Sunday, November 27, 2011

ചിഹ്നത്തില്‍ തട്ടി ലീഗ് ലയനം മുടങ്ങി

കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരായ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയില്‍നിന്ന് തടിതപ്പാനായി ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച നടത്താനിരുന്ന കേരള സംസ്ഥാന മുസ്ലിംലീഗ്- ഇന്ത്യന്‍ നാഷണല്‍ മുസ്ലിംലീഗ് ലയനം നീട്ടി. കേരള ലീഗിന്റെ ചിഹ്നമായ കോണി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ലയനം നീട്ടിയത്.

ഇ അഹമ്മദ് രണ്ടു പാര്‍ടിയിലും അംഗമായി തുടരുന്നത് തെരഞ്ഞെടുപ്പുചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് സ്ഥാപകന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ കൊച്ചുമകന്‍ ദാവൂദ് മിയാന്‍ഖാന്‍ നല്‍കിയ പരാതിയാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്. ലോക്സഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ 30നകം തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസിന് അഹമ്മദ് മറുപടി നല്‍കണം. കേരള സംസ്ഥാന മുസ്ലിംലീഗ് എന്നപേരില്‍ ഇ അഹമ്മദിന്റെ പേരിലാണ് കേരളത്തില്‍ പാര്‍ടി രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഇതേസമയം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ (ഐയുഎംഎല്‍) പ്രസിഡന്റായും ഇ അഹമ്മദ് തുടരുന്നു. കേരളഘട കത്തെ ഐയുഎംഎലില്‍ ലയിപ്പിച്ച് രണ്ടും ഒരു പാര്‍ടിയെന്ന് സ്ഥാപിക്കാനാണ് ശ്രമം. എന്നാല്‍ , ചിഹ്നത്തിന്റെ കാര്യത്തില്‍ ഈ ലയനംകൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യമായതോടെയാണ് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ഫലംകാണാതെ പിരിഞ്ഞത്.

കേരള ലീഗിന് അനുവദിച്ച ചിഹ്നമാണ് കോണി. ഈ ചിഹ്നം ഐയുഎംഎലിന് ലഭിക്കണമെന്നില്ല. ലയിച്ചാലും ഇപ്പോഴുള്ള നിയമപ്രതിസന്ധി പരിഹരിക്കാനാകില്ല. രണ്ടു പാര്‍ടിയും ഒന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കാന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ലയനസമ്മേളനം തീരുമാനിച്ചു. എന്നാല്‍ , ലയിക്കുന്നതിന്റെ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തെന്ന് ഇ അഹമ്മദും പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചിഹ്നം നഷ്ടപ്പെടുകയോ പാര്‍ടിക്ക് ഏതെങ്കിലും സ്ഥാനം നഷ്ടപ്പെടുകയോ ഇല്ലെന്നും മറിച്ച്, കൂടുതല്‍ ശക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുത്തു.

deshabhimani 271111

1 comment:

  1. കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരായ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയില്‍നിന്ന് തടിതപ്പാനായി ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച നടത്താനിരുന്ന കേരള സംസ്ഥാന മുസ്ലിംലീഗ്- ഇന്ത്യന്‍ നാഷണല്‍ മുസ്ലിംലീഗ് ലയനം നീട്ടി. കേരള ലീഗിന്റെ ചിഹ്നമായ കോണി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ലയനം നീട്ടിയത്.

    ReplyDelete