അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് യുവാവ് കൃഷിമന്ത്രി ശരദ് പവാറിന്റെ മുഖത്തടിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി പവാര്‍ പുറത്തേക്കിറങ്ങവെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ചാടിവന്ന യുവാവ് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. "വിലക്കയറ്റംകൊണ്ട് മനുഷ്യനിവിടെ ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്...നീയൊക്കെയാണ് ഇതിനു കാരണം" എന്നാക്രോശിച്ചായിരുന്നു അടി. ഇതിന്റെ ആഘാതത്തില്‍ പവാര്‍ ഭിത്തിയിലേക്ക് ചരിഞ്ഞു. ഡല്‍ഹി രോഹിണി സ്വദേശിയായ ടെമ്പോഡ്രൈവര്‍ ഹര്‍ബീന്ദര്‍സിങ്ങാണ് പവാറിനെ അടിച്ച യുവാവെന്ന് പൊലീസ് പറഞ്ഞു. പകല്‍ രണ്ടോടെയാണ് സംഭവം. സാധാരണക്കാരന് ജീവിക്കാനാകാത്തവിധം വില കയറുമ്പോള്‍ ഇനിയും വിലകയറുമെന്നു പറയുന്ന മന്ത്രിയും അഴിമതി നടത്തി കോടികള്‍ കൊയ്യുന്ന മന്ത്രിമാരും ആവശ്യമില്ലെന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹര്‍ബീന്ദര്‍സിങ് മാധ്യമങ്ങളോടു പറഞ്ഞു.
ഒരു പത്രപ്രവര്‍ത്തകന്‍ തന്നെ അടിച്ചെന്നാണ് ആദ്യം തോന്നിയതെന്ന് ശരദ് പവാര്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്തിനാണ് അടിച്ചതെന്ന് എനിക്കറിയില്ല. സുരക്ഷാ വീഴ്ചയുള്ളതായി കരുതുന്നില്ല. ഞാനാണ് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മറ്റും കാരണമെന്നാണ് അയാള്‍ കരുതുന്നത്. ആവശ്യമാണെങ്കില്‍ പൊലീസ് നടപടിയെടുക്കട്ടെയെന്നും പവാര്‍ പറഞ്ഞു. സംഭവമുണ്ടായ ഉടന്‍ സ്വകാര്യ സുരക്ഷാജീവനക്കാര്‍ ഹര്‍ബീന്ദര്‍സിങ്ങിനെ കൈകാര്യം ചെയ്തശേഷം അകറ്റിയെങ്കിലും ഇയാള്‍ കൃപാണുയര്‍ത്തി വീണ്ടും ചാടിവന്ന് ആക്രോശം തുടര്‍ന്നു. പൊലീസ് കീഴടക്കിയശേഷം ഇയാളെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി സുഖ്റാമിനെ ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ അടിച്ചതും ഹര്‍ബീന്ദര്‍സിങ്ങായിരുന്നു. മുമ്പ് അഴിമതിക്കുറ്റത്തില്‍ ജയിലിലേക്ക് പോയ സുരേഷ് കല്‍മാഡിയെ കൈവയ്ക്കാനും ഹര്‍ബീന്ദര്‍ ശ്രമിച്ചിരുന്നു. അടിക്കുന്ന സമയത്ത് കൃപാണ്‍ കൈയിലുണ്ടായിരുന്നെങ്കില്‍ അഴിമതിക്കാരെ ശരിപ്പെടുത്തുമായിരുന്നെന്നാണ് ഹര്‍ബീന്ദര്‍ പറഞ്ഞത്.
സംഭവത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അപലപിച്ചു. ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, പാര്‍ടി പ്രവര്‍ത്തകര്‍ ഇതേ രീതിയില്‍ പ്രതികരിക്കരുതെന്നും പവാറിന്റെ മകളും എന്‍സിപി എംപിയുമായ സുപ്രിയ പറഞ്ഞു. ആക്രമണം അപലപനീയമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിലും അഴിമതിയിലും ജനങ്ങള്‍ക്കുള്ള രോഷമാണ് സംഭവത്തിലൂടെ പ്രകടമാകുന്നതെന്ന് യെച്ചൂരി തുടര്‍ന്നു. ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ്, എസ്പി നേതാവ് മുലായംസിങ് യാദവ് എന്നിവരും ആക്രമണത്തെ അപലപിച്ചു. അതേസമയം, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
deshabhimani 251111
അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് യുവാവ് കൃഷിമന്ത്രി ശരദ് പവാറിന്റെ മുഖത്തടിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ReplyDelete