മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തരുടെ വിമര്‍ശനാത്മകമായ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടുത്ത അസഹിഷ്ണുത കാട്ടുന്നു. ഇടതുപക്ഷ പാര്‍ട്ടി മുഖപത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രകോപനപരമല്ലാത്ത ചോദ്യങ്ങളോട് പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസഹിഷ്ണുത പ്രകടമാക്കുന്നു. ജനകീയ വിഷയങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങളോട് മുഖം തിരിക്കുക, ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഇരിക്കുക, കസേരയില്‍ നിന്നെഴുന്നേറ്റ് പോകുക എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടും ക്രിയാത്മകമായും പ്രതികരിച്ചിരുന്ന മുഖ്യമന്ത്രിമാരുടെ നിരയാണ് കേരള ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇന്നുവരെ കേരളം ഭരിച്ച ഇടതു-വലത് മുഖ്യമന്ത്രിമാര്‍ സര്‍ക്കാരിനോ തനിക്കോ എതിരായ ചോദ്യങ്ങളോട് ഇത്രയധികം അസഹിഷ്ണുതയോടെ പെരുമാറിയിട്ടില്ല.
നിര്‍മല്‍ മാധവിന്റെ അനധികൃത കോളജ് പ്രവേശനവും തുടര്‍ന്നുണ്ടായ കോഴിക്കോട് വെടിവയ്പ്പും ഉണ്ടായ കാലം മുതല്ക്കാണ് മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനാത്മകമായ ചോദ്യങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാട്ടിത്തുടങ്ങിയത്. അന്ന് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്ത്താസമ്മേളനത്തിനിടിയില് കോഴിക്കോട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ അതിവേഗമില്ലേ എന്ന ചോദ്യം ചോദിച്ച ഇടതുപക്ഷ പത്രത്തിന്റെ റിപ്പോര്‍ട്ടറോട് കയര്‍ത്തു സംസാരിക്കാനും മുഖ്യമന്ത്രി തയ്യാറായി. സര്‍ക്കാരിനും തനിക്കും അനുകൂലമായ ചോദ്യങ്ങള്‍ ചോദിക്കാമെങ്കില്‍ മാത്രം താന്‍ മറുപടി പറയാം എന്ന നിലപാടാണ് മുഖ്യമന്ത്രി പലപ്പോഴും സ്വീകരിക്കുന്നത്.
ഇടതുപക്ഷ പത്രപ്രവര്‍ത്തകരോട് മാത്രമല്ല മുഖ്യമന്ത്രിയുടെ ഈ അസഹിഷ്ണുത. തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യങ്ങള്‍ വന്നാല്‍ ഒഴിഞ്ഞുമാറുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുന്നു. പാമോലിന്‍ സംബന്ധിച്ച ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി ഒരു വാര്‍ത്താ ചാനലിന്റെ അഭിമുഖത്തില്‍ നിന്ന് നേരത്തെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
മന്ത്രിസഭായോഗത്തിന് ശേഷം ഇന്നലെ നടത്തിയ വാര്ത്താസമ്മേളനച്ചിനിടയിലും മുഖ്യമന്ത്രിയുടെ അസഹിഷ്ണുത പ്രകടമായി. മദ്യനയത്തെക്കുറിച്ചുള്ള വി എം സുധീരന്റെ വിമര്‍ശനത്തെക്കുറിച്ച് 'ദേശാഭിമാനി' റിപ്പോര്‍ട്ടര്‍ ചോദ്യം ഉന്നയിച്ചു. ഈ സമയം തനിക്ക് വേറെ ജോലിയുണ്ട് എന്ന് പറഞ്ഞ് കസേരയില്‍ നിന്ന് മുഖ്യമന്ത്രി എഴുന്നേറ്റു. തുടര്‍ന്ന് വേറൊരു ചാനല്‍ പ്രതിനിധി ചോദ്യം ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ക്ക് മറുപടി പറയാമെന്ന് പറഞ്ഞ് ഇരിക്കുകയും ചെയ്തു. ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരെ പോലും രണ്ടായി കാണുന്ന സമീപനം മുമ്പൊരു മുഖ്യമന്ത്രിയും സ്വീകരിച്ചിട്ടില്ല.
മുമ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന വിവാദമായപ്പോള്‍ ഇത് സംബന്ധിച്ച ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് വേറെ പണിയുണ്ടെന്ന് മറുപടി നല്കി അതിവേഗം നടന്നുപോകുകയായിരുന്നു മുഖ്യമന്ത്രി. സ്വാഭാവികമായ പെരുമാറ്റ രീതി എന്നെല്ലാം പറഞ്ഞ് ഇതിന് ഒഴിവുകഴിവുകള്‍ നിരത്താമെങ്കിലും മുഖ്യമന്ത്രിയുടെ രീതി വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നു.
janayugom 241111
No comments:
Post a Comment