Thursday, November 24, 2011

ജലനിരപ്പ് 120 അടിയാക്കണം: സര്‍വകക്ഷിയോഗം

സുരക്ഷ സംബന്ധിച്ച ആശങ്ക കനക്കവേ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജലവിഭവമന്ത്രിയുടെയും ദുരന്തനിവാരണ മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം ഉടന്‍ കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കണ്ട് ചര്‍ച്ച നടത്താനും തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരെ ഉപയോഗിച്ച് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. ഇടുക്കിയിലെ ഭ്രംശമേഖലയില്‍ ഒരുമാസത്തിനിടെ തുടര്‍ച്ചയായി 20 ഭൂചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് അടിയന്തര സര്‍വകക്ഷിയോഗം ചേര്‍ന്നത്.

പുതിയ ഡാം നിര്‍മിക്കുക മാത്രമാണ് പ്രശ്നത്തിനുള്ള പോംവഴിയെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തമിഴ്നാട് പിടിവാശി വിടണം. നിലവില്‍ തമിഴ്നാടിന് നല്‍കുന്ന വെള്ളം ഒരു തുള്ളി കുറയാതെ നല്‍കാം. കേരളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ ജലനിരപ്പ് 120 അടിയായി കുറച്ചേ മതിയാകൂ. നിലവില്‍ 136 അടിയാണ് ഡാമിന്റെ ശേഷി. തമിഴ്നാടിന് വേണ്ട വെള്ളം അവരുടെ റിസര്‍വോയറില്‍ സൂക്ഷിക്കണമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ ആറ് രേഖപ്പെടുത്തുന്ന ഭൂകമ്പത്തെ അതിജീവിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കഴിയില്ലെന്ന് റൂര്‍ക്കിഐഐടിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ 6.5 വരെയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഭൂകമ്പമുണ്ടായാല്‍ ഡാമിന്റെ അടിത്തറയിളകും. ഡാമിലെ 15 ടിഎംസി വെള്ളം ഒന്നിച്ച് ഒഴുകിച്ചെന്നാല്‍ ഇടുക്കിയിലെ ചെറുതോണി, കുളമാവ് ഡാമുകളും തകരും. ഇടുക്കി ആര്‍ച്ച് ഡാം കവിഞ്ഞൊഴുകും. ഇത് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 30 ലക്ഷം ജനങ്ങളെ തുടച്ചു നീക്കും. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതി ഭൂകമ്പത്തിന്റെ പശ്ചാത്തലത്തെപ്പറ്റി ഐഐടി റൂര്‍ക്കിയിലെ വിദഗ്ധരില്‍നിന്ന് കൂടുതല്‍ വിശദീകരണം തേടണം. പുതിയ ഡാം സംബന്ധിച്ച വിശദ പദ്ധതി റിപ്പോര്‍ട്ട് ഉന്നതതല സമിതിക്ക് മുന്നില്‍ വിവരിക്കാന്‍ ഇറിഗേഷന്‍ മുന്‍ ചീഫ് എന്‍ജിനിയര്‍ ഡോ. എം കോമളവല്ലിയമ്മയെ ചുമതലപ്പെടുത്തി. മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉല്‍ക്കണ്ഠ പ്രധാനമന്ത്രിയെയും കേന്ദ്ര ജലവിഭവ മന്ത്രിയെയും അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. അടിയന്തരസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പൊലീസ് സേനയെക്കൂടി ഉള്‍പ്പെടുത്തി ദുരന്തനിവാരണസേന വിപുലീകരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണത്തിന് ഡാം പരിസരത്ത് പ്രത്യേക സെല്‍ അടുത്ത മാസം തുടങ്ങും. കൂടാതെ ഡിജിറ്റല്‍ ഭൂകമ്പമാപിനി നെറ്റ്വര്‍ക്കും സ്ഥാപിക്കും. കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങള്‍ പണിയുന്നത് ഈ പ്രദേശത്ത് അപകടമാണെന്ന് മുന്നറിയിപ്പുണ്ട്- മന്ത്രി അറിയിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , വിവിധ കക്ഷികളെ പ്രതിനിധാനംചെയ്ത് സി ദിവാകരന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , ആര്‍ ബാലകൃഷ്ണപിള്ള, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, ജോണി നെല്ലൂര്‍ , തലേക്കുന്നില്‍ ബഷീര്‍ , എ എന്‍ രാധാകൃഷ്ണന്‍ , സി പി ജോണ്‍ , പി സി തോമസ് എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , നിവേദിതാ പി ഹരന്‍ , വി ജെ കുര്യന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

deshabhimani 241111

1 comment:

  1. സുരക്ഷ സംബന്ധിച്ച ആശങ്ക കനക്കവേ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജലവിഭവമന്ത്രിയുടെയും ദുരന്തനിവാരണ മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം ഉടന്‍ കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കണ്ട് ചര്‍ച്ച നടത്താനും തീരുമാനിച്ചു.

    ReplyDelete