Thursday, May 3, 2012

സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നിയമജ്ഞര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്


ഇ-മെയില്‍ കേസില്‍, ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നിയമജ്ഞര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ വിജു വി നായര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും നിയമജ്ഞരുടെയും മറ്റു പ്രമുഖരുടെയും പേര് വെളിപ്പെടുത്താനാകില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേസ് ഡയറിയില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യാജവാര്‍ത്ത പുറത്തുവിടുക വഴി മുസ്ലിം മതവികാരം ഇളക്കിവിട്ട് വര്‍ഗീയകലാപത്തിന് വിജു വി നായര്‍ വഴിതെളിക്കുകയായിരുന്നുവെന്നാണ് ആരോപണം. വിജു വി നായരും കഴിഞ്ഞദിവസം റിമാന്‍ഡിലായ മൂന്നാംപ്രതി അഡ്വ. കുറ്റിച്ചല്‍ ഷാനവാസും ബിജു സലീമിനെ പ്രേരിപ്പിച്ച് ഇ-മെയില്‍ ലിസ്റ്റ് ചോര്‍ത്തിയെടുക്കുകയും ആഭ്യന്തരസുരക്ഷ വിഭാഗം എസ്പിയുടെ പേരില്‍ വ്യാജരേഖ തയ്യാറാക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച ഇ-മെയില്‍ ലിസ്റ്റും വ്യാജരേഖയുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ഷാനവാസ് നിരോധിതസംഘടനയുടെ ഭാരവാഹികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന ഗൂഢാലോചനയിലും ഷാനവാസ് പങ്കെടുത്തു. ഷാനവാസിന്റെ ഓഫീസില്‍നിന്ന് ഭീകരസംഘടനകളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങള്‍, നിരവധി രേഖകള്‍, രണ്ട് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ് എന്നിവ കണ്ടെടുത്തു. ഷാനവാസിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഷാനവാസിനെ വ്യാഴാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാംപ്രതിയായ ഡോ. ദസ്തക്കിര്‍ ഒളിവിലാണ്. ബിജു സലീമിന് ഗൂഢാലോചനയില്‍ പങ്കാളിയാകാന്‍ സഹായിക്കുന്ന തരത്തില്‍ അവധി ലഭിക്കുന്നതിനാവശ്യമായ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഡോ. ദസ്തക്കിറിനെതിരെയുള്ള ആരോപണം.

ജനുവരി 16നു പുറത്തിറങ്ങിയ "മാധ്യമം" വാരികയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരുനൂറ്റമ്പതോളം മുസ്ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നതായി വാര്‍ത്തവന്നത്.

deshabhimani 030512

1 comment:

  1. ഇ-മെയില്‍ കേസില്‍, ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നിയമജ്ഞര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ വിജു വി നായര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും നിയമജ്ഞരുടെയും മറ്റു പ്രമുഖരുടെയും പേര് വെളിപ്പെടുത്താനാകില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേസ് ഡയറിയില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ReplyDelete