Sunday, May 6, 2012

ക്വട്ടേഷന്‍സംഘത്തെ മുമ്പ് കണ്ണൂരിലെത്തിച്ചും കലാപശ്രമം


രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയും പ്രതിസന്ധികള്‍ മറികടക്കാനും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്ന രീതി യുഡിഎഫ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1995ല്‍ ചണ്ഡീഗഢില്‍ പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുന്ന സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ പണവും തോക്കും കൊടുത്ത് രണ്ടു പേരെ അയച്ചത് യുഡിഎഫ് നേതാക്കളായ കെ സുധാകരനും എം വി രാഘവനുമായിരുന്നു. കൊടുംക്രിമിനലുകളായ ആര്‍എസ്എസ്സുകാര്‍- വിക്രംചാലില്‍ ശശിയും പേട്ട ദിനേശനുമാണ് അന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ട്രെയിനില്‍വച്ച് ഇ പി ജയരാജനെ വെടിവച്ച ഇരുവരും ആന്ധ്ര പൊലീസിന്റെ പിടിയിലായി. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സുധാകരനും എം വി രാഘവനുമുള്ള പങ്ക് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ആന്ധ്രാ ഗവണ്‍മെന്റില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി എഫ്ഐആര്‍ തിരുത്തിച്ചു. ഇ പി ജയരാജന്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തെ തുടര്‍ന്നുള്ള കേസ് ആന്ധ്ര കോടതിയുടെ പരിഗണനയിലാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ ക്വട്ടേഷന്‍ ബന്ധം വീണ്ടും കൈയോടെ പിടിക്കപ്പെട്ടു. തൃശൂര്‍ ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാടക ഗുണ്ടകള്‍ അന്ന് യുഡിഎഫിനുവേണ്ടി കണ്ണൂരിലെത്തി. ഇവര്‍ സഞ്ചരിച്ച രണ്ടു വാഹനവും മൂന്നാളുകളും ഡിസിസി ഓഫീസ് കവാടത്തില്‍നിന്ന് പൊലീസിന്റെ പിടിയിലായി. വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള യുഡിഎഫ് പദ്ധതിയാണ് അന്ന് പുറത്തായത്. കൊടും ക്രിമിനലുകളായ മധുര ജോഷി, ചാര്‍ളി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് വാഹനങ്ങളിലാണ് സംഘം കണ്ണൂരിലെത്തി ഡിസിസി ഓഫീസില്‍ കേന്ദ്രീകരിച്ചത്. ഇതില്‍ രണ്ടു വാടകക്കൊലയാളികളെയും വഴികാണിക്കുന്ന ജില്ലാബാങ്ക് ജീവനക്കാരനെയുമാണ് കെഎല്‍ 17- 2410 വെള്ള ക്വാളിസില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ഗുണ്ടകളുമായെത്തിയ കെഎല്‍ 08 എസ് 2421 ക്വാളിസും കാള്‍ടെക്സ് പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കൊലയാളി സംഘത്തെയും സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍നിന്ന് വിടണമെന്ന ആവശ്യവുമായി കെ സുധാകരന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ബഹളം വച്ചു. അറസ്റ്റിലായ ക്രിമിനലുകളെ ചോദ്യംചെയ്യാതെ വിടുവിക്കാന്‍ തുടര്‍ന്ന് സുധാകരന്‍ 12 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു.

യുഡിഎഫ് സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്താണ് ക്വട്ടേഷന്‍ സംഘത്തെ കണ്ണൂരിലെത്തിച്ചത്. അപ്രതീക്ഷിത രാഷ്ട്രീയ കൊലപാതകം നടത്തി ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഗൂഢപദ്ധതി. സ്ഥാനാര്‍ഥി കെ സുധാകരനും അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നുവെന്നതിന് സാഹചര്യത്തെളിവുകള്‍ ഏറെ. വോട്ടെടുപ്പുദിവസം പുതുപ്പള്ളിയില്‍നിന്ന് തിടുക്കപ്പെട്ട് ആകാശമാര്‍ഗമാണ് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയത്. കൊലപാതകം നടന്നാല്‍ അത് രാഷ്ട്രീയകൊടുങ്കാറ്റാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെ കോട്ടയം പുതുപ്പള്ളിയില്‍ വോട്ട് ചെയ്ത ഉമ്മന്‍ ചാണ്ടി വൈകിട്ട് മൂന്നോടെ കണ്ണൂരിലെത്തിയത്. ജില്ലയില്‍ എവിടെയെങ്കിലും വലിയ ആക്രമണവും കൊലപാതകവും നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാനുമായിരുന്നു പരിപാടി. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാളെയാണ് അന്ന് ക്വട്ടേഷന്‍ സംഘം ലക്ഷ്യമാക്കിയതെന്നും സൂചനയുണ്ടായിരുന്നു.
(മനോഹരന്‍ മോറായി)

deshabhimani 060512

1 comment:

  1. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയും പ്രതിസന്ധികള്‍ മറികടക്കാനും ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്ന രീതി യുഡിഎഫ് തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1995ല്‍ ചണ്ഡീഗഢില്‍ പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുന്ന സിപിഐ എം നേതാക്കളെ കൊലപ്പെടുത്താന്‍ പണവും തോക്കും കൊടുത്ത് രണ്ടു പേരെ അയച്ചത് യുഡിഎഫ് നേതാക്കളായ കെ സുധാകരനും എം വി രാഘവനുമായിരുന്നു. കൊടുംക്രിമിനലുകളായ ആര്‍എസ്എസ്സുകാര്‍- വിക്രംചാലില്‍ ശശിയും പേട്ട ദിനേശനുമാണ് അന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ട്രെയിനില്‍വച്ച് ഇ പി ജയരാജനെ വെടിവച്ച ഇരുവരും ആന്ധ്ര പൊലീസിന്റെ പിടിയിലായി. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ സുധാകരനും എം വി രാഘവനുമുള്ള പങ്ക് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ആന്ധ്രാ ഗവണ്‍മെന്റില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി എഫ്ഐആര്‍ തിരുത്തിച്ചു. ഇ പി ജയരാജന്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തെ തുടര്‍ന്നുള്ള കേസ് ആന്ധ്ര കോടതിയുടെ പരിഗണനയിലാണ്.

    ReplyDelete