Sunday, November 27, 2011

ചില്ലറവ്യാപാരം: വിദേശ കുത്തകകളെ തടയാന്‍ സംസ്ഥാനങ്ങള്‍ക്കാകില്ല

ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകളുടെ കടന്നുവരവ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രതീരുമാനം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ നിലപാട് തെറ്റിദ്ധാരണ പരത്താന്‍ . വ്യാപാരം സമവര്‍ത്തി പട്ടിക(കണ്‍കറന്റ് ലിസ്റ്റ്)യിലായതിനാല്‍ തീരുമാനം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതു അധികാരമുള്ള വിഷയങ്ങളാണ് സമവര്‍ത്തികയില്‍ വരുന്നത്. സമവര്‍ത്തി പട്ടികയിലുള്ള വിഷയങ്ങളില്‍ കോടതി എപ്പോഴും കേന്ദ്രനിയമത്തിനോ ഉത്തരവിനോ മാത്രമേ പ്രാമുഖ്യം നല്‍കാറുള്ളൂ. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച ഉത്തരവില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് വ്യക്തമായി പരാമര്‍ശിച്ചാല്‍മാത്രമേ കോടതി സംസ്ഥാനങ്ങളുടെ അധികാരം അനുവദിച്ചുനല്‍കൂ.

വാള്‍മാര്‍ട്ടിനെപ്പോലുള്ള വിദേശകുത്തകകളെ അനുവദിക്കണമോ എന്നു നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നാണ് വെള്ളിയാഴ്ച ആനന്ദ്ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിദേശനിക്ഷേപം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഏതെങ്കിലും സംസ്ഥാനത്ത് കട തുറക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ വിദേശ കോര്‍പറേറ്റുകള്‍ക്ക് അതിനെ കോടതിയില്‍ ചോദ്യംചെയ്യാം. വ്യാപാരലൈസന്‍സ് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമാണ്. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍മാത്രമാണ് ബഹുരാഷ്ട്രകുത്തകകള്‍ കട തുറക്കുകയെന്നതിനാല്‍ കോര്‍പറേഷനുകളാണ് അനുമതി നല്‍കേണ്ടിവരിക. അനുമതി നിഷേധിച്ചാല്‍ കേന്ദ്രനയം ചൂണ്ടിക്കാട്ടി കോടതി ഇടപെടലോടെ അനുമതി നേടാന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിയും. വ്യാപാരം മൗലികാവകാശമാണെന്ന വാദവും ഇവര്‍ക്ക് ഉയര്‍ത്താം. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാമെന്നത് ശുദ്ധ അസംബന്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

ചില്ലറ വ്യാപാരമേഖല തുറന്നുകൊടുക്കുന്നത് മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാന്‍ : യെച്ചൂരി

പയ്യന്നൂര്‍ : പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മുതലാളിത്തത്തിന്് പുതിയ വിപണി കണ്ടെത്താനാണ് ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖല തുറന്നുകൊടുക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പര ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിത്ത സംവിധാനത്തിന്റെ തകരാര്‍ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നതിന്റെ സൂചനയാണ് ടുണീഷ്യ മുതല്‍ വാള്‍സ്ട്രീറ്റ് വരെ ജനങ്ങള്‍ ആരംഭിച്ച പ്രക്ഷോഭം. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന ജനത ലോകമെമ്പാടും പോരാട്ടത്തിലാണ്. ചില വന്‍കിട കോര്‍പറേറ്റുകള്‍ക്കെതിരായാണ് പോരാട്ടം ആരംഭിച്ചതെങ്കിലും മുതലാളിത്തമെന്ന സംവിധാനമാണ് ദുരിതത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞ് ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തിലേക്കാണ് ജനം തിരിയുന്നത്. പ്രശ്നപരിഹാരത്തിനുള്ള ഏക ബദല്‍ സോഷ്യലിസമാണെന്ന് വ്യക്തമാവുകയാണ്. അമേരിക്കയില്‍ കോര്‍പറേറ്റുകളെ സഹായിക്കാനുള്ള ഉത്തേജക പാക്കേജ് ദേശീയ വരുമാനത്തിലും കൂടുതലാണ്. ഈ തുകയുടെ ബാധ്യത സാധാരണക്കാരുടെ തലയിലാണ് കെട്ടിവയ്ക്കുന്നത്. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന മുതലാളിത്ത രാജ്യങ്ങളിലൊക്കെ ഇതാണ് കണ്ടത്. ഈ ബാധ്യത തങ്ങള്‍ ഏറ്റെടുക്കണോയെന്ന് ചോദിച്ചാണ് ജനങ്ങള്‍ ഗ്രീസിലും മറ്റും തെരുവിലിറങ്ങുന്നത്. മുതലാളിത്തത്തെ പിന്തുണയ്ക്കുന്ന അമ്പതോളം രാജ്യങ്ങളില്‍ ജനങ്ങള്‍ ജീവിക്കാനുള്ള അവകാശത്തിന് പോരാട്ടത്തിലാണ്. ഗ്രീസിന്റെ തലസ്ഥാനത്ത് ഡിസംബര്‍ ഒമ്പതുമുതല്‍ 12വരെ ചേരുന്ന സമ്മേളനത്തില്‍ ഇത്തരം പോരാട്ടങ്ങളെ ഏകോപിപ്പിക്കാനും ദിശാബോധം വരുത്താനുമുളള ശ്രമമുണ്ടാവും.

ലോകമെങ്ങുമുണ്ടാകുന്ന പ്രതിസന്ധിയില്‍നിന്ന് പാഠം പഠിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറാവുന്നില്ല. അദ്ദേഹം മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി സാധാരണക്കാരുടെ ജീവിതം നാള്‍ക്കുനാള്‍ ദുരിതമയമാവുകയാണ്. തൊഴിലില്ലായ്മ വര്‍ധിച്ചു. വാങ്ങല്‍ശേഷി കുറഞ്ഞു. കോടീശ്വരന്മാര്‍ ശതകോടീശ്വന്മാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നു. ഇന്ത്യയില്‍ ലക്ഷക്കണക്കിനു കര്‍ഷകരാണ് ആത്മഹത്യയിലേക്ക് തിരിഞ്ഞത്. എല്‍ഡിഎഫ് ഭരണകാലത്ത് നിയന്ത്രിച്ച കര്‍ഷക ആത്മഹത്യ കേരളത്തില്‍ വീണ്ടും തിരിച്ചു വന്നു- യെച്ചൂരി പറഞ്ഞു.

deshabhimani 271111

1 comment:

  1. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകളുടെ കടന്നുവരവ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രതീരുമാനം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ നിലപാട് തെറ്റിദ്ധാരണ പരത്താന്‍ . വ്യാപാരം സമവര്‍ത്തി പട്ടിക(കണ്‍കറന്റ് ലിസ്റ്റ്)യിലായതിനാല്‍ തീരുമാനം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് മന്ത്രി വിശദീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതു അധികാരമുള്ള വിഷയങ്ങളാണ് സമവര്‍ത്തികയില്‍ വരുന്നത്. സമവര്‍ത്തി പട്ടികയിലുള്ള വിഷയങ്ങളില്‍ കോടതി എപ്പോഴും കേന്ദ്രനിയമത്തിനോ ഉത്തരവിനോ മാത്രമേ പ്രാമുഖ്യം നല്‍കാറുള്ളൂ. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച ഉത്തരവില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് വ്യക്തമായി പരാമര്‍ശിച്ചാല്‍മാത്രമേ കോടതി സംസ്ഥാനങ്ങളുടെ അധികാരം അനുവദിച്ചുനല്‍കൂ.

    ReplyDelete