Thursday, November 24, 2011

ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് ജനസമ്പര്‍ക്കം നാളെ; പന്തലിന് മാത്രം 15 ലക്ഷം

കടക്കെണിയില്‍ പിടിച്ച് നില്‍ക്കാന്‍കഴിയാതെ കര്‍ഷകര്‍ ജീവനൊടുക്കുന്ന മണ്ണില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. കാലിനടിയില്‍ നിന്ന് അവസാന തരി മണ്ണും നീങ്ങിക്കൊണ്ടിരിക്കേ കാരുണ്യത്തിനായി കേഴുന്ന കര്‍ഷകനോട് ഒന്നും പറയാത്ത മുഖ്യമന്ത്രി എത്തുന്നത് റേഷന്‍ കാര്‍ഡിന്റെയും വീടിന്റേയും അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ . വെള്ളിയാഴ്ചയാണ് നാട് പൊടിപൂരമാക്കി സന്ദര്‍ശന മാമാങ്കം. അതിനായി ചെലവഴിക്കുന്നത് ലക്ഷങ്ങളും. പരിപാടി നടക്കുന്ന കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ പന്തലിടാനും വൈദ്യുതീകരണത്തിനുമായി മാത്രം ചെലവാക്കുന്നത് 15 ലക്ഷം രൂപ. പങ്കെടുക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണവും വാഹന ചെലവുകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ വേറെയും.

എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്. ആകെ ലഭിച്ച 17837 അപേക്ഷകളില്‍ 3669 പരാതികളും ഇത്തരത്തിലുള്ളതാണ്. ഇവയില്‍ നയപരമായ തീരുമാനമാണ് വേണ്ടതെന്നിരിക്കേ അപേക്ഷകര്‍ക്ക് എന്ത് മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുക എന്നതാണ് ചോദ്യം. ഭൂമിക്കും വീടിനും വേണ്ടിയുള്ള അപേക്ഷകളും കടാശ്വാസം ലഭിക്കാന്‍ 2530 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയവരും പുതുതായി അപേക്ഷ നല്‍കാനെത്തുന്നവരുമായി പതിനായിരങ്ങള്‍ വെള്ളിയാഴ്ച എസ്കെഎംജെ സ്കൂളിലെത്തും. ജില്ലയുടെ വിദൂരദേശങ്ങളിലുള്ളവര്‍ ഏറെ ത്യാഗം സഹിച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. ഇത്രയും ആളുകളെ വെറുതെ വിളിച്ച് വരുത്തി തിരിച്ചയക്കാനേ ജനസമ്പര്‍ക്ക പരിപാടി കൊണ്ട് സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനും വ്യത്യസ്ഥകാണങ്ങളാല്‍ നികുതി സ്വീകരിക്കാത്ത ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിനും പട്ടയം കൈവശരേഖ എന്നിവ ലഭിക്കുന്നതിനും പട്ടികവര്‍ഗ വിഭാഗത്തിന് ഭൂമി നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി അനുവദിച്ച് കിട്ടുന്നതിന് വേണ്ടിയും മറ്റുമാണ് കൂടുതല്‍ അപേക്ഷകളും ലഭിച്ചത്. നയപരമായ പ്രഖ്യാപനം നടത്തി വില്ലേജ് തലത്തിലോ പഞ്ചായത്ത്തലത്തിലോ പരിഹരിക്കാവുന്നവയാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വലിച്ചിഴക്കുന്നത്. വര്‍ഷങ്ങളായി പരിഹാരം കാണാതെ കിടക്കുന്ന ഭൂനികുതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനസമ്പര്‍ക്കപരിപാടിവരെ കാത്തിരിക്കണമോ എന്ന സംശയമാണ് ഉയരുന്നത്.

സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നു നടത്തേണ്ട ജനസമ്പര്‍ക്ക പരിപാടിയുടെ ചെലവിലേക്ക് പൊതുമേഖലാ ബാങ്കുകളും മുതല്‍മുടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലീഡ് ബാങ്കായ കനറാ ബാങ്ക് പരിപാടിക്കെത്തുന്നവര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കല്‍പ്പറ്റയിലെ ഒരു ബേക്കറിയില്‍ ആറായിരത്തിലേറെ ബന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായാണ് അറിയുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് വായ്പ പോലും നിഷേധിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്തിന് ബാങ്കിന്റെയും സംഭാവന. ഇത്തരം ചെലവുകള്‍ അനുവദനീയമല്ലെന്നാണ് ആക്ഷേപം.

ഒരുക്കം പൂര്‍ത്തിയായി

കല്‍പ്പറ്റ: മുഖ്യമന്തിയുടെ പൊതുജന സമ്പര്‍ക്കപരിപാടിയില്‍ ആകെ 17837 അപേക്ഷകള്‍ ലഭിച്ചതായി കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍15 വരെ കലക്ടറേറ്റിലും ഒക്ടോബര്‍ 21മുതല്‍ നവംബര്‍15 വരെ താലൂക്ക്ഓഫീസുകളിലും സ്വീകരിച്ച പരാതികള്‍ അതത് വകുപ്പിന് കൈമാറിയിട്ടുണ്ട്. പരാതിക്കാര്‍ കൈപ്പറ്റ് രശീതില്‍ രേഖപ്പെടുത്തിയ നമ്പറിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുളള ബന്ധപ്പെട്ട കൗണ്ടറുകളിലെത്തി മറുപടി കൈപ്പറ്റണമെന്നും കലക്ടര്‍ അറിയിച്ചു.

വികലാംഗരുടെയും വയോജനങ്ങളുടെയും പരാതികളാണ് ആദ്യം പരിഗണിക്കുക. രണ്ടാമത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിച്ച് റിപോര്‍ട്ട് ലഭിച്ച കേസുകളും തുടര്‍ന്ന് ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനായി പുതുതായി നല്‍കുന്ന അപേക്ഷകളും മൂന്നാമതായി ജനസമ്പര്‍ക്കവേദിയില്‍ സമര്‍പ്പിക്കുന്ന പരാതികളും പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു.കൗണ്ടറില്‍ നിന്നും നല്‍കുന്ന മറുപടിയില്‍ തൃപ്തരല്ലാത്ത അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാം. എല്ലാ ജില്ല തല ഉദ്യോഗസ്ഥരുടേയും സാന്നിധ്യം പരിപാടി അവസാനിക്കുന്നത് വരെ ഉറപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

deshabhimani 241111

1 comment:

  1. കടക്കെണിയില്‍ പിടിച്ച് നില്‍ക്കാന്‍കഴിയാതെ കര്‍ഷകര്‍ ജീവനൊടുക്കുന്ന മണ്ണില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. കാലിനടിയില്‍ നിന്ന് അവസാന തരി മണ്ണും നീങ്ങിക്കൊണ്ടിരിക്കേ കാരുണ്യത്തിനായി കേഴുന്ന കര്‍ഷകനോട് ഒന്നും പറയാത്ത മുഖ്യമന്ത്രി എത്തുന്നത് റേഷന്‍ കാര്‍ഡിന്റെയും വീടിന്റേയും അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ . വെള്ളിയാഴ്ചയാണ് നാട് പൊടിപൂരമാക്കി സന്ദര്‍ശന മാമാങ്കം. അതിനായി ചെലവഴിക്കുന്നത് ലക്ഷങ്ങളും. പരിപാടി നടക്കുന്ന കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂളില്‍ പന്തലിടാനും വൈദ്യുതീകരണത്തിനുമായി മാത്രം ചെലവാക്കുന്നത് 15 ലക്ഷം രൂപ. പങ്കെടുക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണവും വാഹന ചെലവുകള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ വേറെയും.

    ReplyDelete