മുബാറക്കിനെ തുടര്‍ന്ന് അധികാരം കയ്യാളുന്ന പതിനെട്ടംഗ സൈനിക കൗണ്‍സിലും അതിനു നേതൃത്വം നല്‍കുന്ന ഫീല്‍ഡ് മാര്‍ഷല്‍ മൊഹമ്മദ് ഹുസൈന്‍ തന്‍താവിയും സ്ഥാനമൊഴിയണമെന്നും ജനകീയ ഭരണകൂടത്തിനു അധികാരം കൈമാറണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. മുബാറക് സ്ഥാനമൊഴിഞ്ഞെങ്കിലും വെറുക്കപ്പെട്ട സൈനിക സംവിധാനം യഥാസ്ഥാനത്ത് തുടരുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഈജ്പിതില്‍ അരങ്ങേറുന്നത്. കറുത്ത യൂണിഫോമണിഞ്ഞ പൊലീസ് സേന വര്‍ധിതക്രൂരതയോടെയാണ് ജനകീയ സമരെത്ത അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനോടകം മുപ്പതോളം പ്രക്ഷോഭകര്‍ കൊലചെയ്യപ്പെട്ടു. കടന്നുപോകുന്ന ഒാരോ മണിക്കൂറിലും ശരാശരി 80 പ്രക്ഷോഭകര്‍ക്ക് പരിക്കേല്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനകീയ ഭരണമെന്ന വാഗ്ദാനത്തില്‍നിന്നും സൈന്യം പിന്‍മാറുകയാണെന്ന തോന്നല്‍ രാജ്യത്ത് വ്യാപകമായിട്ടുണ്ട്. മുബാറക്കില്‍നിന്നും മോചനം ലഭിച്ചെങ്കിലും വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ച മന്ത്രിസഭയ്ക്കാണ് സൈനിക കൗണ്‍സില്‍ രൂപംനല്‍കിയത്. പുതിയ മന്ത്രിസഭയ്ക്ക് കീഴില്‍ ഭരണം നിയന്ത്രിക്കുന്ന സൈന്യം ജനങ്ങളോട് വൈര്യനിര്യാതനബുദ്ധിയോടെയാണ് പെരുമാറിവരുന്നതെന്നത് ജനങ്ങളെ അമര്‍ഷംകൊള്ളിക്കുന്നു. ഭരണം നിയന്ത്രിക്കുന്ന സൈനിക കൗണ്‍സിലിനു നേതൃത്വം നല്‍കുന്നത് രണ്ട് പതിറ്റാണ്ടുകാലം മുബാറക്കിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ തന്‍താവിയാണെന്നത് ശ്രദ്ധേയമാണ്.
മുബാറക്കിനെ തുടര്‍ന്ന് ജനകീയ. ഗവണ്‍മെന്റിനു ഭരണം കൈമാറുമെന്ന് സൈനിക നൈതൃത്വം ഉറപ്പുനല്‍കിയിരുന്നെങ്കിലും സ്ഥിതിഗതികള്‍ ആ ദിശയിലേക്കല്ല നീങ്ങുന്നതെന്ന് ജനങ്ങള്‍ സംശയിക്കുന്നു. നവംബര്‍ 28 ന് പാര്‍ലമെന്റിന്റെ അധോസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നടക്കാന്‍പോകുന്ന തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെപ്പറ്റി ജനങ്ങള്‍ക്ക് പ്രത്യേകിച്ച് മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത ആശങ്കയാണുള്ളത്. അറബ് വസന്തത്തെ തുടര്‍ന്ന് ഇസ്ലാമിക യാഥാസ്ഥിതികരും സൈന്യവും കൈകോര്‍ത്താണ് നീങ്ങുന്നതെന്ന ധാരണ പരന്നിട്ടുണ്ട്. നവംബര്‍ 18 ന് തഹ്‌രീര്‍ ചത്വരത്തില്‍ തിരിച്ചെത്തിയ പ്രക്ഷോഭകരില്‍ ഈജിപ്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിവന്നിരുന്ന ഇസ്ലാമിക ബ്രദര്‍ഹുഡിന്റെ അസാന്നിധ്യം ഈ സംശയം ബലപ്പെടുത്തുന്നു. സൈനിക നേതൃത്വവും യാഥാസ്ഥിതിക ഇസ്ലാമിസ്റ്റുകളും അമേരിക്കയുടെയും സൗദിഅറേബ്യയുടെയും പിന്തുണയോടെ അറബ് വസന്തത്തിന്റെ നേട്ടങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.,
ഈജിപ്ത് രാഷ്ട്രീയത്തില്‍ സൈന്യത്തിനു നിര്‍ണായക പങ്കാണുള്ളത്. 1952 ല്‍ രാജഭരണം അവസാനിപ്പിക്കുന്ന ഘട്ടംമുതല്‍ സൈന്യത്തില്‍ നിന്നാണ് ആ രാജ്യത്ത് ഭരണ നേതൃത്വം ഉയര്‍ന്നുവന്നിട്ടുള്ളത്. നാസര്‍ മുതല്‍ മുബാറക്കുവരെ ഇക്കാര്യത്തില്‍ വേറിട്ടൊരു ചരിത്രമില്ല. ആറ് പതിറ്റാണ്ടിലേറെ ഈജിപ്ത് രാഷ്ട്രീയത്തിലും ജനജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും സൈന്യം അളവറ്റ സ്വാധീനമാണ് ചെലുത്തിപോന്നിട്ടുള്ളത്. വ്യവസായങ്ങള്‍ മുതല്‍ ബാങ്കുകള്‍ വരെയും റിയല്‍ എസ്റ്റേറ്റ് മുതല്‍ ടൂറിസംവരെയും സാമ്പത്തികമേഖലയിലപ്പാടെ സൈന്യത്തിന്റെ പിടി ശക്തമാണ്. രാഷ്ട്രീയ സാമ്പത്തികമേഖലയില്‍ തങ്ങള്‍ക്കുള്ള നിയന്ത്രണം നഷ്ടപ്പെടാന്‍ അവര്‍ ആഗ്രഹിക്കില്ല. മുബാറക്കിന്റെ സ്വേഛാഭരണത്തില്‍ അടിച്ചമര്‍ത്തലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇരയായിരുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തണമെന്ന ചിന്തയിലാണ്. തങ്ങളുടെ പ്രാമാണ്യത്തിനു കോട്ടംതട്ടുന്നില്ലെങ്കില്‍ മുസ്ലീം ബ്രദര്‍ഹുഡിനു ആവശ്യമെങ്കില്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നതിനെ സൈന്യം എതിര്‍ക്കില്ല. ഭരണം തങ്ങള്‍ക്ക് ലഭിക്കുമെങ്കില്‍ സൈന്യവുമായി വിട്ടുവീഴ്ചയ്ക്ക് മുസ്ലീം ബ്രദര്‍ഹുഡും സന്നദ്ധമാണ്,
നീണ്ടകാലത്തെ ജനാധിപത്യവിരുദ്ധ ഭരണസംവിധാനം അതിനെ എതിര്‍ക്കുന്ന നിരവധി രാഷ്ട്രീയ ശക്തികള്‍ക്കും ജന്‍മം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ജനാധിപത്യയുഗത്തിലേയ്ക്ക് കടക്കാന്‍ കഴിയാത്തവിധം പരസ്പരവൈരുദ്ധ്യങ്ങളാണ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഇതേറ്റവും രൂക്ഷമായി പ്രതിഫലിക്കുന്നത് ഇസ്ലാമിക മൗലികവാദികള്‍ക്കും മതേതരശക്തികള്‍ക്കുമിടയിലാണ്. ഈ സമവായത്തിന്റെ അഭാവം അല്ലെങ്കില്‍ അനൈക്യം ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് സൈന്യം ശ്രമിക്കുന്നത്.
ജനാധിപത്യം വാഗ്ദാനം ചെയ്ത് അധികാരം കയ്യാളിയ സൈനിക കൗണ്‍സില്‍ അറബ് വസന്തത്തിന്റെ ആവേശം തണുത്തതോടെ ഹെസ്‌നി മുബാറക്കടക്കം സ്വേഛാഭരണാധികാരികള്‍ക്കെതിരായ വിചാരണ നടപടികളെല്ലാം നിര്‍ത്തിവച്ചു. ജനുവരിയിലെ പ്രക്ഷോഭണത്തില്‍ കൊല ചെയ്യപ്പെട്ട എണ്ണൂറില്‍പരം രക്തസാക്ഷികളുടെ മരണത്തിനുത്തരവാദികളായ പൊലീസ് - സൈനിക കൊലയാളികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ഉപേക്ഷിക്കപ്പെട്ടു. നവംബര്‍ 28 ന് ആരംഭിക്കുന്ന ത്രിഘട്ട തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും അധികാരം സൈനിക കൗണ്‍സിലില്‍ തന്നെ നിക്ഷിപ്തമായിരിക്കുമെന്ന് ഉറപ്പായി. തിരഞ്ഞെടുക്കപ്പെട്ട അധോസഭ ആയിരിക്കില്ല ഗവണ്‍മെന്റിനെ നിയമിക്കുക. പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കുന്ന ഭരണഘടനാ സമിതിയെ തിരഞ്ഞെടുക്കുന്നതിനപ്പുറം ജനാധിപത്യവല്‍ക്കരണത്തിലോ രാഷ്ട്രീയ സാമ്പത്തിക നയരൂപീകരണത്തിലോ അധോസഭയ്ക്ക് പങ്കൊന്നും ഉണ്ടായിരിക്കില്ല. പുതിയ പ്രസിഡന്റിനുവേണ്ടി ഈജിപ്തിന് 2013 കാത്തിരിക്കേണ്ടിവരുമെന്നാണ് സൈനിക കൗണ്‍സില്‍ ഇേപ്പാള്‍ നല്‍കുന്ന സൂചന.
അറബ് ജനതയ്ക്കും ലോകത്തിനാകെ തന്നെയും ജനാധിപത്യത്തിന്റെ പുത്തന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയ അറബ് വസന്തത്തെ ഇത്തരത്തില്‍ കവര്‍ന്നെടുക്കാനാണ് മുബാറക്കിന്റെ കിങ്കരന്‍മാരായി സ്വേഛാഭരണത്തോട് വിധേയത്വം തെളിയിച്ച സൈനികഭരണകൂടത്തിന്റെ ശ്രമം. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് അധികാരം കവര്‍ന്നെടുക്കാനാണ് ഇസ്ലാമിക യാഥാസ്ഥിതിക ശക്തികളുടെ ഉന്നം. ഈ രണ്ട് ലക്ഷ്യങ്ങളും തങ്ങളുടെ താല്‍പര്യത്തിന് തീര്‍ത്തും അനുയോജ്യമാണെന്ന് കണ്ട് നിലയുറപ്പിക്കുകയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികള്‍.
കഴിഞ്ഞ നാലു ദിവസങ്ങളായി തഹ്‌രീര്‍ ചത്വരത്തിലും ഈജിപ്തിലെ ഇതര നഗരകേന്ദ്രങ്ങളിലും ഒഴുകിയെത്തുന്ന ആയിരക്കണക്കിനു സ്വാതന്ത്ര്യസമര പോരാളികള്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് പോരാട്ടമുന്നണിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് പണിയെടുത്തു ജീവിക്കാനുള്ള മനുഷ്യന്റെ അദമ്യമായ അഭിലാഷമാണ് അവരെ നയിക്കുന്നത്. സൈന്യാധിപത്യവും മതമൗലികവാദവും സാമ്രാജ്യത്വവുമാണ് അവര്‍ക്കുമുന്നില്‍ മതിലുകളുയര്‍ത്തുന്നത്.
janayugom 241111
കെയ്‌റോവിലെ തഹ്‌രീര്‍ ചത്വരം വീണ്ടും പ്രക്ഷുബ്ധ പ്രകടനങ്ങള്‍ക്ക് വേദിയായി മാറിയിരിക്കുന്നു. ഇത്തവണ ജനുവരിയില്‍ അവസാനിച്ച ജനകീയ പ്രകടനങ്ങളേക്കാള്‍ അത് രക്തപങ്കിലമാണ്. പതിനെട്ട് ദിവസങ്ങള്‍കൊണ്ട് സ്വേഛാധിപതിയായ ഹെസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ അറബ് വസന്തത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുമെന്ന ആശങ്കയാണ് വാര്‍ധിതവീര്യത്തോടെ തെരുവിലിറങ്ങാന്‍ ഈജിപ്ത് ജനതയെ നിര്‍ബന്ധിതമാക്കിയത്. പ്രക്ഷോഭം തലസ്ഥാനമായ കെയ്‌റോവില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഈജിപ്തിലെ മറ്റു പ്രധാന നഗരങ്ങളായ അല്കാസാഡ്രിയ, സൂയസ്, ഇസ്മായിലീയ എന്നിവിടങ്ങളിലേയ്ക്കും സമരം വ്യാപിച്ചുകഴിഞ്ഞു. അതിശക്തമായ പൊലീസ് ഇടപെടലിനും പിന്തിരിപ്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യത്തോടെയാണ് സമരക്കാര്‍ നഗരകേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ReplyDelete