ചൂതാട്ട ലോട്ടറിക്കും സമ്മാന റാക്കറ്റുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണസമിതി കണ്‍വീനര്‍ എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ ചില വന്‍കിട ഏജന്‍സികള്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ വന്‍കിട ഏജന്‍സിയുടെ സ്റ്റാളില്‍ ചൂതാട്ടലോട്ടറി കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ നിര്‍ത്തലാക്കിയ ഡിയര്‍ , കുയില്‍ , സിങ്കം, സൂപ്പര്‍ എന്നീ ഭാഗ്യക്കുറികളുടെ പേരില്‍ ഒറ്റനമ്പര്‍ ലോട്ടറിക്കച്ചവടമാണ് നടത്തുന്നത്. കടലാസില്‍ നമ്പര്‍ എഴുതിയാണ് വില്‍പ്പന. വന്‍കിട ഏജന്റുമാരടക്കമുള്ള ലോട്ടറിമാഫിയയാണ് ഇതിനു പിന്നില്‍ .
തമിഴ്നാട്ടിലെ ഓണ്‍ലൈന്‍ ലോട്ടറിസംഘം സംസ്ഥാനത്തെ പല നഗരങ്ങളിലും എത്തിയ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കേരള ഭാഗ്യക്കുറിയെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടുലക്ഷത്തോളം ചെറുകിട ഏജന്റുമാരെയും വില്‍പ്പനക്കാരെയും വഴിയാധാരമാക്കുന്നതാണ് ലോട്ടറിമാഫിയകളുടെ പ്രവര്‍ത്തനം. സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ സൗകര്യം ഒരുക്കുകയാണ്. ഭാഗ്യക്കുറിവകുപ്പ് സസ്പെന്‍ഡ്ചെയ്ത ലോട്ടറി ഏജന്‍സിയുടെ മുദ്രയുള്ള ടിക്കറ്റുകള്‍ പാലക്കാട് ലോട്ടറി ഓഫീസില്‍നിന്നു വിതരണംചെയ്തത് അതീവ ഗൗരവമുള്ളതാണ്. ചൂതാട്ടക്കാര്‍ക്ക് ലോട്ടറിവകുപ്പിലെ ജീവനക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്നു. കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും തല്‍സമയം സംപ്രേഷണംചെയ്യുകയും വേണം. ലോട്ടറിസ്റ്റാളുകള്‍ റെയ്ഡ് നടത്താനും ചൂതാട്ടത്തിനെതിരെ നടപടിയെടുക്കാനും ഭാഗ്യക്കുറിവകുപ്പിന് അധികാരം നല്‍കണം. വെട്ടിക്കുറച്ച ഏജന്‍സി കമീഷന്‍ പുനഃസ്ഥാപിക്കുകയും സമ്മാനഘടന ആകര്‍ഷകമാക്കുകയും വേണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറിത്തൊഴിലാളികള്‍ക്കു നല്‍കിയ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ജയരാജന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 241111
No comments:
Post a Comment