Monday, May 7, 2012

ക്രോസ് സബ്സിഡി അട്ടിമറിക്കുന്നു; വൈദ്യുതിനിരക്ക് കുതിക്കും


വൈദ്യുതി നിരക്ക് സംബന്ധിച്ച് സംസ്ഥാനം പിന്തുടരുന്ന ക്രോസ് സബ്സിഡി സമ്പ്രദായം അട്ടിമറിക്കുന്നു. 2003ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി കുറയ്ക്കാനുള്ള നിയമനിര്‍മാണത്തിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചു. കാര്‍ഷിക-ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കുകയും ഈ നഷ്ടം പരിഹരിക്കാന്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുകയും ചെയ്യുന്നതാണ് ക്രോസ് സബ്സിഡി. ക്രോസ് സബ്സിഡി ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ വന്‍കിടക്കാര്‍ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. നിയമം നടപ്പാക്കുന്നതോടെ വീടുകളിലെയും കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയുടെയും നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിക്കും. സൗജന്യ വൈദ്യുതിയും ഇല്ലാതാകും. നിലവിലുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ ഹര്‍ജി പരിഗണനയിലിരിക്കെയാണ് കമീഷന്റെ തീരുമാനം.

ഗാര്‍ഹിക-കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനുള്ള യഥാര്‍ഥ ചെലവിനേക്കാള്‍ കുറഞ്ഞനിരക്ക് ഇടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണമെന്നാണ് റെഗുലേറ്ററി കമീഷന്റെ വിശദീകരണം. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കമീഷന്‍ ക്ഷണിച്ചിട്ടുണ്ട്. 25നു പകല്‍ 11.30ന് തിരുവനന്തപുരത്തെ കമീഷന്‍ ആസ്ഥാനത്ത് ഹിയറിങ് നടക്കും. ക്രോസ് സബ്സിഡികള്‍ 20 ശതമാനത്തില്‍ കൂടരുതെന്നാണ് കേന്ദ്രനയം ശുപാര്‍ശ ചെയ്യുന്നത്. ക്രോസ് സബ്സിഡി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും റെഗുലേറ്ററി കമീഷന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കേന്ദ്ര നിയമത്തിലെ 108-ാം വകുപ്പ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ റെഗുലേറ്ററി കമീഷന് നയപരമായ നിര്‍ദേശം നല്‍കി ഇതു സംരക്ഷിക്കുകയായിരുന്നു. കൃഷി ആവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 65 പൈസയാണ് നിലവില്‍ ഈടാക്കുന്നത്. 2002 ഒക്ടോബറിനു ശേഷം ഇതില്‍ വര്‍ധനയുണ്ടായിട്ടില്ല. കാര്‍ഷിക വൈദ്യുതി നിരക്ക് 1.65 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ ക്രോസ് സബ്സിഡിയും ഇല്ലാതാകുന്നത് കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടും.
(ആര്‍ സാംബന്‍)

deshabhimani 070512

1 comment:

  1. വൈദ്യുതി നിരക്ക് സംബന്ധിച്ച് സംസ്ഥാനം പിന്തുടരുന്ന ക്രോസ് സബ്സിഡി സമ്പ്രദായം അട്ടിമറിക്കുന്നു. 2003ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി കുറയ്ക്കാനുള്ള നിയമനിര്‍മാണത്തിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചു. കാര്‍ഷിക-ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കുകയും ഈ നഷ്ടം പരിഹരിക്കാന്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുകയും ചെയ്യുന്നതാണ് ക്രോസ് സബ്സിഡി. ക്രോസ് സബ്സിഡി ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ വന്‍കിടക്കാര്‍ ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. നിയമം നടപ്പാക്കുന്നതോടെ വീടുകളിലെയും കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിയുടെയും നിരക്ക് മൂന്നിരട്ടിയിലധികം വര്‍ധിക്കും. സൗജന്യ വൈദ്യുതിയും ഇല്ലാതാകും. നിലവിലുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ ഹര്‍ജി പരിഗണനയിലിരിക്കെയാണ് കമീഷന്റെ തീരുമാനം.

    ReplyDelete