Tuesday, November 29, 2011

സഭാസ്തംഭനം രാഷ്ട്രത്തെയും ജനങ്ങളെയും വിസ്മരിക്കുമ്പോള്‍

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാമാഴ്ച ആരംഭിച്ച ഇന്നലെയും ഇരുസഭകളും നടപടികളിലേയ്ക്ക് കടക്കാനാവാതെ പിരിഞ്ഞു. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധമാണ് ഇന്നലെയും സഭാനടപടികളുടെ സ്തംഭനത്തിലേയ്ക്ക് നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തളര്‍ച്ചയ്ക്ക് ഉത്തരവാദി പ്രതിപക്ഷമാണെന്നും ഇപ്പോഴത്തെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ കരട് നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്നും ധനമന്ത്രി പ്രണബ് മുക്കര്‍ജിയും ഗ്രാമവികസന മന്ത്രി ജയറാം രമേഷും മനുഷ്യവിഭവശേഷി-ടെലികോം മന്ത്രി കപില്‍ സിബലും നിയമമന്ത്രി സല്‍മാന്‍ കുര്‍ഷിദും ആരോപിക്കുകയുണ്ടായി. പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ധനമന്ത്രി നല്‍കുന്ന ഉപദേശം.

ശൈത്യകാല സമ്മേളനം ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ദിവസംവരെ സഭാനടപടികളുടെ സ്തംഭനത്തിലേയ്ക്ക് നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാല്‍ ആരാണ് വിശാല രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് എതിരെ നിലകൊള്ളുന്നതെന്നും ആരാണ് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും വ്യക്തമാവും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യമൂന്നു ദിവസങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെയും വിശാല ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന ദുര്‍വഹമായ വിലക്കയറ്റവും ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ സുസ്ഥിര നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന കള്ളപ്പണത്തിന്റെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് ഇടതുപക്ഷ പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ രണ്ടുവിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ വിസമ്മതിക്കുന്ന ഗവണ്‍മെന്റ് ആരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? അത് വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന കോടാനുകോടി പാവപ്പെട്ട ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയല്ല എന്ന് വ്യക്തം. വന്‍തോതിലുള്ള നാണ്യപ്പെരുപ്പത്തിന്റെയും രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും ദിനങ്ങളിലൂടെ കടന്നുപോകുന്ന രാഷ്ട്രം നികുതിവെട്ടിപ്പുകാരും അഴിമതിക്കാരുമുള്‍പ്പെട്ട സമാന്തര സമ്പദ്ഘടനയെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ ഏതു രാഷ്ട്ര താല്‍പ്പര്യത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്?

പാര്‍ലമെന്റിന്റെ കര്‍ത്തവ്യങ്ങളെപ്പറ്റി പര്‍വ്വത പ്രഭാഷണം നടത്തുന്ന മന്ത്രിമാരുള്‍പ്പെട്ട കേന്ദ്രസര്‍ക്കാരാണ് സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ചില്ലറ വില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് യഥേഷ്ടം നിക്ഷേപം നടത്താന്‍ വാതില്‍ തുറക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. സഭ സമ്മേളിച്ചിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനം എല്ലാ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളെയും കേവലമര്യാദകളെയും ലംഘിച്ചുകൊണ്ടാണ് പ്രഖ്യാപിച്ചത്. അത് പാര്‍ലമെന്ററി ജനാധിപത്യത്തിനുമേല്‍ എക്‌സിക്യൂട്ടീവ് നടത്തിയ നഗ്നമായ കടന്നാക്രമണമാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയെ തകര്‍ക്കുന്നതാണ് ഈ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ ശക്തമായ എതിര്‍പ്പ് ഗവണ്‍മെന്റിന്റെ മുന്നില്‍ നിരത്തിയിട്ടുള്ളതാണ്. ഈ തീരുമാനത്തില്‍ പ്രതിപക്ഷത്തെ മാത്രമല്ല സ്വന്തം മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഡി എം കെയും പോലും വിശ്വാസത്തിലെടുക്കാന്‍ ഗവണ്‍മെന്റ് സന്മനസ് കാണിച്ചില്ലെന്നത് ആരുടെ താല്‍പ്പര്യമാണ് ഭരണക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

യു പി എ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാഷ്ട്രത്തിന്റെയോ ജനങ്ങളുടെയോ താല്‍പ്പര്യമല്ല സംരക്ഷിക്കുന്നത്. അവരുടെ പ്രതിബദ്ധത രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റുകളോടാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യമുയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണസംവിധാനത്തിന് ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച നടത്താനും പരിഹാര നടപടി സ്വീകരിക്കാതിരിക്കാനും എങ്ങനെ കഴിയും? ഗുരുതരമായ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യത്തെ കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും അഴിമതിക്കാരെയും നിലയ്ക്കുനിര്‍ത്തുന്നതില്‍ നിന്ന് എങ്ങനെ മുഖം തിരിക്കാനാവും? രാജ്യത്തെ സുപ്രധാന തൊഴില്‍ മേഖലയായ ചില്ലറവില്‍പ്പന മേഖലയ്ക്കും ഉല്‍പ്പാദകരായ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുമെതിരെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാവും?

രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും തൊഴില്‍ മേഖലയും തകര്‍ക്കുന്ന വിലക്കയറ്റത്തിലും സാമ്പത്തിക തകര്‍ച്ചയിലും ഉഴലുന്ന ജനസാമാന്യത്തെ വിസ്മരിക്കുന്ന ഗവണ്‍മെന്റ് ജനാധിപത്യത്തെപ്പറ്റി നടത്തുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും കേവലം അധരസേവ മാത്രമായെ വിലയിരുത്താനാവൂ. ജനാധിപത്യത്തിന്റെ കരുത്തായ ജനകോടികളെയും രാഷ്ട്രത്തെയും വിസ്മരിച്ചുകൊണ്ട് പാര്‍ലമെന്റിനും ജനാധിപത്യത്തിനും തന്നെയും പ്രവര്‍ത്തിക്കാനാവില്ലെന്നാണ് പാര്‍ലമെന്റിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

editorial janayugom 291111

1 comment:

  1. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാമാഴ്ച ആരംഭിച്ച ഇന്നലെയും ഇരുസഭകളും നടപടികളിലേയ്ക്ക് കടക്കാനാവാതെ പിരിഞ്ഞു. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധമാണ് ഇന്നലെയും സഭാനടപടികളുടെ സ്തംഭനത്തിലേയ്ക്ക് നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തളര്‍ച്ചയ്ക്ക് ഉത്തരവാദി പ്രതിപക്ഷമാണെന്നും ഇപ്പോഴത്തെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ കരട് നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്നും ധനമന്ത്രി പ്രണബ് മുക്കര്‍ജിയും ഗ്രാമവികസന മന്ത്രി ജയറാം രമേഷും മനുഷ്യവിഭവശേഷി-ടെലികോം മന്ത്രി കപില്‍ സിബലും നിയമമന്ത്രി സല്‍മാന്‍ കുര്‍ഷിദും ആരോപിക്കുകയുണ്ടായി. പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ധനമന്ത്രി നല്‍കുന്ന ഉപദേശം.

    ReplyDelete