Sunday, May 6, 2012

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കനക്കുന്നു


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെയും ജനങ്ങളെയും വഞ്ചിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കൂട്ടായ പ്രതിഷേധമാണ് ഉയരുന്നത്. എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന് സമൂഹത്തിന്റെ നാനാതുറയില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ജില്ലാകോണ്‍ഗ്രസ് നേതൃത്വംതന്നെ ഹര്‍ത്താലിന് അനുകൂലമാണെന്ന ധ്വനിയാണ് നല്‍കുന്നത്. ഡിസിസിയുടെ അഭ്യര്‍ഥനമാനിച്ച് പത്തിന് നടത്താനിരുന്ന ഹര്‍ത്താല്‍ ഒമ്പതിലേക്ക് മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചതും എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാണുന്ന അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് സംശയരഹിതമായി തെളിയിക്കുന്ന കോഴിക്കോട് സര്‍വകലാശാല സാമൂഹ്യാരോഗ്യ വിഭാഗം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് കീടനാശിനി ലോബിയുടെ താല്‍പര്യത്തിനുസരിച്ച് തിരുത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശമാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തെ വീണ്ടും തട്ടിയുണര്‍ത്തിയത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാണകമ്പനിയായ എക്സലിന്റെ ജനറല്‍ മാനേജരായ എസ് ഗണേശനുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടില്‍ തീരുത്തല്‍ വരുത്തണമെന്നായിരുന്നു ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മെഡിക്കല്‍ കോളേജിന് അയച്ച കത്തില്‍ പറഞ്ഞത്. സുപ്രിംകോടതി നിയോഗിച്ച ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം വിവിധ തലത്തില്‍ പലവട്ടം പരിശോധനക്ക് വിധേയമാക്കി അംഗീകരിച്ച റിപ്പോര്‍ട്ടാണ് തിരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയക്കുന്നത്. ആരോഗ്യവകുപ്പിന്റെ കീഴില്‍നടന്ന റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന് വകുപ്പ് മേധാവിതന്നെ ആവശ്യപ്പെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. എക്സല്‍ കമ്പനിയുടെ ജനറല്‍ മാനേജരുമായി സര്‍ക്കാരിന് എന്ത് ബന്ധമാണുള്ളതെന്ന് ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന് വേണ്ടി മുമ്പും രംഗത്ത് വന്നിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി. സുപ്രിംകോടതിയില്‍ ഡിവൈഎഫ്ഐ നല്‍കിയിട്ടുള്ള കേസിനെ ദുര്‍ബലമാക്കാനാണ് റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്ന് വ്യക്തം.

മനുഷ്യരെ കൂട്ടത്തോടെ കൊല്ലുന്ന മാരക വിഷം നിരോധിക്കണമെന്നത് ജനങ്ങളുടെ ആകെ ആവശ്യമാണ്. ഇതിനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ സുപ്രിംകോടതിയില്‍ കേസിനുേ പായത്. ഹര്‍ജി പരിഗണിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങളും ഡിവൈഎഫ്ഐയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തിയ വാദം സുപ്രിംകോടതിയും അംഗീകരിച്ചുവെന്നത് ശ്രദ്ധേയമാണ്. എന്നിട്ടും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ കീടനാശിനി ലോബിയുടെ ദല്ലാളായതാണ് ജനങ്ങളില്‍ പ്രതിഷേധം ശക്തമാകാന്‍ കാരണം. പലതരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ ഇതിനകം നടന്നിട്ടും കീടനാശിനി കമ്പനിക്ക് വേണ്ടി കത്തയച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. ഇതോടെയാണ് കൂടുതല്‍ ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് മുന്നോട്ട് വന്നത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതികളുടെ പിന്തുണയും ഹര്‍ത്താലിനുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

deshabhimani 060512

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെയും ജനങ്ങളെയും വഞ്ചിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കൂട്ടായ പ്രതിഷേധമാണ് ഉയരുന്നത്. എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിന് സമൂഹത്തിന്റെ നാനാതുറയില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ജില്ലാകോണ്‍ഗ്രസ് നേതൃത്വംതന്നെ ഹര്‍ത്താലിന് അനുകൂലമാണെന്ന ധ്വനിയാണ് നല്‍കുന്നത്. ഡിസിസിയുടെ അഭ്യര്‍ഥനമാനിച്ച് പത്തിന് നടത്താനിരുന്ന ഹര്‍ത്താല്‍ ഒമ്പതിലേക്ക് മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചതും എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനാണ്.

    ReplyDelete