Wednesday, November 23, 2011

സമിതിയെ അട്ടിമറിച്ച് യുഎസ് കമ്പനികളെ സഹായിക്കുന്നു

പാര്‍ലമെന്ററി രീതിയും ചട്ടങ്ങളും ലംഘിച്ച് അമേരിക്കന്‍ ആണവകമ്പനികളെ ദുരന്തബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം.ആണവബാധ്യതാനിയമത്തിന്റെ ചട്ടങ്ങളെക്കുറിച്ച് പരാതി നല്‍കേണ്ട ലോക്സഭയുടെ സബോര്‍ഡിനേറ്റഡ് ലെജിസ്ലേഷന്‍ സമിതി പുനഃസംഘടിപ്പിക്കാതെ അമേരിക്കന്‍ കമ്പനികളെ രക്ഷിക്കാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നീക്കം. നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ച് 30 ദിവസത്തിനകം സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിക്ക് ചട്ടങ്ങളെക്കുറിച്ച് പരാതി നല്‍കണമെന്നാണ് പാര്‍ലമെന്ററി കീഴ്വഴക്കം. 11നാണ് ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. 12 ദിവസം പിന്നിട്ടു. സബോര്‍ഡിനേറ്റഡ് ലെജിസ്ലേഷന്‍ സമിതിയുടെ കാലാവധി ആഗസ്ത് 31ന് അവസാനിച്ചിരുന്നു. എന്നാല്‍ , ഇതുവരെയും പുതിയ സമിതിക്ക് രൂപം നല്‍കിയിട്ടില്ല. സിപിഐ എം ഉപനേതാവ് പി കരുണാകരനാണ് ഈ സമിതിയുടെ മുന്‍ അധ്യക്ഷന്‍ . അദ്ദേഹംതന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടതാണ്. എന്നാല്‍ , സിപിഐ എം നേതാവിന്റെകീഴില്‍ സമിതി പുനഃസംഘടിപ്പിച്ചാല്‍ പരാതികളില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത തീരുമാനമുണ്ടാകുമോ എന്ന ഭയമാണ് സര്‍ക്കാരിനെ അലട്ടുന്നത്.

സര്‍ക്കാര്‍ ചട്ടങ്ങളിലൂടെ നിയമത്തിന്റെ ഉള്ളടക്കത്തില്‍ അമേരിക്കന്‍ ആണവകമ്പനികള്‍ക്കായി വരുത്തിയ മാറ്റം മരവിപ്പിക്കപ്പെടുന്നത് സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാബില്ലിന്റെ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയപ്പോള്‍ നിയമത്തിന്റെ ഉള്ളടക്കത്തില്‍ വെള്ളം ചേര്‍ത്തിരുന്നു. ആണവകമ്പനികള്‍ നല്‍കുന്ന ഉപകരണങ്ങളുടെയോ വസ്തുക്കളുടെയോ കേടുപാടുകള്‍കൊണ്ടോ മറ്റോ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണെന്ന നിയമത്തിലെ നിര്‍ദേശമാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപകടമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് ചട്ടങ്ങളിലൂടെ മാറ്റിയത്. സര്‍ക്കാരിന്റെ നീക്കം നിയമത്തില്‍ വെള്ളംചേര്‍ക്കല്‍ മാത്രമല്ല നിയമത്തിന്റെതന്നെ ലംഘനമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഫുക്കുഷിമ ദുരന്തത്തിന് ശേഷവും അഞ്ച് വര്‍ഷത്തിനുശേഷം അപകടമുണ്ടായാല്‍ ആണവദാതാക്കള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന തീരുമാനം കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും യെച്ചൂരി അറിയിച്ചു.

deshabhimani 231111

1 comment:

  1. പാര്‍ലമെന്ററി രീതിയും ചട്ടങ്ങളും ലംഘിച്ച് അമേരിക്കന്‍ ആണവകമ്പനികളെ ദുരന്തബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമം.

    ReplyDelete