Sunday, November 27, 2011

ജനസമ്പര്‍ക്കം: നിരാശയായെന്ന് ജനങ്ങള്‍

കല്‍പ്പറ്റ: "മൂന്നുദിവസം അവധിയെടുത്ത് ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. നിരവധി തവണ സര്‍കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരമാകാത്ത പ്രശ്നം മുഖ്യമന്ത്രിയെങ്കിലും പരിഹരിക്കുമെന്ന് കരുതി. പക്ഷേ അപേക്ഷ വായിച്ച് നോക്കുകപോലും ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു."ലക്കിടി നമ്പ്യാര്‍ വീട്ടില്‍ എന്‍ ശശീന്ദ്രന്റെ വാക്കുകളില്‍ നിരാശ. ഒപ്പം ഭരണസംവിധാനത്തോടുള്ള അമര്‍ഷവും.

വലിയൊരാനക്കാര്യത്തിനൊന്നുമല്ല ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ 27 സെന്റ് ഭൂമിയില്‍ റീസര്‍വേ നടത്തിയപ്പോള്‍ കുറവുവന്ന നാല് സെന്റ ഭൂമി തിരികെ ലഭിക്കണം ഈ ചെറിയ കാര്യത്തിനുരണ്ട് വര്‍ഷമായി താലൂക്ക് ഓഫീസുകളുടേയും റീസര്‍വേ ഓഫീസുകളുടേയും പടികയറി മടുത്ത് തീരുമാനമാകാതെ വന്നപ്പോളാണ് എല്ലാറ്റിനും പരിഹാരമായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 2009 ലാണ് റീസര്‍വേ അപാകത പരിഹരിക്കാന്‍ ശശീന്ദ്രന്‍ ബത്തേരി സര്‍വേ സുപ്രണ്ടോഫീസില്‍ അപേക്ഷ നല്‍കിയത്.തുടര്‍ന്ന് നടന്ന അദാലത്തില്‍ പ്രശ്നം പരിഹരിച്ചതായി ശശീന്ദ്രന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഫയലുകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു പിന്നീട് ലഭിച്ച മറുപടി.നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ഫയലുകള്‍ തയ്യാറാക്കി വൈത്തിരി താലൂക്കോഫീലേക്ക് അയച്ചെന്നായിരുന്നു പിന്നീട് കിട്ടിയ വിശദീകരണം. തുടര്‍ന്ന് താലുക്ക് ഓഫീസിലെത്തിയെങ്കിലും വൈത്തിരി താലൂക്ക് സര്‍വെയര്‍ അളന്നാലേ താന്‍ ഒപ്പിടൂ എന്നായി താലൂക്കോഫീസര്‍ . വീണ്ടും വൈത്തിരി താലൂക്ക് സര്‍വെയര്‍അളന്ന് തിരിച്ച രേഖ താലൂക്ക് ഓഫീസര്‍ ഒപ്പിട്ട് കല്‍പ്പറ്റയിലെ ജില്ല സര്‍വേ സുപ്രന്‍ഡോഫീസിലേക്ക്. എന്നിട്ടും ഫയലില്‍ തീര്‍പ്പാകാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം വൈത്തിരി താലൂക്ക് ഓഫീസിലും സര്‍വേ സുപ്രന്‍ഡോഫീസിലും അപേക്ഷ നല്‍കി. സര്‍വേ സുപ്രണ്ടോഫീസില്‍ സാങ്കേതിക അനുമതിക്കായി ഫയല്‍ സമര്‍പ്പിച്ചെന്ന് താലൂക്ക് ഓഫീസറും ഫയലില്‍ ന്യൂനതകളുള്ളതിനാല്‍ പരിഹരിക്കാന്‍ വീണ്ടും താലൂക്ക് ഓഫീസിലേക്ക് ഫയല്‍ അയച്ചതായി സര്‍വ്വേ സുപ്രണ്ടും വിശദീകരണം നല്‍കി.

ഇതേ തുടര്‍ന്നാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയത്.പരാതി നല്‍കിയപ്പോള്‍ ലഭിച്ച കൗണ്ടറില്‍പോയപ്പോള്‍ ഫയലില്‍ ന്യൂനതയുള്ളതിനാല്‍ തിരിച്ചയച്ചെന്ന മറുപടി തന്നെയാണ് ലഭിച്ചത്. ഇതില്‍ തുപ്തി വരാത്തതിനാല്‍ വീണ്ടും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനുള്ള ക്യുവില്‍ നിന്ന് ലഭിച്ച 3115 ാം നമ്പര്‍ ടോക്കണ്‍ പ്രകാരം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ രാത്രി ഒമ്പതര.പരാതി വായിച്ച് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി അത് മാറ്റിവെക്കുകയായിരുന്നു എന്ന് ശശീന്ദ്രന്‍ പറയുന്നു. എറണാകളും എസ്ബിടിയില്‍ സെക്യൂരിറ്റി സ്റ്റാഫായി ജോലിചെയ്യുന്ന ശശീന്ദ്രന്‍ മൂന്ന് ദിവസം അവധിയെടുത്താണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. രണ്ടുവര്‍ഷം മുമ്പ് മകനെ ഉപരിപഠനത്തിന് അയക്കാന്‍ ബാങ്ക് വായ്പയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ശശീന്ദ്രന്‍ തന്റെ ഭൂമിയില്‍ കുറവ് വന്നതായി കണ്ടത്.വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഏറെ കൊട്ടിഘോഷിച്ച ജനസമ്പര്‍ക്ക പരിപാടിയിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇങ്ങനെയാണെങ്കില്‍ ഏറെ നേരം ക്യൂ നിര്‍ത്തി തങ്ങളെ വലക്കേണ്ടതില്ലായിരുന്നു എന്നാണ് ശശീന്ദ്രന്‍ പറയുന്നത്.ഇദ്ദേഹത്തെ പോലെ പരിപാടിയെ ശപിച്ച് തിരിച്ച് പോയവര്‍ നിരവധിയാണ്. തിരക്ക് കൂടിയപ്പോള്‍ എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്കും കിട്ടി ധനസഹായം. കണിയാമ്പറ്റ പഞ്ചായത്തിലെ ചില പരാതിക്കാര്‍ക്കാണ് നിനച്ചിരിക്കാതെ ഭാഗ്യം കടാക്ഷിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയെന്ന് തെറ്റിദ്ധരിച്ചാണ് തുക അനുവദിച്ചത്. അബദ്ധത്തിലാണെങ്കിലും പണംകിട്ടിയതിന്റെ സന്തോഷത്തിലാണിവര്‍ . അതേ സമയം ഉദ്യോഗസ്ഥരാകട്ടെ എന്ത് ചെയ്യുമെന്ന അങ്കലാപ്പിലും.

deshabhimani 271111

2 comments:

  1. "മൂന്നുദിവസം അവധിയെടുത്ത് ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. നിരവധി തവണ സര്‍കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരമാകാത്ത പ്രശ്നം മുഖ്യമന്ത്രിയെങ്കിലും പരിഹരിക്കുമെന്ന് കരുതി. പക്ഷേ അപേക്ഷ വായിച്ച് നോക്കുകപോലും ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു."ലക്കിടി നമ്പ്യാര്‍ വീട്ടില്‍ എന്‍ ശശീന്ദ്രന്റെ വാക്കുകളില്‍ നിരാശ. ഒപ്പം ഭരണസംവിധാനത്തോടുള്ള അമര്‍ഷവും.

    ReplyDelete
  2. kazhinja 7 varshamaayi ente suhruthinte neerunna prashnam malappuram janasambarkathiloode pariharikkappettu.

    aarodum nanni parayunnilla, kadappaadum, avakaasham nediyeduthu ennu maathram.

    ReplyDelete