Saturday, November 26, 2011

മുഖ്യമന്ത്രിയുടെ കണ്‍കെട്ട് വിദ്യ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി അനുദിനം മുന്നേറുകയാണ്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ അത് തുടരാനാണ് സാധ്യത. ദൃശ്യമാധ്യമങ്ങളും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റും തത്സമയ സംപ്രേക്ഷണം പൊടിപൊടിക്കുന്നു. വ്യാഴാഴ്ച മലപ്പുറം ജില്ലയില്‍ 50,000 പേര്‍ പരാതിയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയെന്നാണ് ഒരു ചാനലില്‍ വന്ന റിപ്പോര്‍ട്ട്. 20,000 പരാതിക്ക് പരിഹാരം കണ്ടതായും കൊട്ടിഘോഷിക്കുന്നു. 40,000 പേര്‍ പരാതിയുമായി എത്തിയെന്ന് കോണ്‍ഗ്രസ് മുഖപത്രവും പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനംമൂലം ജനങ്ങള്‍ക്ക് വല്ല പ്രയോജനവും ലഭിക്കുന്നെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ , വില്ലേജ് ഓഫീസറോ തഹസില്‍ദാരോ പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് കൈകാര്യംചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമല്ല. ചിന്താശക്തിയുള്ള മനുഷ്യര്‍ക്ക് ഇതില്‍ സംശയം തോന്നുന്നത് സ്വാഭാവികംമാത്രം. അരലക്ഷം പേരുടെ പരാതി ഒരൊറ്റ ദിവസം മുഖ്യമന്ത്രി നേരിട്ട് വാങ്ങിയെന്നാണ് വാര്‍ത്ത. അതില്‍ 20,000ന് പരിഹാരം കാണണമെങ്കില്‍ പരാതി നേരിട്ട് കേള്‍ക്കുകയും അത് എഴുതി നല്‍കിയ കടലാസ് ഓടിച്ചെങ്കിലും വായിക്കുകയും വേണമല്ലോ. പരാതിയില്‍ പറയുന്ന കാര്യം ശരിയാണോ എന്ന് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ പരാതിയുമായി വന്നവര്‍ക്കൊക്കെ വല്ലതും കൊടുത്തുവിടണമെന്ന് ഉദ്യോഗസ്ഥരോട് ഉച്ചഭാഷിണിയില്‍ വിളിച്ചുപറഞ്ഞതാകാന്‍ വഴിയില്ല.

സര്‍ക്കാര്‍കാര്യം മുറപോലെ എന്ന രീതിയില്‍ നിലവിലുള്ള ചുവപ്പുനാട സമ്പ്രദായത്തില്‍നിന്ന് ന്യായമായ പരാതികള്‍ക്ക് മോചനം നല്‍കുകയാണ് ഉദ്ദേശ്യമെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അതിനാണെങ്കില്‍ പൊതുവായ നിര്‍ദേശവും മാനദണ്ഡവും ചട്ടങ്ങളില്‍ മാറ്റം വരുത്തലുമൊക്കെയാണല്ലോ വേണ്ടത്. സര്‍ക്കാര്‍ ഖജനാവിലെ പണം നല്‍കി പരിഹരിക്കേണ്ട പ്രശ്നമാണെങ്കില്‍ , ഖദര്‍ധാരികളായ അനുയായികള്‍ കുറെപ്പേരെ കൂട്ടിക്കൊണ്ടുവന്ന് മുഖ്യമന്ത്രിയെ മുഖം കാണിച്ചാല്‍ അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതാണ് ശൈലിയെങ്കില്‍ അതിനെ കുറ്റപ്പെടുത്താതിരിക്കാന്‍ വയ്യ. 50,000 പരാതി ഒരുദിവസം മുഖ്യമന്ത്രി കൈപ്പറ്റിയെങ്കില്‍ അത് ലോകറെക്കോഡുതന്നെയാണ്. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുടെ പേര് ഗിന്നസ് ബുക്കില്‍ തങ്കലിപികളില്‍ രേഖപ്പെടുത്താന്‍ ശുപാര്‍ശചെയ്യുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയെപ്പറ്റി അദ്ദേഹത്തെ ഏറ്റവുമധികം സ്തുതിക്കുന്ന ദിനപത്രം ഒരിക്കല്‍ എഴുതിയത് ഓര്‍ക്കുന്നത് ഉചിതമായിരിക്കും. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ജോര്‍ജ് ബുഷിന് കൊടുക്കാന്‍ ഒരു ശുപാര്‍ശക്കത്ത് വേണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയെ സമീപിച്ചാല്‍ ഒട്ടും വൈമനസ്യമില്ലാതെ ലെറ്റര്‍പാഡില്‍ കത്തെഴുതി ഒപ്പും സീലും വച്ചുകൊടുക്കുന്ന വിശാലഹൃദയനായിട്ടാണ് അദ്ദേഹത്തെ പത്രം വിശേഷിപ്പിച്ചത്. അത്തരമൊരു ദയാശീലന്‍ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കുമ്പോള്‍ പരാതികള്‍ക്ക് പരിഹാരം കാണുന്ന ശൈലി വ്യത്യസ്തമാകുമെന്ന് പറയേണ്ടതില്ല.

ജനസമ്പര്‍ക്കപരിപാടി പുരോഗമിക്കുന്നതിനിടെ പുറത്തുവന്നൊരു വാര്‍ത്ത കെ എം മാണിയുടെ ധനവകുപ്പില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് പോയെന്നാണ്. നിയമവും ചട്ടവും പാലിക്കാതെ ധനമന്ത്രാലയവുമായി ഒരു കൂടിയാലോചനയുമില്ലാതെ സര്‍ക്കാര്‍ ഖജനാവിലെ പണം മുഖ്യമന്ത്രി ഏകപക്ഷീയമായി ഇഷ്ടപ്പെട്ടവര്‍ക്ക് വിതരണംചെയ്യുന്ന രീതി ശരിയല്ലെന്ന് കത്തില്‍ വിശദീകരിച്ചു. മാധ്യമപ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ഈ കത്തിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോള്‍ നിഷേധിച്ചതായി കണ്ടില്ല. അത് വേണ്ടപ്പെട്ട വേദിയില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു മറുപടി. കൂട്ടുത്തരവാദമില്ലാത്ത ഒരു മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് പല സംഭവങ്ങളും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മദ്യനയം തെറ്റാണെന്നും തിരുത്തണമെന്നും പരസ്യമായി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ബാര്‍ ലൈസന്‍സ് നല്‍കിയതിലും നക്ഷത്ര ഹോട്ടലുകളുടെ നിര്‍ണയത്തിലും വന്‍ അഴിമതി നടന്നതായി ഭരണകക്ഷിക്കാരില്‍നിന്നുതന്നെ ആരോപണമുയര്‍ന്നു. എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിക്കൊണ്ടുവന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍ ഹാജരാക്കിയെന്നും അവര്‍ക്കൊക്കെ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയെന്നും വാര്‍ത്തയുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അത് ചട്ടലംഘനമാണെന്നു പറയാനാകില്ല. എന്നാല്‍ , ഇത് ആരോഗ്യകരമായ കീഴ്വഴക്കമല്ല.

ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് മന്ത്രിസഭ കടുത്ത പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍തന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നു. നൂല്‍പ്പാലത്തിലൂടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണ് ഒരു പത്രം പറയുന്നത്. ചീഫ് വിപ്പിനെ മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന ആവശ്യം ഭരണകക്ഷി നേതാക്കളില്‍നിന്നുതന്നെ ഉയരുന്നു. എന്നാല്‍ , ഒരു കടിഞ്ഞാണിനും വിധേയനാകാതെയാണ് പി സി ജോര്‍ജ് പുതിയ പുതിയ പ്രസ്താവനകളുമായി ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ മന്ത്രിയും മുന്‍ എംപിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എ കെ ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ജോര്‍ജ് തനിക്ക് നല്ല തൊലിക്കട്ടിയുണ്ടെന്നു തെളിയിച്ചുകഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍പോലും ജോര്‍ജിന്റെ പ്രസംഗത്തില്‍ നീരസം പ്രകടിപ്പിച്ചു. എ കെ ബാലന്‍ കോടതിയില്‍ പരാതി ബോധിപ്പിക്കുകയും ചെയ്തു. കേസില്‍നിന്ന് രക്ഷപ്പെടാന്‍ വിചിത്രമായ മാര്‍ഗമാണ് ജോര്‍ജ് കണ്ടെത്തിയത്. പരവന്‍സമുദായക്കാരെ പട്ടികജാതിക്കാരുടെ പട്ടികയില്‍നിന്നു പുറത്താക്കാന്‍ നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ചീഫ് വിപ്പ് നിര്‍ദേശിച്ചത്. ജോര്‍ജിനെ പിണക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പിണക്കിയാല്‍ സ്വന്തം സ്ഥാനംപോലും തെറിച്ചെന്നുവരും. ജോര്‍ജിന്റെ നിര്‍ദേശം സ്വീകരിച്ച് പരവന്‍സമുദായത്തെ ഒഴിവാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടതായും വരും. വല്ലാത്തൊരു ഗതികേടിലാണ് യുഡിഎഫ് സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്.

മുഖ്യമന്ത്രിയാകട്ടെ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത് രക്ഷപ്പെടാനാണ് ആവര്‍ത്തിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായും പക്ഷപാതപരമായും പെരുമാറുന്നത് ആ പദവിക്ക് യോജിച്ചതല്ല. കുറ്റം ഏറ്റെടുക്കുന്നതോടൊപ്പം രാജിവച്ച് ഒഴിയാനുള്ള ധാര്‍മികബോധവും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത നിര്‍മല്‍ മാധവിനെ ചട്ടവിരുദ്ധമായി പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചത് താനാണെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചുകഴിഞ്ഞു. ഈ അനീതിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരംചെയ്തത്. ന്യായമായി സമരംചെയ്തവരെ പൊലീസിനെ കയറൂരിവിട്ട് മര്‍ദിച്ചതും വെടിവച്ചതും ജയിലിലടച്ചതും ജാമ്യം ലഭിക്കുന്നതിനായി ഭീമമായ തുക കെട്ടിവയ്ക്കാന്‍ ഇടവരുത്തിയതും ഉമ്മന്‍ചാണ്ടിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് ഉള്‍പ്പെടെയുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ജനവിരുദ്ധവും നീതിരഹിതവുമായ നടപടി പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യവിചാരണയ്ക്ക് വിധേയമാകുമെന്നതില്‍ സംശയമില്ല. ഈ ജനകീയ വിചാരണയില്‍നിന്ന് സമ്മതിദായകരെ വഴിതെറ്റിക്കാന്‍ കണ്‍കെട്ട് വിദ്യ പ്രയോജനപ്പെടുമെന്ന് ആരും കരുതേണ്ടതില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ റെക്കോഡ് ഭേദിച്ച അഴിമതിയും ജനദ്രോഹനടപടികളും പിറവത്ത് ജനകീയ വിചാരണയ്ക്ക് വിധേയമാകാന്‍ പോവുകയാണ്.

deshabhimani editorial 261111

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി അനുദിനം മുന്നേറുകയാണ്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ അത് തുടരാനാണ് സാധ്യത. ദൃശ്യമാധ്യമങ്ങളും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റും തത്സമയ സംപ്രേക്ഷണം പൊടിപൊടിക്കുന്നു. വ്യാഴാഴ്ച മലപ്പുറം ജില്ലയില്‍ 50,000 പേര്‍ പരാതിയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയെന്നാണ് ഒരു ചാനലില്‍ വന്ന റിപ്പോര്‍ട്ട്. 20,000 പരാതിക്ക് പരിഹാരം കണ്ടതായും കൊട്ടിഘോഷിക്കുന്നു. 40,000 പേര്‍ പരാതിയുമായി എത്തിയെന്ന് കോണ്‍ഗ്രസ് മുഖപത്രവും പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനംമൂലം ജനങ്ങള്‍ക്ക് വല്ല പ്രയോജനവും ലഭിക്കുന്നെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ , വില്ലേജ് ഓഫീസറോ തഹസില്‍ദാരോ പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് കൈകാര്യംചെയ്യുന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമല്ല.

    ReplyDelete