ലോകമെങ്ങും തൊഴിലാളിവര്‍ഗം മെയ്ദിനം ആഘോഷിച്ചു. ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി മാറിയ മെയ്ദിനറാലികള്‍ ഭരണകൂടങ്ങളുടെ നെറികേടുകള്‍ക്ക് ശക്തമായ താക്കീതുമായി. പിടിച്ചെടുക്കല്‍ പ്രക്ഷോഭം ശക്തമായ അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികളുടെ മഹാപ്രവാഹം സര്‍ക്കാരുകള്‍ക്ക് താക്കീതായി. ഭരണാധികാരികളുടെ സമ്പന്നാനുകൂല നയങ്ങള്‍ക്കെതിരെയും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്ന് തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തു.
അമേരിക്കയില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭകരുടെ നേതൃത്വത്തില്‍ മെയ്ദിനത്തില്‍ പൊതുപണിമുടക്ക് നടത്തി. പ്രക്ഷോഭത്തെ സുരക്ഷാസേന മൃഗീയമായി നേരിട്ടു. ഓക്ലാന്‍ഡ്, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. ഓക്ലാന്‍ഡ് നഗരത്തില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ ഗതാഗതം സ്തംഭിപ്പിച്ചു. സിറ്റി ഹാളിനുമുന്നില്‍നിന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ്ചെയ്തു. ലോസാഞ്ചലസില്‍ പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ നാല് കേന്ദ്രത്തില്‍ മാര്‍ച്ച്ചെയ്തു. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ സാധാരണക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ചെലവുചുരുക്കല്‍ നയങ്ങളോടുള്ള പ്രതിഷേധമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മെയ്ദിനറാലികളില്‍ ഉയര്‍ന്നുകേട്ടത്. ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷ പാര്‍ടികളുടെയും നേതൃത്വത്തില്‍ മെയ്ദിനറാലികള്‍ നടന്നു. പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ സാമ്പത്തിക നയങ്ങളോടുള്ള പ്രതിഷേധമാണ് റാലികളില്‍ മുഴങ്ങിയത്. തലസ്ഥാനമായ പാരീസില്‍ പതിനായിരങ്ങള്‍ അണിനിരന്നു.
ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന വന്‍ മെയ്ദിനറാലിയെ പ്രസിഡന്റ് റൗള്‍ കാസ്ട്രോ നയിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുത്ത റാലി നടന്നു. പ്രസിഡന്റ് ദിമിത്രി മെദ്വദേവും പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനും റാലിയില്‍ പങ്കെടുത്തു. ചൈനയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ലക്ഷക്കണക്കിന് തൊഴിലാളികള്‍ മെയ്ദിനറാലികളില്‍ പങ്കെടുത്തു. മെയ് ആറിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രീസിലും മെയ്ദിനറാലികള്‍ നടന്നു. ഏഥന്‍സില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. യുവജനങ്ങളും തൊഴിലാളികളുടെ റാലിക്ക് പിന്തുണയുമായെത്തി. ഇസ്രയേലിലും പലസ്തീനിലും മെയ്ദിന റാലികള്‍ നടന്നു. ടെല്‍ അവീവില്‍ നടന്ന റാലിയില്‍ ചുവന്ന കുപ്പായം ധരിച്ചാണ് തൊഴിലാളികള്‍ അണിനിരന്നത്. ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു രാജിവയ്ക്കണമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ രാജ്യമെങ്ങും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. അനശ്വര വിപ്ലവനായകന്‍ പി സുന്ദരയ്യയുടെ സ്മരണയും ഇന്ത്യയിലെ മെയ്ദിന പരിപാടികള്‍ക്ക് ഊര്‍ജം പകര്‍ന്നു. സംസ്ഥാന തലസ്ഥാനങ്ങളിലും വ്യവസായ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ പ്രകടനങ്ങള്‍ നടന്നു. പൊതുമേഖലാകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ മെയ്ദിനം ആചരിച്ചു. അസംഘടിതമേഖലയിലെ തൊഴിലാളികളും മെയ്ദിന റാലികളില്‍ പങ്കാളികളായി. ഡല്‍ഹിയിലെ സിപിഐ എം ആസ്ഥാനമായ എകെജി ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കെ വരദരാജന്‍, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട് എന്നിവരും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും പങ്കെടുത്തു. ഡല്‍ഹിയിലെ സിഐടിയു കേന്ദ്ര കമ്മിറ്റി ഓഫീസായ ബിടിആര്‍ ഭഭവനില്‍ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പതാക ഉയര്‍ത്തി. വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ രാംലീല മൈതാനി മുതല്‍ ടൗണ്‍ ഹാള്‍ വരെ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ഡല്‍ഹി കേരളഹൗസില്‍ നടന്ന മെയ്ദിന പരിപാടികള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.
deshabhimani 030512
ലോകമെങ്ങും തൊഴിലാളിവര്‍ഗം മെയ്ദിനം ആഘോഷിച്ചു. ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി മാറിയ മെയ്ദിനറാലികള്‍ ഭരണകൂടങ്ങളുടെ നെറികേടുകള്‍ക്ക് ശക്തമായ താക്കീതുമായി. പിടിച്ചെടുക്കല്‍ പ്രക്ഷോഭം ശക്തമായ അമേരിക്കയിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികളുടെ മഹാപ്രവാഹം സര്‍ക്കാരുകള്‍ക്ക് താക്കീതായി. ഭരണാധികാരികളുടെ സമ്പന്നാനുകൂല നയങ്ങള്‍ക്കെതിരെയും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്ന് തൊഴിലാളികള്‍ പ്രതിജ്ഞയെടുത്തു.
ReplyDelete