Saturday, November 26, 2011

ധനമന്ത്രിയുടെ നിലപാട് വഞ്ചനാപരം: സിപിഐ എം

വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചെന്ന പുറംമോടിയോടെ ധനമന്ത്രി പ്രണബ് മുഖര്‍ജി 22നു പാര്‍ലമെന്റില്‍ വച്ച പ്രസ്താവനയില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തികച്ചും വഞ്ചനാപരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമമാണിത്. ആഗോള പണപ്പെരുപ്പ നിരക്കിനെക്കുറിച്ച് പരാമര്‍ശിക്കവെ ജി-20 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പനിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന കാര്യം ധനമന്ത്രി മറച്ചുപിടിച്ചു. ഡോളറുമായും മറ്റു പ്രധാന കറന്‍സികളുമായുമുള്ള രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അലംഭാവം അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യ എണ്ണയും വളവും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യശോഷണവും പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം സ്ഥായിയായി നിര്‍ത്തി രാജ്യത്തെ സാധാരണജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം കമ്പോള ചാഞ്ചാട്ടത്തില്‍നിന്ന് വന്‍നേട്ടം കൊയ്യുന്ന ഊഹക്കച്ചവടക്കാരുടെ താല്‍പ്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഊഹക്കച്ചവടത്തിന്റെ ഭാഗമായുള്ള ഈ മൂലധന ഒഴുക്ക് തടയണമെന്ന് സിപിഐ എം വര്‍ഷങ്ങളായി ആവശ്യപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതുപോലെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതുകൊണ്ടല്ല പണപ്പെരുപ്പം ഉണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും രാസവളത്തിന്റെയും വൈദ്യുതിയുടെയും ഗതാഗതത്തിന്റെയും നിരക്ക് വര്‍ധിക്കുന്നതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നത്. ഈ മേഖലയില്‍ സബ്സിഡിയില്‍ ഉണ്ടായ വെട്ടിക്കുറവാണ് ഇതിനു കാരണം. തുച്ഛവിലയ്ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പൊതുവിതരണ സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നത് വിലക്കയറ്റത്തിനു കാരണമാകുന്നു. രൂപയുടെ മൂല്യം സ്ഥായിയായി നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഉടന്‍ കറന്‍സി കമ്പോളത്തില്‍ ഇടപെടണം. ഊഹക്കച്ചവടത്തിന്റെ ഭാഗമായുള്ള മൂലധന ഒഴുക്ക് തടയണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള പരോക്ഷനികുതി കുറയ്ക്കുകയും വേണം. സബ്സിഡി വര്‍ധിപ്പിച്ച് രാസവള വില കുറയ്ക്കണം. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കണം. പഞ്ചസാര, ഗോതമ്പ് തുടങ്ങി അവശ്യവസ്തുക്കളുടെ അവധി വ്യാപാരം നിരോധിക്കണം-പി ബി ആവശ്യപ്പെട്ടു.

deshabhimani 261111

1 comment:

  1. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചെന്ന പുറംമോടിയോടെ ധനമന്ത്രി പ്രണബ് മുഖര്‍ജി 22നു പാര്‍ലമെന്റില്‍ വച്ച പ്രസ്താവനയില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തികച്ചും വഞ്ചനാപരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു.

    ReplyDelete