Wednesday, November 23, 2011

വക്താക്കളും മമതയെ കൈവിടുന്നു

നന്ദിഗ്രാം കലാപനാളുകള്‍മുതല്‍ ഒപ്പംനിന്ന ബുദ്ധിജീവികളും സാംസ്കാരികപ്രവര്‍ത്തകരും മമതാ ബാനര്‍ജിയെ കൈവിടുന്നു. പൗരസമൂഹ സംഘടനകള്‍ , ബുദ്ധിജീവികള്‍ , സാംസ്കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ കാര്യമായ പിന്തുണ മൂന്ന് വര്‍ഷമായി മമതാ ബാനര്‍ജിക്ക് ലഭിച്ചിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഫാസിസ്റ്റായി മമത മാറിയിരിക്കുന്നുവെന്ന മഹാശ്വേതാദേവിയുടെ പരാമര്‍ശം ഈ ബന്ധത്തില്‍ വഴിത്തിരിവായി. അപര്‍ണാ സെന്‍ അടക്കം മറ്റ് നിരവധി സാംസ്കാരികപ്രവര്‍ത്തകരും മമതയ്ക്കെതിരെ രംഗത്തെത്തി.

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്(എപിഡിആര്‍) എന്ന സംഘടനയ്ക്ക് പ്രതിഷേധ പരിപാടി നടത്താന്‍ കൊല്‍ക്കത്ത നഗരത്തിലെ മെട്രോ ചാനല്‍ വിട്ടുകൊടുക്കാതിരുന്നതാണ് മമതയും ബുദ്ധീജിവികളും തമ്മില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ പ്രധാന കാരണം. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്നും വിചാരണ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്താന്‍ നഗരഹൃദയത്തിലെ മെട്രോ ചാനല്‍ ലഭ്യമാക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ പരിഗണിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. വീണ്ടും അന്വേഷിച്ചപ്പോള്‍ അവിടെ തൃണമൂല്‍ സംഘടനയുടെ പരിപാടിക്കായി വിട്ടുകൊടുത്തുവെന്നും അതിനാല്‍ വേറെ സ്ഥലം അന്വേഷിക്കണമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ഇതിനെതിരെ മഹാശ്വേതാദേവി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രതികരിച്ചു. അധികാരത്തില്‍ വന്ന് അധികമാകുന്നതിനുമുമ്പെ മമത ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഇത് ഫാസിസമാണെന്നുമായിരുന്നു മഹാശ്വേതാദേവിയുടെ പ്രതികരണം. ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂലിനു വേണ്ടി മഹാശ്വേതാദേവി പ്രചാരണത്തിനിറങ്ങിയിരുന്നു.

ജംഗല്‍മഹലില്‍ നിന്ന് കേന്ദ്രസേനയെ ഇപ്പോള്‍ പിന്‍വലിക്കണമെന്ന് അഭിപ്രായമില്ലെങ്കിലും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നായിരുന്നു അപര്‍ണ സെന്നിന്റെ ആവശ്യം. നാടക കലാകാരനായ വിഭാസ് ചൗധരി, സുമന്‍ മുഖര്‍ജി, കൗശിക് സെന്‍ , സുചിത്ര ഭട്ടാചാര്യ, കബീര്‍ സുമന്‍ എന്നിവരുടെ പ്രസ്താവനകള്‍ വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. തൃണമൂല്‍ എംപി കൂടിയായ കബീര്‍ സുമന്‍ കുറേക്കാലമായി മമതയ്ക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കയാണ്. മെട്രോ ചാനലില്‍ ഇടതുമുന്നണിക്കെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ടെന്നും മമത തന്നെ അവിടെ സത്യഗ്രഹമിരുന്നിട്ടുണ്ടെന്നുമായിരുന്നു കബീര്‍ സുമന്‍ പ്രതികരിച്ചത്. കബീര്‍ സുമന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് തെറ്റായിപ്പോയെന്നായിരുന്നു ഇതിനോട് മമതയുടെ പ്രതികരണം.
(വി ജയിന്‍)

deshabhimani 231111

No comments:

Post a Comment