Thursday, May 3, 2012

ബാറുകളുടെ സമയംമാറ്റി കോണ്‍ഗ്രസ് കോടികള്‍ കൊയ്തു


സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം പാതിരാത്രിവരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കുറ്റകൃത്യങ്ങള്‍ കുത്തനെ പെരുകാന്‍ വഴിമരുന്നിടുമെന്ന് പൊലീസിന് കടുത്ത ആശങ്ക.

ബാറുകളുടേയും വിദേശമദ്യ ചില്ലറവില്‍പന ശാലകളുടേയും പ്രവര്‍ത്തനസമയം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുപകരം അര്‍ധരാത്രി വരെ ദീര്‍ഘിപ്പിക്കാനുള്ള ഉത്തരവ് വന്‍ക്രമസമാധാന തകര്‍ച്ചയ്ക്കു മാത്രമല്ല കുടുംബജീവിതങ്ങള്‍ തകരാനും ഗാര്‍ഹിക അക്രമങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കാനും ഇടയാക്കുമെന്നാണ് പൊലീസിനു പുറമേ സാമൂഹ്യശാസ്ത്രജ്ഞന്മാരുടേയും വിലയിരുത്തല്‍. സംസ്ഥാനത്ത് രാഷ്ട്രീയവിവാദങ്ങളുടെ കൊടുങ്കാറ്റിളക്കുന്നതിലെ ശ്രദ്ധാകേന്ദ്രീകരണത്തിന്റെ മറപിടിച്ചായിരുന്നു ഈ വിവാദ ഉത്തരവ്.
അബ്കാരി ലോബിയെ പ്രീണിപ്പിക്കാന്‍വേണ്ടി പുറത്തിറക്കിയ ഈ ഉത്തരവിന്റെ മറവില്‍ എക്സൈസ് വകുപ്പു ഭരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ ബാറുടമകളില്‍ നിന്നു കോടികളുടെ കോഴപിരിച്ചിട്ടുണ്ടെന്നും ഇതിനിടെ ആരോപണമുയരുന്നു. ബാറുകളുടെ സമയമാറ്റത്തിനുവേണ്ടി ഓരോ ബാറില്‍ നിന്നും ബിസിനസ്സിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ രൂപയാണ് കോഴയായി സംഭരിക്കുന്നതെന്ന് അബ്കാരി വൃത്തങ്ങളില്‍ നിന്ന് അറിവായി.

സംസ്ഥാനത്ത് 714 ബാറുകളാണുള്ളത്. സമയമാറ്റ ഉത്തരവുവഴി വകുപ്പു ഭരിക്കുന്ന കോണ്‍ഗ്രസ് അനേകകോടികളുടെ കോഴ കൊയ്തിട്ടുണ്ടെന്നാണ് വിദേശമദ്യവില്‍പന മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പിരിവ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണെങ്കില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ബാറുടമകളില്‍ നിന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ തരാതരംപോലെ കോഴക്കൊയ്ത്ത് പരക്കെ നടത്തുന്നുവെന്ന ആരോപണം വേറെ. ഇവയ്ക്കുപുറമെ 418 അനധികൃതബാറുകളില്‍ നിന്നും കോടികളുടെ പിരിവു നടന്നു.

ഉപതിരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് കെ പി സി സി നിശ്ചയിച്ച ക്വാട്ട നല്‍കാനെന്ന പേരുപറഞ്ഞാണ് പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പരിധിയില്‍ വരുന്ന ബാറുകളില്‍ പിരിവിന്റെ പൂരം നടത്തിവരുന്നതെന്നും പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില ബാറുടമകള്‍ വെളിപ്പെടുത്തി. അതെല്ലാം മദ്യശാലകളുടെ പ്രവര്‍ത്തനസമയം മാറ്റികൊടുത്തതിന്റെ പേരിലുള്ള കോഴ പിരിവാണെങ്കില്‍ അബ്കാരി നയത്തില്‍ വരുത്തിയ സമയമാറ്റ ഭേദഗതി ക്രമസമാധാന സാമൂഹ്യരംഗങ്ങളില്‍ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷമാണുളവാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗ്രാമങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയും നഗരങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമായിരുന്നു നിലവിലുണ്ടായിരുന്ന പ്രവര്‍ത്തനസമയം. എന്നാല്‍ ഗ്രാമങ്ങളിലേത് രാവിലെ 8 മുതല്‍ 11 വരെയും നഗരങ്ങളിലേത് രാവിലെ 9 മുതല്‍ അര്‍ധരാത്രി 12 വരെയുമായി മാറ്റിയാണ് പുതിയ ഉത്തരവ്. ഒറ്റ നോട്ടത്തില്‍ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ കുറവുവരുത്തിയെന്നു തോന്നാമെങ്കിലും സ്ഥിതി അതല്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇപ്പോഴും രാവിലെ 6 മുതല്‍ തുറക്കുന്ന ബാറുകളാണ് മിക്കവാറും എല്ലാം.

janayugom 030512

1 comment:

  1. സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം പാതിരാത്രിവരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കുറ്റകൃത്യങ്ങള്‍ കുത്തനെ പെരുകാന്‍ വഴിമരുന്നിടുമെന്ന് പൊലീസിന് കടുത്ത ആശങ്ക.

    ബാറുകളുടേയും വിദേശമദ്യ ചില്ലറവില്‍പന ശാലകളുടേയും പ്രവര്‍ത്തനസമയം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുപകരം അര്‍ധരാത്രി വരെ ദീര്‍ഘിപ്പിക്കാനുള്ള ഉത്തരവ് വന്‍ക്രമസമാധാന തകര്‍ച്ചയ്ക്കു മാത്രമല്ല കുടുംബജീവിതങ്ങള്‍ തകരാനും ഗാര്‍ഹിക അക്രമങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കാനും ഇടയാക്കുമെന്നാണ് പൊലീസിനു പുറമേ സാമൂഹ്യശാസ്ത്രജ്ഞന്മാരുടേയും വിലയിരുത്തല്‍. സംസ്ഥാനത്ത് രാഷ്ട്രീയവിവാദങ്ങളുടെ കൊടുങ്കാറ്റിളക്കുന്നതിലെ ശ്രദ്ധാകേന്ദ്രീകരണത്തിന്റെ മറപിടിച്ചായിരുന്നു ഈ വിവാദ ഉത്തരവ്.

    ReplyDelete