Monday, November 28, 2011

ഹിന്ദിപ്രചാരസഭ കേരള ഘടകം പിരിച്ചുവിട്ടു

അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും ജനാധിപത്യവിരുദ്ധ, അനാശാസ്യ നടപടികളിലൂടെയും കുപ്രസിദ്ധി നേടിയ ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭ കേരള ഭരണസമിതി പിരിച്ചുവിട്ടു. ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കി അധഃപതിപ്പിച്ച സഭാ കേരളഘടകത്തിനെതിരെ സഭയുടെ കേന്ദ്ര അധ്യക്ഷന്‍ ജസ്റ്റിസ് വി എസ് മളീമഠ് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെടുത്തത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിയമിതനായ സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റു. സഭയുടെ കര്‍ണാടക ആസ്ഥാനത്തിന്റെ സെക്രട്ടറിയും ആന്ധ്ര സ്വദേശിയുമായ ജി വി കൃഷ്ണറാവുവിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. സഭയുടെ കേരള ഭരണസമിതി ഭാരവാഹികള്‍ക്കെതിരെ വ്യാപക ആരോപണങ്ങളും ഒടുവില്‍ സിബിഐ കേസും വന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര സഭാ പ്രസിഡന്റ് എന്ന നിലയില്‍ മളീമഠ് എടുത്ത നടപടിയെക്കുറിച്ച് ഡിസംബര്‍ നാലിനു ചേരുന്ന കേന്ദ്ര സഭാഭരണസമിതിയുടെ അംഗീകാരം തേടും.

നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഭരണസമിതി അംഗങ്ങള്‍ . വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റി നേരത്തെ നിയോഗിച്ച മൂന്നംഗ അന്വേഷണ കമീഷന്‍ കേരളത്തിലെ സഭയില്‍ നടക്കുന്ന ക്രമക്കേടിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാനിരിക്കെയാണ് സിബിഐ റെയ്ഡും തുടര്‍ന്ന് സഭാ അഡ്മിനിസ്ട്രേറ്റര്‍ ഐഎന്‍ടിയുസി നേതാവ് ബിജു സി വള്ളവനാടന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസും ഉണ്ടാകുന്നത്. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണവും 13 മാസത്തെ പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക തീര്‍ക്കലുമായിരിക്കും കൃഷ്ണറാവുവിന്റെ നേതൃത്വത്തില്‍ അടിയന്തരമായി ചെയ്യുകയെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി.

റെയ്ഡില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് സിബിഐ തിങ്കളാഴ്ച സഭാ കേരള ആസ്ഥാനത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി വിജയകുമാരന്‍നായരെയും മുന്‍ സെക്രട്ടറിമാരായ പി എ രാധാകൃഷ്ണന്‍ , ധനഞ്ജയഡു എന്നിവരെയും ചോദ്യംചെയ്യും. സഭാ മുന്‍ സെക്രട്ടറിമാരുടെ കാലംമുതലാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പുകള്‍ക്ക് തുടക്കംകുറിച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. സംസ്ഥാനത്തിെന്‍ വിവിധ ഭാഗങ്ങളിലായി 150 കോടിയോളം രൂപയുടെ ആസ്തിയും പ്രതിവര്‍ഷം പത്തുകോടി രൂപ വരുമാനവുമുള്ള സഭ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്. പ്രഥമദൃഷ്ട്യാ 85 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. കൈക്കൂലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി നേതാവിനു പുറമെ ഒരു കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയുടെ സഹോദരനും തട്ടിപ്പിന് നേതൃത്വംനല്‍കിയിട്ടുണ്ട്.

deshabhimani 281111

1 comment:

  1. അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും ജനാധിപത്യവിരുദ്ധ, അനാശാസ്യ നടപടികളിലൂടെയും കുപ്രസിദ്ധി നേടിയ ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭ കേരള ഭരണസമിതി പിരിച്ചുവിട്ടു. ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കി അധഃപതിപ്പിച്ച സഭാ കേരളഘടകത്തിനെതിരെ സഭയുടെ കേന്ദ്ര അധ്യക്ഷന്‍ ജസ്റ്റിസ് വി എസ് മളീമഠ് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെടുത്തത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിയമിതനായ സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റു. സഭയുടെ കര്‍ണാടക ആസ്ഥാനത്തിന്റെ സെക്രട്ടറിയും ആന്ധ്ര സ്വദേശിയുമായ ജി വി കൃഷ്ണറാവുവിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. സഭയുടെ കേരള ഭരണസമിതി ഭാരവാഹികള്‍ക്കെതിരെ വ്യാപക ആരോപണങ്ങളും ഒടുവില്‍ സിബിഐ കേസും വന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര സഭാ പ്രസിഡന്റ് എന്ന നിലയില്‍ മളീമഠ് എടുത്ത നടപടിയെക്കുറിച്ച് ഡിസംബര്‍ നാലിനു ചേരുന്ന കേന്ദ്ര സഭാഭരണസമിതിയുടെ അംഗീകാരം തേടും.

    ReplyDelete