Sunday, May 6, 2012
അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍: കോടിയേരി
ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍വരെ ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ ഇടപെടുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രതിനിധിസമ്മേളനം എം കെ പന്ഥെ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
പോസ്റ്റ്മോര്‍ട്ടം നടന്ന കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മുറി അടക്കം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചത് കേസ് അന്വേഷണത്തെ സ്വാധീനിക്കാനും ഇന്‍ക്വസ്റ്റിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും എന്ത് എഴുതണമെന്ന് നിര്‍ദേശിക്കാനുമാണ്. തനിക്ക് വധഭീഷണി ഉണ്ടെന്ന് ചന്ദ്രശേഖരന്‍ പലതവണ നേരില്‍കണ്ട് പറഞ്ഞുവെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വെളിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ അലംഭാവംകൊണ്ടാണ് കൊലപാതകം നടന്നത്.
സംഭവം നടന്നയുടന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കൊലപാതകത്തിനു പിന്നില്‍ സിപിഐ എമ്മാണെന്ന് പ്രതികരിച്ചത് ദുരൂഹമാണ്. അപ്പോള്‍പിന്നെ പൊലീസ് അന്വേഷണം എന്തിനാണ്. സിപിഐ എം പ്രവര്‍ത്തകരെ പ്രതി ചേര്‍ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമം. പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് നെയ്യാറ്റിന്‍കര എംഎല്‍എയെ രാജിവയ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെയും രാജിവയ്പിക്കാന്‍ കിട്ടിയില്ല. അപ്പോള്‍ സിപിഐ എമ്മിനെതിരെ കള്ളപ്രചാരവേലയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
സിപിഐ എമ്മിനെതിരായ കള്ളപ്രചാരവേല മുമ്പും ഉണ്ടായിട്ടുണ്ട്. നാദാപുരത്ത് മുസ്ലിം സ്ത്രീയെ സിപിഐ എമ്മുകാര്‍ ബലാത്സംഗം ചെയ്തെന്ന പ്രചാരണം കളവായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. പശ്ചിമബംഗാളില്‍ 1972ല്‍ അര്‍ധ ഫാസിസ്റ്റ് വാഴ്ചയ്ക്ക് തുടക്കം കുറിച്ചതും പാര്‍ടിക്കെതിരായ ഇത്തരം കള്ളപ്രചാരണങ്ങളിലൂടെയാണ്. ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവിനെ കൊലപ്പെടുത്തിയത് സിപിഐ എമ്മുകാരാണെന്നായിരുന്നു പ്രചാരണം. രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം ശാരീരികമായി ഉന്മൂലനം ചെയ്യുന്നത് സിപിഐ എം രീതിയല്ല. അക്രമവും കൊലപാതകവുംകൊണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും ഇല്ലാതാക്കാനാകില്ല. അങ്ങനെയെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാകുമായിരുന്നില്ല. യുഡിഎഫും സര്‍ക്കാരും ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ ഇത്തരമൊരു ഗൂഢാലോചന ആരെ സഹായിക്കാനാണെന്ന് പരിശോധിക്കണം. മന്ത്രിമാര്‍ പ്രഖ്യാപിച്ച വഴിയെപോകാതെ നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം- കോടിയേരി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കൂട്ടുപ്രതികള്‍: വി എസ്
തൃശൂര്‍: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടും ടി പി ചന്ദ്രശേഖരന് ഒരുസംരക്ഷണവും നല്‍കാതിരുന്നവര്‍ അദ്ദേഹത്തിന്റെ കൊലപാതകകേസിലെ കൂട്ടുപ്രതികളാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കമ്യൂണിസ്റ്റുകാരനും ഈ നിഷ്ഠൂരകൃത്യത്തിന് മുതിരില്ലെന്ന് വ്യക്തമാണ്. ഈ പൈശാചിക കൃത്യം ചെയ്ത നരാധമന്‍മാരെ കണ്ടെത്തി നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കുറ്റമറ്റ അന്വേഷണം നടത്തണം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ പാര്‍ടി അപലപിച്ചിട്ടുമുണ്ട്. ചന്ദ്രശേഖരനെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്നും വിഎസ് പറഞ്ഞു.
പ്രതികളെ മുന്‍കൂട്ടി നിശ്ചയിക്കുന്നത് ശരിയല്ല: പന്ന്യന്‍
ആലപ്പുഴ: അക്രമങ്ങളെയും അനിഷ്ടസംഭവങ്ങളെയും മുന്‍വിധിയോടെ കാണുന്നതും പ്രതികളെ മുന്‍കൂട്ടി നിശ്ചയിക്കുന്നതും ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴ നഗരചത്വരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. കോഴിക്കോട്ടെ കൊലപാതകം ക്വട്ടേഷന്‍സംഘം നടത്തിയതാണെന്നാണ് വിവരം. ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് ആരെന്ന് കണ്ടെത്തണം. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. പകരം മുന്‍വിധിയോടെ സംഭവത്തെ കാണുന്നതും പ്രതികളെ നിശ്ചയിക്കുന്നതും ശരിയല്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡന്റ് കെ ഇ ഇസ്മയില്‍ എംപി അധ്യക്ഷനായി. സ്വാഗതസംഘം പ്രസിഡന്റ് തമ്പി മേട്ടുതറ സ്വാഗതം പറഞ്ഞു. ടി പുരുഷോത്തമന്‍, സി എന്‍ ചന്ദ്രന്‍, എം പി അച്യുതന്‍ എംപി, ടി ജെ ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു.
deshabhimani 060512
Labels:
ഓഞ്ചിയം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment