‍ക്കുള്ള ചരക്കുകള്‍ ലോറിയില്‍ കയറ്റി നല്‍കാന്‍ തയാറാണ്. പക്ഷെ, അടുക്കു കൂലി നല്‍കിയാല്‍ മാത്രമേ ചാക്കുകള്‍ അടുക്കിവച്ച് ടാര്‍പോളിന്‍ കെട്ടി നല്‍കുകയുള്ളൂ. സിവില്‍സപ്ലൈസ് കോര്‍പറേഷനും മറ്റും തൊഴിലാളികള്‍ക്ക് അടുക്കുകൂലി നല്‍കുന്നുമുണ്ട്. ഇവിടങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാണ്.

ചൊവ്വാഴ്ച ചിങ്ങവനം എഫ്സിഐ ഗോഡൗണില്‍ നിന്നും ഇടുക്കി അറക്കുളം എഫ്സിഐ സബ്ഡിപ്പോയിലേക്ക് 20 ലോഡും കോട്ടയം ജില്ലയിലെ സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് നാലു ലോഡും സാധനങ്ങള്‍ കയറ്റി അയച്ചിരുന്നു. തിങ്കളാഴ്ച അറക്കുളത്തേക്ക് പത്തു ലോഡും സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് 12 ലോഡും കയറ്റി അയച്ചു. റേഷന്‍ മൊത്തവ്യാപാരികള്‍ പിടിവാശി ഉപേക്ഷിച്ചാല്‍ പ്രശ്നം തീരുമെന്നാണ് തൊഴിലാളിയൂണിയനുകള്‍ പറയുന്നത്. അതിനിടെ, മറ്റു എഫ്സിഐ ഡിപ്പോകള്‍ മുഖേന ചരക്കുനീക്കത്തിന് റേഷന്‍മൊത്ത വ്യാപാരികള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തൊഴിലാളികളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അടുക്കുകൂലി നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതോടെയാണിത്. ജില്ലയിലേക്ക് ആവശ്യമായ റേഷന്‍ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡിപ്പോകള്‍ മുഖേന വിതരണം ചെയ്താലും പ്രശ്നം പരിഹരിക്കാനാവുമെന്ന് തൊഴിലാളികള്‍ പറയുന്നു. റേഷന്‍മൊത്തവ്യാപാരികള്‍ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് അറിയുന്നത്.

എഫ്സിഐ ഗോഡൗണിലേക്ക് തൊഴിലാളി മാര്‍ച്ച്

കൊല്ലം: ഫുഡ്കോര്‍പറേഷന്റെ കൊല്ലത്തെ ഗോഡൗണിലേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. കിളികൊല്ലൂരിലെ ഗോഡൗണില്‍ ചരക്കിറക്കാന്‍ പ്രദേശവാസികളായ തൊഴിലാളികളെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. കഴിഞ്ഞ ദിവസം കിളികൊല്ലൂരിലെ ഗോഡൗണില്‍ ചരക്കിറക്കാന്‍ എഫ്സിഐയുടെ സ്വന്തം തൊഴിലാളികള്‍ എത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുമ്പ് ജോലിചെയ്തിരുന്ന താത്കാലിക തൊഴിലാളികള്‍ ലോറി തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇരവിപുരം സിഐയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിച്ചു.

കൊല്ലത്തെ ഗോഡൗണില്‍ നിന്ന് ചരക്ക് എത്തിയപ്പോള്‍ ലോഡിറക്കാനുള്ള അവകാശം സംബന്ധിച്ചാണ് തര്‍ക്കമുണ്ടായതെന്ന് എഫ്സിഐ അധികൃതര്‍ പറഞ്ഞു. ചരക്കിറക്ക് സംബന്ധിച്ച് കോര്‍പറേഷന്‍ നേടിയ അനുകൂല വിധിയുടെ പശ്ചാത്തലത്തിലാണ് എഫ്സിഐയില്‍ നിന്നും ലോഡുമായി തൊഴിലാളികള്‍ കിളികൊല്ലൂരില്‍ എത്തിയത്. കോടതി ഉത്തരവ് ഉള്ളതിനാല്‍ പോലീസ് സഹായം തേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താത്കാലിക തൊഴിലാളികള്‍ കോര്‍പറേഷന്റെ പ്രധാന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. സിഐടിയു, ബിഎംഎസ്, ഐന്‍ടിയുസി, എഐടിയുസി സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.

deshabhimani 241111

1 comment:

  1. ചിങ്ങവനം എഫ്സിഐ ഗോഡൗണില്‍ ചുമട്ടുതൊഴിലാളികളും റേഷന്‍ മൊത്തവ്യാപാരികളും തമ്മിലുള്ള കൂലിപ്രശ്നത്തെ പണിമുടക്കാക്കി ചിത്രീകരിക്കാന്‍ ശ്രമം. എഫ്സിഐ ഗോഡൗണില്‍ നിന്ന് സബ്ഡിപ്പോകളിലേക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡിപ്പോകളിലേക്കുമുള്ള ചരക്കുകള്‍ ഇപ്പോഴും തൊഴിലാളികള്‍ കയറ്റി അയയ്ക്കുന്നുണ്ട്. അതേസമയം, ലോറിയില്‍ ചാക്കുകള്‍ കയറ്റി അടുക്കി ടാര്‍പോളിന്‍ മൂടി കെട്ടി നല്‍കുന്നതിനുള്ള അടുക്കുകൂലി റേഷന്‍ മൊത്ത വ്യാപാരികള്‍ ഏകപക്ഷീയമായി നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിനാധാരം. റേഷന്‍ മൊത്തവ്യാപാരികള്‍ക്ക് ലോറിയില്‍ സാധനങ്ങള്‍ കയറ്റി നല്‍കാന്‍ തൊഴിലാളികള്‍ ഒരുക്കമാണെന്നും അടുക്കുകൂലി നല്‍കാത്തപക്ഷം ചാക്കുകള്‍ അടുക്കി നല്‍കില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്. തങ്ങള്‍ പണിമുടക്കിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍(സിഐടിയു) കണ്‍വീനര്‍ കെ പി ഷാജി അറിയിച്ചു.

    ReplyDelete