Saturday, November 26, 2011

യോജിച്ച് ചെറുക്കുക: സിപിഐ എം

പാര്‍ലമെന്റ് പ്രക്ഷുബ്ധം പ്രസ്താവന വലിച്ചുകീറി

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പനമേഖല വിദേശകുത്തകകള്‍ക്ക് അടിയറവെക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ അതിശക്തമായ പ്രതിഷേധമുയര്‍ന്നു. മള്‍ട്ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനവും സിംഗിള്‍ബ്രാന്‍ഡില്‍ സമ്പൂര്‍ണമായും വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ ന്യായീകരിച്ച് വാണിജ്യമന്ത്രി ആനന്ദ് ശര്‍മസഭയില്‍ വച്ച പ്രസ്താവന അംഗങ്ങള്‍ വലിച്ചുകീറി. ഇരുസഭയും ആരംഭിച്ചപ്പോള്‍ത്തന്നെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. പ്രസ്താവന നടത്താനുള്ള ശ്രമം പ്രതിപക്ഷാംഗങ്ങള്‍ പരാജയപ്പെടുത്തി. ഇരുസഭയിലും പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. തൃണമൂല്‍കോണ്‍ഗ്രസ് അംഗങ്ങളും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രതിഷേധിച്ചു. രാജ്യസഭയില്‍ സിപിഐ എം അംഗങ്ങളാണ് പ്രതിഷേധ സൂചകമായി പ്രസ്താവന വലിച്ചുകീറിയത്. തൃണമൂല്‍ അംഗങ്ങളും പ്രതിപക്ഷത്തോടൊപ്പം ചേരുകയായിരുന്നു. ഇതോടെ സഭ മുന്നോട്ടുകൊണ്ടുപോകാനാകാതെ 12 മണിവരെ നിര്‍ത്തിവച്ചു. മന്ത്രിസഭാ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വ്യാപാരികള്‍ പലയിടത്തും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.

ചില്ലറവില്‍പ്പനമേഖല കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ പാര്‍ടി ഘടകങ്ങളോട് ആവശ്യപ്പെട്ടു. യോജിച്ച പ്രക്ഷോഭത്തിന് എല്ലാ രാഷ്ട്രീയ പാര്‍ടികളോടും സിപിഐ എം ആഹ്വാനംചെയ്തു. നാലു കോടി ചില്ലറവില്‍പ്പനക്കാരുടെ ജീവനോപാധി ഇല്ലാതാക്കാനും ഈ തീരുമാനം വഴിവയ്ക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നിടത്തൊക്കെ ചില്ലറവില്‍പ്പനക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് ലോകാനുഭവം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ചില്ലറവില്‍പ്പനക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, തീരുമാനത്തെ ന്യായീകരിച്ച് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ രംഗത്തുവന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ തീരുമാനം വഴിയൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. വിദേശകുത്തകകളുടെ വരവ് കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനംചെയ്യും. അതിനാല്‍ , സംസ്ഥാനങ്ങളൊന്നും വിദേശനിക്ഷേപത്തെ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷ- ആനന്ദ് ശര്‍മ പറഞ്ഞു.

യോജിച്ച് ചെറുക്കുക: സിപിഐ എം

ന്യൂഡല്‍ഹി: മള്‍ട്ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനെതിരെ യോജിച്ച് പൊരുതാന്‍ രാഷ്ട്രീയ പാര്‍ടികളോടും സിപിഐ എം അഭ്യര്‍ഥിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ശ്രമം നടന്നെങ്കിലും സര്‍ക്കാരിന് പിന്തുണച്ച ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ചില്ലറവില്‍പ്പനമേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ ആധിപത്യംഉറപ്പിക്കാനും നാലു കോടി ചില്ലറവില്‍പ്പനക്കാരുടെ ജീവനോപാധി ഇല്ലാതാക്കാനും ഈ തീരുമാനം വഴിവയ്ക്കുമെന്ന് പിബി പറഞ്ഞു. വന്‍വിലക്കയറ്റത്തിനും കാര്‍ഷിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും ഇടയിലാണ് ഈ തീരുമാനമെന്നത് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയമാണ് വ്യക്തമാകുന്നത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന് വ്യഗ്രത അമേരിക്കയുടെയും മറ്റ് പാശ്ചാത്യ സര്‍ക്കാരുകളുടെയും വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റാനാണ്. വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ തീര്‍ത്തും അപര്യാപ്തമാണ്. 520 കോടി നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് മാത്രമേ അനുവാദം നല്‍കൂ എന്ന നിബന്ധന വാള്‍മാര്‍ട്ട് തുടങ്ങിയ ശതകോടി ഡോളര്‍ ആസ്തിയുള്ള കമ്പനികള്‍ക്ക് എളുപ്പത്തില്‍ പാലിക്കാന്‍ കഴിയും. പത്തു ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍മാത്രമേ വിദേശകമ്പനികളെ അനുവദിക്കൂ എന്ന നിബന്ധന അത്തരം നഗരങ്ങളിലേക്ക് പോകാനേ ഈ കമ്പനികള്‍ക്ക് താല്‍പ്പര്യമുള്ളൂ എന്നതുകൊണ്ടുമാത്രം ഉണ്ടായതാണ്.

ലോകരാജ്യങ്ങളില്‍ കടകളുടെ സാന്ദ്രതയില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണ്. ആയിരംപേര്‍ക്ക് 11 കടയുള്ള ഇന്ത്യയില്‍ മൊത്തം 1.2 കോടി കടയാണുള്ളത്. ഇതില്‍ 95 ശതമാനവും സ്വയംതൊഴില്‍ സംരംഭമാണ്. ബഹുരാഷ്ട്ര കുത്തകകള്‍ ഈ രംഗത്ത് കടന്നുവരുന്നതോടെ നഗരങ്ങളിലെ ഈ ചില്ലറവില്‍പ്പനക്കാരുടെ ഭാവി തകരും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നിടത്തൊക്കെ ചില്ലറവില്‍പ്പനക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടെന്നാണ് ലോകാനുഭവം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ചില്ലറവില്‍പ്പനക്കാര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. വിദേശനിക്ഷേപത്തിന്റെ 50 ശതമാനം കോള്‍ഡ് സ്റ്റോറേജുകളും വിതരണശൃംഖലയും കെട്ടിപ്പടുക്കാനായിരിക്കുമെന്ന വാദവും അംഗീകരിക്കാനാകില്ല. ബഹുരാഷ്ട്രകുത്തകകള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സാധനം വാങ്ങുന്നത് അവര്‍ക്ക് ഒരിക്കലും ഗുണകരമാകില്ലെന്നാണ് ലോകാനുഭവം പഠിപ്പിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വില കുറയുമെന്നു മാത്രമല്ല കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന ഗുണമേന്മ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങാതിരിക്കാനുള്ള ന്യായമായും മാറും.

സംഭരണം നടത്താനുള്ള സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് വിദേശകമ്പനികളുടെ സംഭരണത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഭക്ഷ്യസുരക്ഷ ഇല്ലാതാക്കും. ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ക്കും വിദേശനിക്ഷേപം ദോഷംചെയ്യും. ബഹുരാഷ്ട്രകമ്പനികള്‍ വില മുന്‍കൂട്ടി നിശ്ചയിക്കുന്നതിനാല്‍ മത്സരം ഇല്ലാതാകുമെന്നു മാത്രമല്ല ചരക്കുകളുടെ വിതരണത്തിലുള്ള നിയന്ത്രണവും അവര്‍ക്ക് ലഭിക്കും. വിദേശ സാധനങ്ങള്‍ കമ്പോളത്തില്‍ കുമിഞ്ഞുകൂടാനും ഇത് കാരണമാകും. വിദേശകമ്പനികളുടെ സംഭരണശേഷി പൂഴ്ത്തിവയ്പിനും ഊഹക്കച്ചവടത്തിനും വഴിവയ്ക്കുകയും ചെയ്യും- പിബി പറഞ്ഞു.

മരുന്നു കമ്പനികളിലും 100% എഫ്ഡിഐ

ന്യൂഡല്‍ഹി: നിലവിലുള്ള മരുന്നുനിര്‍മാണ കമ്പനികളിലും ഉടന്‍ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുമെന്ന് കേന്ദ്ര രാസവസ്തു-രാസവളം മന്ത്രി ശ്രീകാന്ത് ജെന രാജ്യസഭയില്‍ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. മരുന്നുനിര്‍മാണരംഗത്ത് പുതിയ സംരംഭങ്ങളില്‍ നൂറുശതമാനം എഫ്ഡിഐ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. എഫ്ഡിഐ അനുവദിച്ചതു കൊണ്ടുണ്ടായ മാറ്റം പഠിക്കാന്‍ മരുന്നുകയറ്റുമതി പ്രോത്സാഹന കൗണ്‍സിലിനോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ചൊവ്വാഴ്ച കടകളടച്ചിടും

തൃശൂര്‍ : ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടച്ചിടും. കടകളടച്ച് കരിദിനം ആചരിക്കാന്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും കടകളടച്ച് പ്രതിഷേധിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആഹ്വാനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ എസ് ബിജുവും അറിയിച്ചു.

29ന് സംസ്ഥാന വ്യാപകമായി കടകളടച്ച് കരിദിനം ആചരിക്കും. ഡിസംബര്‍ 1, 2 തീയതികളില്‍ എല്ലാ ജില്ലയിലും വാഹന പ്രചാരണ ജാഥ നടത്തും. 6, 7 തീയതികളില്‍ എറണാകുളത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ 24 മണിക്കൂര്‍ ധര്‍ണ നടത്തും. സമിതി സംസ്ഥാന രക്ഷാധികാരി ഇ പി ജയരാജന്‍ എംഎല്‍എ ആറിന് ധര്‍ണ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 15ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാര്‍ലമെന്റ് മാര്‍ച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച പണിമുടക്കുന്ന വ്യാപാരികള്‍ സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. വന്‍കിടക്കാര്‍ക്കും വിദേശകുത്തകകള്‍ക്കും ദല്ലാള്‍പണി ചെയ്യുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം ജയപ്രകാശ് പറഞ്ഞു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഡിസംബര്‍ അഞ്ചിന് തൃശൂരില്‍ യോഗം ചേരുമെന്ന് പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ പ്രത്യാഘാതമുണ്ടാകുമെന്നും നസിറുദ്ദീന്‍ മുന്നറിയിപ്പു നല്‍കി.

deshabhimani 261111

1 comment:

  1. മള്‍ട്ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇതിനെതിരെ യോജിച്ച് പൊരുതാന്‍ രാഷ്ട്രീയ പാര്‍ടികളോടും സിപിഐ എം അഭ്യര്‍ഥിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ ശ്രമം നടന്നെങ്കിലും സര്‍ക്കാരിന് പിന്തുണച്ച ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കേണ്ടി വന്നതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete