ഇന്ത്യയുടെ 42-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബുധനാഴ്ച മഡ്ഗാവില്‍ തിരി തെളിയും. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പനാജി മണ്ഡോവി നദിക്കരയിലെ ഇനോക്സ് ചലച്ചിത്രനഗരിയില്‍നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ മഡ്ഗാവിലെ രവീന്ദ്രഭവനിലാണ് ഇത്തവണ ഉദ്ഘാടനസമ്മേളനം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നിറദീപം പകരുന്ന മേളയില്‍ കേന്ദ്രമന്ത്രി അംബികാസോണി മുഖ്യാതിഥിയാകും. അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വികസിതരാജ്യങ്ങളിലെ പുത്തന്‍പ്രമേയങ്ങളാണ് മേളയിലെ ആകര്‍ഷണമെങ്കിലും തിരശീലയിലെ ഇന്ത്യന്‍ കരുത്തും ചര്‍ച്ചാവിഷയമാകും. മലയാളം തന്നെയാണ് ഇത്തവണയും ഭാഷാസിനിമകളുടെ കൊടിക്കൂറ പാറിക്കുക. പനോരമയിലുള്ള 24 ചിത്രങ്ങളില്‍ ഏഴെണ്ണം മലയാളമാണ്. സന്തോഷ് ശിവന്റെ ഉറുമിയാണ് പനോരമ ഉദ്ഘാടനച്ചിത്രം. ബംഗാളി, ഹിന്ദി, മറാത്തി ഭാഷകളില്‍നിന്ന് മൂന്നെണ്ണവും തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്, മണിപ്പുരി, കന്നഡ, അസാമീസ്, ഭോജ്പുരി എന്നിവയില്‍നിന്നും ഓരോന്നും മേളയിലുണ്ട്. 118 ചിത്രങ്ങളില്‍നിന്നുമാണ് ഏഴ് മലയാള സിനിമകള്‍ക്ക് അവസരം കിട്ടിയത്.
അരങ്ങിനൊപ്പം ഗോവയിലെ അണിയറയിലും മലയാള സിനിമാപ്രവര്‍ത്തകര്‍ സജീവമാണ്. മേളയുടെ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയത് ഷാജി എന്‍ കരുണാണ്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഇഴപാകിയതാണ് സിഗ്നേച്ചര്‍ ഫിലിമെന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനും മലയാളിയാണ്. എം ടിയുടെ മഞ്ഞില്‍ നായകനായ ശങ്കര്‍ മോഹനെ മലയാളപ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും സംവിധായകനുമായ പി ആര്‍ എസ് പിള്ളയുടെ മകനാണ് അദ്ദേഹം. കൊല്‍ക്കത്ത സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കൂടിയാണ്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനാണ് ഹ്രസ്വ ചലച്ചിത്രം പരിസ്ഥിതി വിഭാഗം ജൂറി അധ്യക്ഷന്‍ . എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി കെ ആര്‍ മനോജ് സംവിധാനംചെയ്ത പെസ്റ്ററിങ് ജേണി ഈ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. ദേശാഭിമാനി സീനിയര്‍ സബ്എഡിറ്റര്‍ സജീവ് പാഴൂര്‍ സംവിധാനംചെയ്ത ചൂട് എന്ന ഹ്രസ്വചിത്രവും മത്സരത്തിനുണ്ട്. കാല്‍പന്തുകളി വിഷയമായ ഏഴുലോകോത്തര സിനിമകളും ഗോവന്‍ തീരത്തെത്തും. ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഫൈസല്‍ ഖാന്‍ , മുംബൈയില്‍ കലാരംഗത്തുള്ള തൃശൂരിലെ റിയാസ് കോമു എന്നിവരാണ് പിന്നണിയിലുള്ളത്. പനാജിയിലെ കാംപെല്‍ ഫുട്ബോള്‍ മൈതാനിയിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായി ത്രിഡി, ആനിമേഷന്‍ സിനിമകള്‍ക്കായി പ്രത്യേക സെഷനുണ്ട് എന്നത് ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണെന്ന് ശങ്കര്‍ മോഹന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
(വിനോദ് പായം)
deshabhimani 231111
No comments:
Post a Comment