Thursday, November 24, 2011

സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു: സൂസപാക്യം

പ്രഖ്യാപനങ്ങള്‍മാത്രം നടത്തി സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറവും മത്സ്യവിപണനസ്ത്രീ ഫോറവും ചേര്‍ന്ന് സംഘടിപ്പിച്ച ലോകമത്സ്യത്തൊഴിലാളി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. ഉദ്ഘാടകനായി എത്തേണ്ടിയിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരാതിരുന്നതിനാലാണ് ആര്‍ച്ച് ബിഷപ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ലോകമത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21ന് നടക്കേണ്ടിയിരുന്ന പരിപാടി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. എന്നിട്ടും മുഖ്യമന്ത്രി പരിപാടിക്കെത്താത്തതില്‍ മത്സ്യത്തൊഴിലാളികളും വികാരിമാരും പ്രതിഷേധിച്ചു. ഉദ്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രിയുടെ അഭാവത്തില്‍ താന്‍ ഏറെ നിരാശനാണെന്ന് ആര്‍ച്ച് ബിഷപ് പ്രസംഗത്തില്‍ തുറന്നുപറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച, ഭവന നിര്‍മാണ പദ്ധതിയും മാരിടൈം അക്കാദമിയും പഞ്ഞമാസ സഹായ പദ്ധതിയും വിദ്യാഭ്യാസ സഹായവുമെല്ലാം പൊള്ളയായ വാഗ്ദാനങ്ങളായി അവശേഷിക്കുകയാണ്. സമഗ്ര വികസന പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് ഒരു പഠനംപോലും നടത്തിയിട്ടില്ല. വിഴിഞ്ഞത്ത് കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഇതേവരെ ഉണ്ടായിട്ടില്ല. പട്ടികജാതി വര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും ലഭ്യമാകുന്ന പദ്ധതിയില്‍ 30 കോടി രൂപ ലഭിക്കാനുണ്ട്. ഇതിനായി ഒരുവര്‍ഷം വേണ്ടത് പതിനെട്ടര കോടിയാണെങ്കിലും ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ആറുകോടിമാത്രമാണെന്ന് ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.

ജനസമ്പര്‍ക്കപരിപാടി; വാഗ്ദാനം നല്‍കി വഞ്ചിച്ചു

ആറ്റിങ്ങല്‍ : വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുത്തവര്‍ വഞ്ചിതരായി. അപേക്ഷകള്‍ പഞ്ചായത്തില്‍ കെട്ടിക്കിടക്കുകയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തില്‍നിന്ന് പോയ അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളുമാണ് കബളിപ്പിക്കപ്പെട്ടത്. ഇവരുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിച്ചുകൊടുക്കാമെന്ന് ഉറപ്പുനല്‍കിയാണ് അപേക്ഷയും വാങ്ങി പ്രത്യേക വാഹനങ്ങളില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഓരോരുത്തരില്‍നിന്ന് നൂറും നൂറ്റമ്പതും രൂപ വാങ്ങിയെന്നും പരാതിയുണ്ട്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി രാത്രിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്.

എന്നാല്‍ , ഇപ്പോള്‍ പട്ടയം ലഭിക്കുന്നതിനും മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതിയില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിനും വസ്തുവും വീടും ലഭിക്കുന്നതിനുമുള്‍പ്പെടെയുള്ള അപേക്ഷകളാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. എന്നാല്‍ , ഈ അപേക്ഷകള്‍ പഞ്ചായത്തിന് കൈമാറുക മാത്രമാണ് ചെയ്തത്. പട്ടയം നല്‍കുന്നതിന് റവന്യൂവകുപ്പിനും കടാശ്വാസ ആനുകൂല്യം അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിനുമാണ് ചുമതലയുള്ളത്. വസ്തുവും വീടും അനുവദിക്കുന്നതിന് പഞ്ചായത്തിന് ചുമതലയുണ്ടെങ്കിലും ഇത് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ ഈ അപേക്ഷകള്‍ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ . കൊട്ടിഘോഷിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ പൊള്ളത്തരം അഞ്ചുതെങ്ങിലുള്ളവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്.

deshabhimani 241111

1 comment:

  1. പ്രഖ്യാപനങ്ങള്‍മാത്രം നടത്തി സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറവും മത്സ്യവിപണനസ്ത്രീ ഫോറവും ചേര്‍ന്ന് സംഘടിപ്പിച്ച ലോകമത്സ്യത്തൊഴിലാളി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം.

    ReplyDelete