Tuesday, May 22, 2012

നഷ്ടം 1.8 ലക്ഷം കോടി


സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരിഖനത്തിന് അനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച പൊതുമേഖലാ കമ്പനികളെ ഒഴിവാക്കിയുള്ള കണക്കാണിത്. പൊതു-സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്ക് 2004 മുതല്‍ 2009 വരെ ലേലം നടത്താതെ ഖനത്തിന് അനുമതി നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വകാര്യമേഖലയ്ക്ക് ഖനാനുമതി നല്‍കിയതുവഴിയുണ്ടായ നഷ്ടത്തിന്റെ കണക്കാണ് അന്തിമ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ സ്പെക്ട്രം ഇടപാടിനെ മറികടന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായി കല്‍ക്കരിഖനി അഴിമതി മാറുകയാണ്. സ്പെക്ട്രം കുംഭകോണത്തില്‍ 1.76 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കല്‍ക്കരിഖനി അഴിമതി പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. ഇരുസഭയിലും ചോദ്യോത്തരവേള തടസ്സപ്പെട്ടു. യുപിഎ ഭരണകാലത്തെ അഴിമതികള്‍ ഒന്നൊഴിയാതെ പുറത്തുവരികയാണെന്ന് ലോക്സഭയില്‍ സിപിഐ എം നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. ഖനി ഇടപാട് സംയുക്ത പാര്‍ലമെന്ററിസമിതി അന്വേഷിക്കണമെന്ന ആവശ്യവും സിപിഐ എം മുന്നോട്ടുവച്ചു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. മെയ് 11ന് സിഎജി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസവും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. കല്‍ക്കരിമന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി സിഎജി നഷ്ടക്കണക്ക് പരിശോധിച്ചത്. പൊതുമേഖലാ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിലൂടെ സംഭവിച്ച നഷ്ടം പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യം മന്ത്രാലയം മുന്നോട്ടുവച്ചു. എന്നാല്‍, പൊതുമേഖലയെ ഒഴിവാക്കിയശേഷവും ടുജി സ്പെക്ട്രത്തെക്കാള്‍ വലിയ അഴിമതിയാണിതെന്ന് വ്യക്തമായിരിക്കയാണ്.

2004 മുതല്‍ 2009 വരെ പൊതു-സ്വകാര്യ മേഖലകളിലെ 155 കമ്പനികള്‍ക്കാണ് ലേലം നടത്താതെ ഖനാനുമതി നല്‍കിയത്.പൊതു-സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നെന്ന സിഎജി പ്രാഥമികറിപ്പോര്‍ട്ട് കഴിഞ്ഞ മാര്‍ച്ച് 22നാണ് പുറത്തായത്. 2ജി അഴിമതിയിലെന്ന പോലെ കേന്ദ്രമന്ത്രിമാര്‍ സിഎജിക്ക് എതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് പിഴവുള്ളതാണെന്ന് മന്ത്രിമാര്‍ വാദിച്ചു. നിലപാട് വിശദീകരിച്ച് സിഎജി വിനോദ് റായ് പ്രധാനമന്ത്രിക്ക് കത്ത് എഴുതി. അന്തിമ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്ന കത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ ശ്രമം. എന്നാല്‍, അന്തിമ റിപ്പോര്‍ട്ട് വന്നതോടെ പ്രധാനമന്ത്രി കാര്യാലയവും പ്രതിക്കൂട്ടിലായി.

സിഎജിക്കെതിരെ മന്ത്രിമാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ മാര്‍ച്ച് 27ന് വിനോദ് റായ് രംഗത്തെത്തിയിരുന്നു. ആഗോളമായി അംഗീകരിക്കപ്പെട്ട ഓഡിറ്റര്‍മാരാണ് സിഎജിയുടെ കണക്ക്തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള കല്‍ക്കരിയുടെ വില അടിസ്ഥാനമാക്കിയാണ് സിഎജി സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കിയത്. കോള്‍ ഇന്ത്യ ലിമിറ്റഡ് ഖനികളിലെ ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തി കല്‍ക്കരി ഉല്‍പ്പാദനത്തിന് സ്വകാര്യകമ്പനികള്‍ക്ക് ചെലവാകുന്ന തുക കണക്കാക്കുകയാണ് സിഎജി ചെയ്തത്. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓരോ ഖനിയില്‍നിന്നുമുള്ള കല്‍ക്കരിയുടെ വിപണിവിലയില്‍ നിന്ന് ഉല്‍പ്പാദനച്ചെലവ് കുറച്ച് കല്‍ക്കരിവില്‍പ്പനയിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭവും കണക്കാക്കി.

deshabhimani 230512

1 comment:

  1. സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരിഖനത്തിന് അനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച പൊതുമേഖലാ കമ്പനികളെ ഒഴിവാക്കിയുള്ള കണക്കാണിത്. പൊതു-സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്ക് 2004 മുതല്‍ 2009 വരെ ലേലം നടത്താതെ ഖനത്തിന് അനുമതി നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വകാര്യമേഖലയ്ക്ക് ഖനാനുമതി നല്‍കിയതുവഴിയുണ്ടായ നഷ്ടത്തിന്റെ കണക്കാണ് അന്തിമ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ സ്പെക്ട്രം ഇടപാടിനെ മറികടന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായി കല്‍ക്കരിഖനി അഴിമതി മാറുകയാണ്. സ്പെക്ട്രം കുംഭകോണത്തില്‍ 1.76 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു.

    ReplyDelete