Friday, May 4, 2012

ജനരോഷം തടയാന്‍ യുഡിഎഫ് വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു: പിണറായി

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭം നേരിടാന്‍ യുഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കൊല്ലം താലൂക്ക് ഓഫീസിനു മുന്നില്‍ സിപിഐഎം നടത്തിയ പിക്കറ്റിങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച കേരളത്തിലെ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും സിപിഐഎം പ്രവര്‍ത്തകര്‍ പിക്കറ്റുചെയ്തു. ജനദ്രോഹ ഭരണത്തിനെതിരെ സംസ്ഥാനത്ത് അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാന്‍ യുഡിഎഫ് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ്. ജാതീയവും സാമുദായികവുമായ ചേരി തിരിവുകള്‍ ഉണ്ടാക്കി ജനങ്ങള്‍ ഒരുമിച്ചുകൂടുന്നതും സമരം നടത്തുന്നതും ഇല്ലാതാക്കാനാണ് ശ്രമം.
സംസ്ഥാനത്ത് ഫലത്തില്‍ ഭരണം ഇല്ലാതായി. ബോര്‍ഡും വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ചിലര്‍ പോകുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാര്‍ ആര്‍ക്കും സമയമില്ല. മറ്റു കാര്യങ്ങളിലാണ് പലരുടെയും ശ്രദ്ധ. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് പോകുന്നു. വിലക്കയറ്റം അതിരൂക്ഷമായി. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങള്‍ ആശങ്കയിലാണ്. ഇതിനു മുന്‍പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നതുപോലെ പൊതുമേഖലയടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തകര്‍ത്തു.

കശുവണ്ടി, കയര്‍, കൈത്തറിമേഖലകളിലെ തൊഴിലാളികള്‍ ആശങ്കയിലാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയാല്‍ എന്തു സംഭവിക്കുമെന്നറിയാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ നടപടികള്‍ തൊഴില്‍മേഖലകളെയെല്ലാം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും യോജിച്ച പ്രക്ഷോഭത്തില്‍ അണിചേരണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

കാലുമാറ്റത്തിന്റെ ജാള്യത മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി കള്ളക്കഥ മെനയുന്നു: കോടിയേരി

ശെല്‍വരാജിന്റെ കാലുമാറ്റത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പങ്കുണ്ടെന്നും കാലുമാറ്റത്തിന്റെ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രി എല്‍ഡിഎഫിനെതിരെ കള്ളപ്രചരണം നടത്തുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടകയില്‍ യെദ്യൂരപ്പ ചെയ്ത കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയ വാദികളുടെ പ്രതിനിധിയായി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയെയും ന്യൂനപക്ഷ വര്‍ഗീയ വാദികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെയും പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളം കണ്ട ഏറ്റവും ജനദ്രോഹ ഭരണമാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെത്. കേരള ഭരണം നിയന്ത്രിക്കുന്നത് ലീഗാണെന്നും പാണക്കാട് തങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും കോടിയേരി പറഞ്ഞു. കെപിസിസി എക്സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനുമായി കോണ്‍ഗ്രസ് നേതാക്കളല്ല ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് ചര്‍ച്ച ചെയ്ത് പ്രശ്നം തീര്‍ത്തത്. ഇത്തരത്തില്‍ ലീഗിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

deshabhimani news

1 comment:

  1. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭം നേരിടാന്‍ യുഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കൊല്ലം താലൂക്ക് ഓഫീസിനു മുന്നില്‍ സിപിഐഎം നടത്തിയ പിക്കറ്റിങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച കേരളത്തിലെ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും സിപിഐഎം പ്രവര്‍ത്തകര്‍ പിക്കറ്റുചെയ്തു. ജനദ്രോഹ ഭരണത്തിനെതിരെ സംസ്ഥാനത്ത് അലയടിച്ചുയരുന്ന പ്രക്ഷോഭങ്ങളെ തണുപ്പിക്കാന്‍ യുഡിഎഫ് ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ്. ജാതീയവും സാമുദായികവുമായ ചേരി തിരിവുകള്‍ ഉണ്ടാക്കി ജനങ്ങള്‍ ഒരുമിച്ചുകൂടുന്നതും സമരം നടത്തുന്നതും ഇല്ലാതാക്കാനാണ് ശ്രമം.

    ReplyDelete