Sunday, November 27, 2011

പെട്രോളിയം: കഴിഞ്ഞവര്‍ഷം കേന്ദ്രം കൊയ്തത് 1,23,000 കോടി

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന നികുതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് ഒരുലക്ഷം കോടി രൂപ. നഷ്ടത്തിലാണെന്നു പറയുന്ന പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്ന് ലാഭവിഹിത ഇനത്തില്‍ 20,000 കോടി രൂപയും കേന്ദ്രം നേടി. പെട്രോളിയം മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രത്തിന്റെ വരുമാനം 1,23,068.24 കോടി രൂപയാണ്. രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയത്.

നികുതിവരുമാനവും ലാഭവിഹിതവും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2008-09ല്‍ 70557.61 കോടി രൂപയാണ് ഇന്ധനനികുതി വഴി ലഭിച്ചത്. 2009-10 വര്‍ഷത്തില്‍ ഇത് 71766.76 രൂപയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം നികുതിവരുമാനം 30,000 കോടി വര്‍ധിച്ച് 1,02,827.77 കോടിയായി ഉയര്‍ന്നു. ഒറ്റവര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനം വര്‍ധന. ലാഭവിഹിതം, പെട്രോളിയം ലാഭം (സ്വകാര്യ എണ്ണകമ്പനികളില്‍നിന്ന് ലഭിക്കുന്ന ഓഹരി), റോയല്‍റ്റി എന്നീ ഇനങ്ങളില്‍ 2008-09ല്‍ കേന്ദ്രത്തിനു ലഭിച്ചത് 15,333.64 കോടിയാണ്. 2009-10 ല്‍ ഇത് 17861.39 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷമാകട്ടെ ലാഭവിഹിതമടക്കം 20,240.47 കോടിയാണ് എണ്ണക്കമ്പനികളില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചത്. വരുമാനത്തില്‍ 13 ശതമാനം വര്‍ധന.

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തി ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ മറുവശത്ത് നികുതികള്‍ അടക്കമുള്ള വരുമാനം കൂട്ടി ശതകോടികള്‍ കൊയ്യുകയാണ്. പെട്രോള്‍ - ഡീസല്‍ വില കുത്തനെ കൂട്ടിയതോടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍കുതിപ്പുണ്ടായി. 2009-10നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം പെട്രോളിയം മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 33,440.09 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി ഭാരമാണെന്നു വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ 2010-11 വര്‍ഷത്തില്‍ ഈ ഇനത്തില്‍ ചെലവഴിച്ചത് 40,000 കോടി രൂപയാണ്. പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രം. സബ്സിഡി ബാധ്യത കിഴിച്ചാലും ഏതാണ്ട് 80,000 കോടി രൂപയുടെ വരുമാനം പെട്രോളിയം മേഖലയില്‍ നിന്ന് 2010-11 വര്‍ഷം സര്‍ക്കാരിനുണ്ടായി.
(എം പ്രശാന്ത്)

ലാഭത്തില്‍ ഒഎന്‍ജിസിയെ റിലയന്‍സ് പിന്തള്ളി

ന്യൂഡല്‍ഹി: പെട്രോളിയം പര്യവേക്ഷണവും വില്‍പ്പനയും വഴി രാജ്യത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2010-11ല്‍ 20,286 കോടി രൂപയുടെ ലാഭമാണ് റിലയന്‍സ് നേടിയത്. 2008-09ല്‍ 15,000 കോടിയായിരുന്ന ലാഭമാണ് രണ്ടുവര്‍ഷം കൊണ്ട് ഇരുപതിനായിരത്തിലേറെയായി ഉയര്‍ന്നത്. പെട്രോളിയം രംഗത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനമായ ഒഎന്‍ജിസിയെ റിലയന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് ഏറ്റവും പ്രയോജനം ചെയ്തത് റിലയന്‍സിനാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണവിപണന കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 2010-11ലെ കണക്കുപ്രകാരം എല്ലാ കമ്പനിയും ലാഭത്തിലാണ്. എണ്ണവിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ 7445 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1539 കോടിയുടെയും ഭാരത് പെട്രോളിയം 1547 കോടിയുടെയും ലാഭം നേടി. ഈ കമ്പനികളുടെ നടപ്പുവര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ എന്നാല്‍ നഷ്ടമാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ സബ്സിഡിയും എണ്ണപര്യവേക്ഷണ കമ്പനികളുടെ ധനസഹായവും ഇതുവരെ ലഭിക്കാത്തതാണ് നഷ്ടക്കണക്കിനു കാരണം. 2008-09ല്‍ നഷ്ടത്തിലായിരുന്ന സ്വകാര്യകമ്പനിയായ എസ്സാര്‍ എന്നാല്‍ 2009-10, 2010-11 വര്‍ഷത്തിലും ലാഭം നേടി. 2008-09 ല്‍ 513 കോടി നഷ്ടമായിരുന്നു എസ്സാറിന്. 2009-10ല്‍ 29 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷമാകട്ടെ ലാഭം 654 കോടിയായി ഉയര്‍ന്നു. നടപ്പുവര്‍ഷം ഇതുവരെ 302 കോടിയുടെ ലാഭം കമ്പനി നേടിയിട്ടുണ്ട്.

deshabhimani 271111

2 comments:

  1. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന നികുതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് ഒരുലക്ഷം കോടി രൂപ. നഷ്ടത്തിലാണെന്നു പറയുന്ന പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്ന് ലാഭവിഹിത ഇനത്തില്‍ 20,000 കോടി രൂപയും കേന്ദ്രം നേടി. പെട്രോളിയം മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രത്തിന്റെ വരുമാനം 1,23,068.24 കോടി രൂപയാണ്. രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയത്.

    ReplyDelete