Friday, November 25, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- പിണറായി


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ഈ മേഖലയില്‍ ആവര്‍ത്തിക്കുന്ന ഭൂചലനവും കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേരള-തമിഴ്നാട് തര്‍ക്കം കോടതിക്കുപുറത്ത് പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ മുന്‍കൈ ആവശ്യമാണ്. സുപ്രിംകോടതി നിയോഗിച്ച സമവായത്തിനുള്ള ഉന്നതാധികാരസമിതിയുടെയും സുപ്രിംകോടതിയുടെയും ഇടപെടലും അടിയന്തരമായി ഉണ്ടാകണം. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പ്രധാനമാണ്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ജലവിഭവമന്ത്രി പി.കെ. ബന്‍സാല്‍ എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഡെല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിസംഗത തുടരുകയാണ്. ഇതിനു മാറ്റം വേണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. പക്ഷെ, ഈ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ തമിഴ്നാട് സമ്മതിക്കേണ്ടതുണ്ട്.

മുല്ലപ്പെരിയാറെന്നത് കേരള-തമിഴ്നാട് ജനതകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന വിഷയമാകാന്‍ പാടില്ല. അതിനുള്ള ജാഗ്രത ഇരുസംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും കാട്ടണം. തമിഴ്നാട്ടിലെ കൃഷിക്കും കുടിവെള്ളത്തിനും കുറവ് വരാതെ, കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതുതായി മൂന്ന് പൊട്ടലുകള്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭ്രംശമേഖലയില്‍ ഒരുമാസത്തിനിടെ തുടര്‍ച്ചയായി 20 ഭൂചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഗൗരവപൂര്‍ണമായി പ്രശ്നത്തെ സമീപിക്കാന്‍ തമിഴ്നാട് സര്‍ക്കാരും, സമവായത്തിന് കേന്ദ്രസര്‍ക്കാരും മുന്നോട്ടുവരണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മുല്ലപ്പെരിയാര്‍ : കേന്ദ്രം അനങ്ങുന്നില്ല മന്ത്രി ജോസഫ്

കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തുന്ന മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരിക്കുകയാണെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും ജോസഫ് പറഞ്ഞു. ഈ ആവശ്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ നിരാഹാരം കിടക്കും. മന്ത്രിസ്ഥാനമല്ല ജനങ്ങളാണ് വലുത്. കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരിക്കുന്നതെന്താണെന്ന് മനസിലാവുന്നില്ല. ദേശീയപാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. കോണ്‍ഗ്രസ് അഭിപ്രായം പറയണം.

മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ആശങ്കമൂലം ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. പുതിയ അണക്കെട്ടിന്റെ ചെലവ് വഹിക്കാം. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട.് തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായം പറയുന്നില്ല. ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണുമെന്നും മന്ത്രി പറഞ്ഞു.

deshabhimani news

2 comments:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയവും ഈ മേഖലയില്‍ ആവര്‍ത്തിക്കുന്ന ഭൂചലനവും കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

    ReplyDelete
  2. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. കേരളത്തിലെ മുഴുവന്‍ എംപിമാരും ചേര്‍ന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള വൈകാരിക പ്രശ്നമായി ഇതിനെ കാണാതെ രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. വൈകാരികമായി സമീപിച്ച് വിഷയം കുഴപ്പത്തിലാക്കരുതെന്ന് പ്രധാനമന്ത്രിയും പറഞ്ഞു. അതേസമയം, പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്നാണ് രാവിലെ കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. പ്രശ്നം കോടതിയിലാണെന്നും സല്‍മാന്‍ തുടര്‍ന്നു.

    ReplyDelete