Thursday, November 24, 2011

മെഡി. കോളേജുകളില്‍ ഗ്ലൂക്കോസില്ല

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഗ്ലൂക്കോസിനും ശസ്ത്രക്രിയക്കുള്ള സൂചിക്കും നൂലിനും കടുത്ത ക്ഷാമം. ഗ്ലൂക്കോസ് ഡ്രിപ്പായ ഐവി (ഇന്‍ട്രാ വീനസ്) ഫ്ളൂയിഡും നോര്‍മല്‍ സലൈനും തീര്‍ന്നിരിക്കയാണ്. സര്‍ജിക്കല്‍ ഉപകരണങ്ങളായ ബി പി ബ്ലേഡ്, സുറ്റേഴ്സ് (തുന്നാനുള്ള നൂലുകള്‍), ഫോളീസ് കത്തീറ്റര്‍ , ഗ്ലൗസ് എന്നിവയും ഡ്രിപ്പ്സെറ്റ്, നീഡിലുകള്‍ എന്നിവയും ലഭ്യമല്ല. അവശ്യമരുന്നുകള്‍ക്കു പുറമെ ഇവയും വലിയ തുക കൊടുത്ത് പുറത്തുനിന്നു വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍ .

ഗ്ലൂക്കോസ് ഡ്രിപ്പുകളടക്കമുള്ള അവശ്യമരുന്നുകളുടെ വിതരണം ദിവസങ്ങള്‍ക്കകം നിലയ്ക്കുമെന്ന് സ്റ്റോര്‍ സൂപ്രണ്ടുമാര്‍ ആരോഗ്യ വകുപ്പ് അധികൃതരെയും മെഡിക്കല്‍ കോര്‍പറേഷനെയും മാസങ്ങള്‍ക്കുമുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ , മരുന്നു ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. മരുന്ന് ലഭ്യമാകുന്നില്ലെന്നും വിതരണത്തിന് ടെന്‍ഡര്‍ ഏടുക്കാന്‍ ആളില്ലെന്നുമാണ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ സ്റ്റോര്‍ സൂപ്രണ്ടുമാരെ അറിയിക്കുന്നത്. രക്താര്‍ബുദ രോഗികള്‍ക്കു വേണ്ട കുത്തിവയ്പ്പായ എല്‍ -അസ്പാര്‍ജിനേസ്, അര്‍ബുദ രോഗത്തിനുള്ള കുത്തിവയ്പുകളായ സിറ്ററാബിന്‍ , ഡോക്സോറൂബിസിന്‍ , ഡോണോറൂബിസിന്‍ , സൈക്ലോഫോസ്ഫോമൈഡ്, പാക്ലിടാക്സല്‍ , ഞരമ്പു സംബന്ധമായ അസുഖങ്ങള്‍ക്കുളള ഇഞ്ചക്ഷനായ ഐവി ഐജി, ശ്വാസകോശ അസുഖങ്ങള്‍ക്കുള്ള ഡെറിഫിലിന്‍ , ചിക്കന്‍പോക്സിനുള്ള എസൈക്ലോവിര്‍ , ഓര്‍ത്തോ രോഗത്തിനുള്ള ആന്റിബയോട്ടിക്കുകളായ അമിക്കാസിന്‍ , സിസൊറോക്സിന്‍ , രക്തസമ്മര്‍ദത്തിനുള്ള മരുന്നുകളായ അറ്റനെലോള്‍ , എനലാപ്രില്‍ എന്നിവയും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ലഭിക്കുന്നില്ല.

മരുന്ന് ലഭ്യമാക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും നേരത്തെയുണ്ടായിരുന്ന കമ്പനികളില്‍ പകുതിമാത്രമേ പുതിയ ഓര്‍ഡറുകള്‍ നല്‍കിയുള്ളൂ. മെഡിക്കല്‍ കോര്‍പറേഷന് ഫണ്ട് കൈമാറുന്നതിനും സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. മെഡിക്കല്‍ കോര്‍പറേഷന്‍ എംഡി ബിജുപ്രഭാകരന് മറ്റ് മൂന്നു വകുപ്പില്‍കൂടി ചാര്‍ജുണ്ട്. മെഡിക്കല്‍ കോര്‍പറേഷനു പുറമെ ലോട്ടറിയുടെ ചാര്‍ജും ഡ്രഗ്സ് കണ്‍ട്രോളറും കൂടിയാണ് അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രശംസാവഹമായ പ്രവര്‍ത്തനങ്ങളിലൂടെ മെഡിക്കല്‍ കോര്‍പറേഷനെ പരാതിരഹിതമാക്കിയ എംഡിയെ ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ബിജു പ്രഭാകരന് ഭാരിച്ച മൂന്നു വകുപ്പുകള്‍ കൂടി നല്‍കിയത്.
(മിഥുന്‍ കൃഷ്ണ)

deshabhimani 241111

1 comment:

  1. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഗ്ലൂക്കോസിനും ശസ്ത്രക്രിയക്കുള്ള സൂചിക്കും നൂലിനും കടുത്ത ക്ഷാമം. ഗ്ലൂക്കോസ് ഡ്രിപ്പായ ഐവി (ഇന്‍ട്രാ വീനസ്) ഫ്ളൂയിഡും നോര്‍മല്‍ സലൈനും തീര്‍ന്നിരിക്കയാണ്. സര്‍ജിക്കല്‍ ഉപകരണങ്ങളായ ബി പി ബ്ലേഡ്, സുറ്റേഴ്സ് (തുന്നാനുള്ള നൂലുകള്‍), ഫോളീസ് കത്തീറ്റര്‍ , ഗ്ലൗസ് എന്നിവയും ഡ്രിപ്പ്സെറ്റ്, നീഡിലുകള്‍ എന്നിവയും ലഭ്യമല്ല. അവശ്യമരുന്നുകള്‍ക്കു പുറമെ ഇവയും വലിയ തുക കൊടുത്ത് പുറത്തുനിന്നു വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാര്‍ .

    ReplyDelete