Tuesday, May 22, 2012

ഗവേഷണവും സ്വകാര്യമേഖലയ്ക്ക്; ലോക്സഭയില്‍ പുതിയ ബില്‍


ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പൊതുമേഖലയില്‍ മാത്രമായി ഉന്നതവിദ്യാഭ്യാസം ഒതുക്കാനാകില്ലെന്ന പ്രഖ്യാപനത്തിലൂടെ സ്വകാര്യമേഖലയുടെ കടന്നുകയറ്റത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ വിദ്യാഭ്യാസമന്ത്രി കപില്‍ സിബലാണ് അവതരിപ്പിച്ചത്. പൂര്‍ണമായ പൊതുപങ്കാളിത്തത്തിലോ പൂര്‍ണമായ സ്വകാര്യപങ്കാളിത്തത്തിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ അനുമതി നല്‍കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുംവിധം നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ലാഭോദ്ദേശ്യം ഇല്ലാത്ത സ്വകാര്യസംരംഭകര്‍ എന്ന പേരിലാണ് സ്വകാര്യവ്യക്തികളെ സ്വാഗതം ചെയ്യുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പൂര്‍ണമായ സ്വയംഭരണാവകാശമുണ്ടാകും.

നിലവിലുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതിയില്‍നിന്ന് ഭിന്നമായ രീതിയിലാണ് പുതിയ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുക. രജിസ്റ്റര്‍ ചെയ്ത സംഘടനയ്ക്കോ സൊസൈറ്റിക്കോ ട്രസ്റ്റിനോ സര്‍വകലാശാല തുടങ്ങാം. നൂതനപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിച്ചവര്‍ക്കും 25 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സര്‍വകശാലയ്ക്കും ഗവേഷണസര്‍വകലാശാല തുടങ്ങാം. വിദേശത്ത് 50 വര്‍ഷം പരിചയമുള്ള സര്‍വകലാശാലകള്‍ക്കും ക്ഷണമുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പകുതി സീറ്റ് നീക്കിവച്ചാല്‍ മതി. പൊതുമേഖലയില്‍ തുടങ്ങുന്ന സര്‍വകലാശാലകളില്‍ രാഷ്ട്രപതിക്ക് വിസിറ്റര്‍ പദവി ഉണ്ടായിരിക്കും. രാഷ്ട്രപതി ചാന്‍സലറെ നിയമിക്കും. വൈസ് ചാന്‍സലറെ നിയമിക്കുന്നത് ഉന്നതനിര്‍വഹണസമിതിയായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ്. സ്വകാര്യമേഖലയില്‍ സര്‍വകലാശാല തുടങ്ങാന്‍ ഭൂമി ഏറ്റെടുത്ത് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ സഹായിക്കും. സര്‍വകലാശാലകളുടെ നിയന്ത്രണാധികാരം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ കീഴിലായിരിക്കും. ചാന്‍സലറെ നിശ്ചയിക്കാനും സംരംഭകന് അധികാരമുണ്ടാകും.
(പി വി അഭിജിത്)

deshabhimani 220512

1 comment:

  1. ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പൊതുമേഖലയില്‍ മാത്രമായി ഉന്നതവിദ്യാഭ്യാസം ഒതുക്കാനാകില്ലെന്ന പ്രഖ്യാപനത്തിലൂടെ സ്വകാര്യമേഖലയുടെ കടന്നുകയറ്റത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ വിദ്യാഭ്യാസമന്ത്രി കപില്‍ സിബലാണ് അവതരിപ്പിച്ചത്. പൂര്‍ണമായ പൊതുപങ്കാളിത്തത്തിലോ പൂര്‍ണമായ സ്വകാര്യപങ്കാളിത്തത്തിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ സര്‍വകലാശാല തുടങ്ങാന്‍ ബില്‍ അനുമതി നല്‍കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കുംവിധം നിരവധി വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ലാഭോദ്ദേശ്യം ഇല്ലാത്ത സ്വകാര്യസംരംഭകര്‍ എന്ന പേരിലാണ് സ്വകാര്യവ്യക്തികളെ സ്വാഗതം ചെയ്യുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പൂര്‍ണമായ സ്വയംഭരണാവകാശമുണ്ടാകും.

    ReplyDelete