Monday, May 7, 2012

ഒഞ്ചിയം മേഖലയില്‍ 67 വീടുകള്‍ തകര്‍ത്തു

ഒഞ്ചിയം മേഖലയില്‍ യുഡിഎഫ് ക്രിമിനലുകളും പാര്‍ടി വിരുദ്ധരും അഴിഞ്ഞാട്ടം തുടരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമികളുടെ തേര്‍വാഴ്ച. ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയരുന്നത്. നിരവധി കുടുംബങ്ങള്‍ അക്രമം ഭയന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഞായറാഴ്ച പുലര്‍ച്ചെയോടെ 37 വീടുകള്‍ കൂടി അക്രമികള്‍ തകര്‍ത്തു. ഇതോടെ രണ്ട് ദിവങ്ങളിലായി ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ അക്രമികള്‍ തകര്‍ത്ത വീടുകളുടെ എണ്ണം 67ആയി. ഇതില്‍ ഒരു വീട് പൂര്‍ണമായും അഗ്നിക്കിരയാക്കി. തകര്‍ത്ത വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കൊള്ളയും നടക്കുന്നുണ്ട്. പ്രദേശത്തെ പാര്‍ടി ഓഫീസുകളും വായനശാലകളും സ്തൂപങ്ങളും അക്രമി സംഘം തകര്‍ത്തു. ആറ് കാറുകളും രണ്ട് ഓട്ടോറിക്ഷകളും എട്ടു ബൈക്കുകളും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. രണ്ട് പിക്കപ്പ് വാനുകളും തകര്‍ത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഓര്‍ക്കാട്ടേരിയിലെ മണ്ടോടി കണ്ണന്‍ സ്മാരക മന്ദിരത്തിന് തീവെക്കുകയും ടിവിയും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇവിടെ നിന്ന് നൂറോളം കസേരകളും ടിവി സ്റ്റാന്‍ഡും മോഷണം പോയി. നിരവധി ഫയലുകളാണ് കത്തിച്ചാമ്പലായത്. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. ഒഞ്ചിയം രക്തസാക്ഷികളുടെ ഓര്‍മകള്‍ ജീവിക്കുന്ന രക്തസാക്ഷി സ്ക്വയറിന്റെ വാതില്‍പ്പടിയും ജനല്‍പാളികളും അക്രമികള്‍ തകര്‍ത്തു. തൊട്ടടുത്തുള്ള, ശില്‍പിയും സംവിധായകനുമായ പ്രഭകുമാര്‍ ഒഞ്ചിയത്തിന്റെ വീടും അടിച്ചുനിരത്തി. പതാകകള്‍ കൂട്ടിയിട്ട് തീവെച്ച സംഘം കൊലവിളി നടത്തിയാണ് തിരിച്ചുപോയത്. ഒഞ്ചിയത്തെ പി പി ഗോപാലന്‍ സ്മാരക വായനശാല, ആദിയൂര്‍ രക്തസാക്ഷി സ്തൂപം ബാലവാടിയിലെ ഇഎംഎസ് ഭവന്‍, മുയിപ്രയിലെ കേളുഏട്ടന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയും അക്രമികള്‍ പൂര്‍ണമായും തകര്‍ത്തു. വായനശാല കുത്തിത്തുറന്ന് എകെജിയുടെയും കേളുഏട്ടന്റെ അടക്കം നൂറ് കണക്കിന് പുസ്തകങ്ങളും ഫര്‍ണിച്ചറുകളും തൊട്ടടുത്ത വീടിന്റെ കിണറ്റില്‍ തള്ളി.

ഒഞ്ചിയത്തെ ടെയ്ലറിംഗ് ഷോപ്പില്‍ തയ്ക്കാന്‍ കൊടുത്ത കെ പി രാജേഷിന്റെയും കുടുംബത്തിന്റെയും വിവാഹ വസ്ത്രങ്ങള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. 50,000 രൂപയുടെ വസ്ത്രങ്ങളും തുന്നല്‍ക്കടയും അഗ്നിക്കിരയായി. ഈ മാസം 27ന് ഗൃഹപ്രവേശം നിശ്ചയിച്ച ഓര്‍ക്കാട്ടേരിയിലെ പടയന്‍ കണ്ടി രവിയുടെ വീട് അടിച്ചുതകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടെ വരുത്തിയത്. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ബാലകൃഷ്ണന്റെ ഒഞ്ചിയം ബാങ്കിന് സമീപമുള്ള പലചരക്ക്കട തകര്‍ത്ത അക്രമിസംഘം രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചു. സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം അടിനിലം കുനി ബാലന്റെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 30 അംഗ സംഘം വീട് തകര്‍ത്ത് ഒന്നരപ്പവന്റെ സ്വര്‍ണമാലയും 40,000 രൂപയും കൊള്ളയടിച്ചു.

നാദാപുരം റോഡില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരം അക്രമികള്‍ വെള്ളിയാഴ്ച രാത്രി കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്ടി മാസ്റ്റര്‍ സ്മാരക വായനശാലയും അടിച്ചുതകര്‍ത്തു. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടി പി രാജന്‍, ഒഞ്ചിയം ഏരിയകമ്മിറ്റി അംഗം കെ കെ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ വീടുകളും അക്രമികള്‍ തകര്‍ത്തിരുന്നു. എന്‍ ബാലകൃഷ്ണന്റെ ബൈക്ക് തകര്‍ത്ത് കുളത്തില്‍ എറിയുകയും കാറ് പൂര്‍ണമായും കത്തിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഈ വീടുകളില്‍ ഉണ്ടായത്.
(മിഥുന്‍ കൃഷ്ണ)

ജനപ്രതിനിധികള്‍ തിങ്കളാഴ്ച സന്ദര്‍ശിക്കും നുണപ്രചാരണവുമായി മാധ്യമങ്ങളും

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സിപിഐ എമ്മിന് നേരെ നീങ്ങുന്നുവെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം ദുരുദ്ദേശ്യപരവും യുഡിഎഫിന്റെ രാഷ്ട്രീയലക്ഷ്യത്തെ സഹായിക്കാനുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കൊലപാതകത്തില്‍ സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും അസന്ദിഗ്ധമായി പറഞ്ഞുകഴിഞ്ഞതിനുശേഷവും പാര്‍ടിക്ക് നേരെ കള്ളപ്രചാരണം നടത്തുന്ന ത് ദുഷ്ടലാക്കോടെയാണ്. യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ കള്ളപ്രചാരണം അവസാനിപ്പിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സിപിഐ എം ഏരിയാ കമ്മിറ്റികള്‍ സംശയത്തിന്റെ നിഴലിലെന്ന് എഴുതിയ പത്രങ്ങളും സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങളും അവരുന്നയിക്കുന്ന വാദത്തിന്റെ അടിസ്ഥാനം വ്യക്തമാക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നിരിക്കെ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ പൊലീസ് മാധ്യമങ്ങളുമായി പങ്കുവെക്കുന്നുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കേണ്ടതുണ്ട്.

ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് സിപിഐ എം പരസ്യമായി ആവശ്യപ്പെട്ടതാണ്. പാര്‍ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. സിപിഐ എമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കുന്ന വിധത്തില്‍ കേസന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് ന്യായീകരിക്കത്തക്കതല്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്റെ കൊലപാതകം എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു എന്ന പ്രചാരണം ഞങ്ങള്‍ നേരത്തെ ഉന്നയിച്ച ആശങ്ക ദൃഢീകരിക്കുന്നതാണ്.

ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ ഹീനമായ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളും കടകളും പാര്‍ടി ഓഫീസുകളും വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. നേതാക്കളെയും പ്രവര്‍ത്തകരെയും കൊലപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. ചില വീടുകളും വാഹനങ്ങളും തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നതിനുപോലും ആളുകള്‍ ഭയപ്പെടുന്നു. അക്രമികളുടെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം മലയില്‍ സുരേന്ദ്രന്‍, സഹോദരന്‍ അശോകന്‍, അമ്മ നാരായണി എന്നിവര്‍ ഇപ്പോഴും വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൊലീസ് തയാറാവണം.

ആക്രമിക്കപ്പെട്ട സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസും ആശുപത്രിയില്‍ കഴിയുന്നവരെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം, ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടരിയേറ്റ് അംഗങ്ങളായ പി മോഹനന്‍, സി ഭാസ്കരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തിന് ഇരയായ വീടുകളും പാര്‍ടി ഓഫീസുകളും ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ തിങ്കളാഴ്ച സന്ദര്‍ശിക്കും.

ഇത് കൊടും ക്രൂരത

വടകര: ""ഓപ്പറേഷന്‍ കഴിഞ്ഞ എന്റെ മകള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ല. കിടക്കാനോ ഇരിക്കാനോ ഇവിടെ ഒന്നുമില്ല. എല്ലാം അവര്‍ നശിപ്പിച്ചു. അകം മുഴുവന്‍ കുപ്പിച്ചീളുകളാണ്. ഞങ്ങളോട് എന്തിനാ ഇങ്ങനെ? എന്തു തെറ്റാ ഞങ്ങള് ചെയ്തത്?""-അക്രമികള്‍ തകര്‍ത്ത വീടിന് മുന്നില്‍നിന്ന് മുയിപ്ര തച്ചറത്ത് താഴകുനി ജാനു വിതുമ്പി... ടി പി ചന്ദ്രശേഖരന്റെ കൊലപാതകശേഷം പ്രദേശത്ത് യുഡിഎഫ് ക്രിമിനലുകളും പാര്‍ടി വിരുദ്ധരും നടത്തുന്ന ആക്രമണങ്ങളില്‍ ഇരകളായ നൂറുകണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ് ജാനു. ജാനുവിന്റെ മകള്‍ ബിന്ദുവിന് ഓപ്പറേഷന്‍ കഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വെള്ളിയാഴ്ച രാത്രി മുപ്പതോളം വരുന്ന സംഘമാണ് ഇവരുടെ വീട്ടിലെത്തി അക്രമം നടത്തിയത്. പാര്‍ടി അനുഭാവിയായ മകന്‍ ബാബു പ്രകടനത്തിന് പോലും പോകാറില്ല. പിന്നെന്തിനാണ് അക്രമികള്‍ തങ്ങളെ ഉപദ്രവിക്കുന്നതെന്നും ജാനു ചോദിക്കുന്നു.

രാത്രി വീട്ടിലെത്തിയ അക്രമികള്‍ ഇവരുടെ വീടിന്റെ വാതിലുകളും ജനല്‍പാളികളും വീട്ടുപകരണങ്ങളും അടിച്ചുതകര്‍ത്തു. കക്കൂസും കുളിമുറിയും അടിച്ചുതകര്‍ത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍. ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമമെന്ന് ജാനുവും മകളും വേദനയോടെ പറഞ്ഞു. ജാനുവടക്കം ഓര്‍ക്കാട്ടേരി മേഖലയിലെ മുഴുവന്‍ കുടുംബങ്ങളും ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. ഏതുസമയത്താണ് അക്രമികള്‍ വീട് കൈയടക്കുക എന്നറിയില്ല. നശിപ്പിക്കാവുന്നതെല്ലാം അക്രമികള്‍ നശിപ്പിക്കട്ടെ എന്ന മനോഭാവത്തിലാണ് പൊലീസ്. അതിനാല്‍ ആരോടാണ് തങ്ങളുടെ വേദന പറയുകയെന്ന വേവലാതിയിലാണ് നാട്ടുകാര്‍. രണ്ടുദിവസമായി ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസ് സമീപനം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാരകായുധങ്ങളുമായാണ് അക്രമം. സിപിഐ എം പ്രവര്‍ത്തകരുടേത് മാത്രമല്ല, അനുഭാവികളുടെ വീടുകളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികളുടെ വിളയാട്ടം.

ഭീതി വിട്ടൊഴിയാതെ കൃഷ്ണനും കുടുംബവും

വടകര: "വീടിനുനേരേ തുരുതുരാ കല്ലേറ്. തീപ്പന്തങ്ങളുമായി അവര്‍ പാഞ്ഞടുത്ത് വരുന്നത് ഞങ്ങളറിഞ്ഞില്ല. തീയും പുകയും നിറഞ്ഞപ്പോള്‍ വീടിനകത്തുനിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല". മരണത്തെ മുഖാമുഖം കണ്ട നിമിഷം. ഒഞ്ചിയം വെണ്‍മണിയിലെ വടക്കയില്‍ കൃഷ്ണനും ഭാര്യ ഭാരതിയും നിറകണ്ണുകളോടെയാണ് കഴിഞ്ഞ ദിവസത്തെ അനുഭവം പങ്കുവെച്ചത്. "ജീവന്‍ തിരിച്ച് കിട്ടുമെന്ന് വിശ്വസിച്ചില്ല. ആത്മധൈര്യം മാത്രം കൈമുതലാക്കി ഭാര്യയുടെ കൈപിടിച്ച് ഞാനും മകനും അക്രമികള്‍ക്കിടയിലൂടെ പുറത്തേക്ക് ചാടി". ഭീതി വിട്ടുമാറാതെ ആ ഭീകര ദൃശ്യം കൃഷ്ണന്‍ പങ്കുവെച്ചു.

"ഞങ്ങളെന്ത് പിഴച്ചു. ചന്ദ്രശേഖരന്റെ മരണത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. കുടുംബത്തെ ഒന്നടങ്കം ചുട്ടെരിക്കാനായിരുന്നു അവരുടെ ലക്ഷ്യം". ഭാരതിയും മകന്‍ ജിതേഷും പറഞ്ഞു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വെള്ളിയാഴ്ച രാത്രി ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളില്‍ പാര്‍ടി വിരുദ്ധ സംഘം അഴിച്ചുവിട്ട ഭീകരതയില്‍ കൃഷ്ണന്റേതുപോലുള്ള മുപ്പതോളം വീടുകളാണ് അക്രമത്തിനിരയായത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് കൃഷ്ണന്റെ വീടിന് നേരെ അയല്‍വാസികള്‍ ഉള്‍പ്പെടുന്ന ഇരുപതോളം അക്രമിസംഘം അഴിഞ്ഞാടിയത്. വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും ചുട്ടുചാമ്പലാക്കിയതിന് ശേഷം കൃഷ്ണന്റെ മകളുടെ വീട്ടാവശ്യത്തിന് കരുതിവെച്ച മരത്തിനും തീക്കൊടുത്തു. വീട്ടുകാര്‍ ജീവനുംകൊണ്ട് ഓടിയിട്ടും അരിശം തീരാതെ അക്രമികള്‍ കിണറ്റില്‍ വിഷം കലക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും ഒഞ്ചിയം മേഖലയില്‍ വിവരണാതീതമായ അക്രമമാണുണ്ടായത്.
(കെ കെ ശ്രീജിത്)


deshabhimani 070512

1 comment:

  1. ഒഞ്ചിയം മേഖലയില്‍ യുഡിഎഫ് ക്രിമിനലുകളും പാര്‍ടി വിരുദ്ധരും അഴിഞ്ഞാട്ടം തുടരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് അക്രമികളുടെ തേര്‍വാഴ്ച. ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയരുന്നത്. നിരവധി കുടുംബങ്ങള്‍ അക്രമം ഭയന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഞായറാഴ്ച പുലര്‍ച്ചെയോടെ 37 വീടുകള്‍ കൂടി അക്രമികള്‍ തകര്‍ത്തു. ഇതോടെ രണ്ട് ദിവങ്ങളിലായി ഓര്‍ക്കാട്ടേരി, ഒഞ്ചിയം മേഖലയില്‍ അക്രമികള്‍ തകര്‍ത്ത വീടുകളുടെ എണ്ണം 67ആയി. ഇതില്‍ ഒരു വീട് പൂര്‍ണമായും അഗ്നിക്കിരയാക്കി. തകര്‍ത്ത വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കൊള്ളയും നടക്കുന്നുണ്ട്. പ്രദേശത്തെ പാര്‍ടി ഓഫീസുകളും വായനശാലകളും സ്തൂപങ്ങളും അക്രമി സംഘം തകര്‍ത്തു. ആറ് കാറുകളും രണ്ട് ഓട്ടോറിക്ഷകളും എട്ടു ബൈക്കുകളും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. രണ്ട് പിക്കപ്പ് വാനുകളും തകര്‍ത്തിട്ടുണ്ട്.

    ReplyDelete