Friday, May 4, 2012

മെയ്ദിനത്തില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ തിരിച്ചുവരവ്

പൊതുവെ അമേരിക്കയില്‍ തൊഴിലാളിദിനം സെപ്തംബര്‍ മാസത്തിലാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍, കടന്നുപോയ ദശകത്തില്‍ രാജ്യത്തെ സോഷ്യലിസ്റ്റുകളും തൊഴിലാളിപ്രസ്ഥാനങ്ങളും മെയ്ദിനം പ്രതിഷേധദിനമായി ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കുറി മെയ് ഒന്നിന് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധങ്ങളോടെ മെയ്ദിനം ആഘോഷിച്ചു. ന്യൂയോര്‍ക്ക്മുതല്‍ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ വരെ (അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ) തൊഴില്‍, മാന്യമായ വേതനം, തുല്യത, കുടിയേറ്റക്കാര്‍ക്ക് നീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും പിക്കറ്റിങ്ങും യോഗങ്ങളും നടന്നു. കലിഫോര്‍ണിയയിലെ ബെ ഏരിയായില്‍ പ്രതിഷേധ ജാഥകള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും റോഡുകള്‍ അടപ്പിക്കയും ചെയ്തു. ഓക്ലാര്‍ഡില്‍ നൂറുകണക്കിനാളുകള്‍ നിരത്തിലിറങ്ങി. നിരവധി തെരുവുകള്‍ നിശ്ചലമായി. ബാങ്കുകള്‍ അടച്ചുപൂട്ടി. കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധപ്രകടനത്തെ നേരിട്ടത്.

സാന്‍ഫ്രാന്‍സിസ്കോയിലെ പ്രശസ്തമായ ഗോള്‍ഡന്‍ ഗേറ്റ് ഫെറി (ബോട്ട്) സര്‍വീസ് തൊഴിലാളികള്‍ തൊഴില്‍ കരാറിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജിനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമരത്തിലേക്കുപോവുകയും ബ്രിഡ്ജ് ആന്‍ഡ് ബസ് വര്‍ക്കേഴ്സ് സംയുക്ത യൂണിയന്‍ ഫെറി ടെര്‍മിനലുകള്‍ പിക്കറ്റ് ചെയ്യുകയുംചെയ്തു. തിങ്കളാഴ്ച രാത്രി സാന്‍ഫ്രാസിസ്കോയിലെ മിഷല്‍ ഡിസ്ട്രിക്ടില്‍ അരാജകത്വ പ്രതിഷേധക്കാര്‍ നടത്തിയ ജാഥ അക്രമപരമ്പരയിലാണ് കലാശിച്ചത്. ഷിക്കാഗോയില്‍ നിരവധി ആളുകള്‍ ബാങ്കുകള്‍ക്കുമുന്നിലുള്ള ധര്‍ണയില്‍ പങ്കെടുത്തു. കുടിയേറ്റത്തിനെതിരായ നിയമം കര്‍ശനമാക്കുന്ന അറ്റ്ലാന്റയില്‍ അതിനെതിരെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ ധര്‍ണ ജോര്‍ജിയ ക്യാപ്പിറ്റലിനുമുന്നില്‍ നടന്നു.

ന്യൂയോര്‍ക്കിലെ സുക്കോട്ടിപാര്‍ക്കില്‍ ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മഞ്ഞുവീഴ്ചയുടെ മാസങ്ങള്‍ക്കുശേഷം അതിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് മെയ്ദിനത്തിലാണ്. ഇപ്പോള്‍ സുക്കോട്ടിപാര്‍ക്കില്‍നിന്ന് മാറി സിറ്റിയിലെ നിരവധി പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലുമായി വ്യാപിച്ച് ചെറിയ സംഘങ്ങളായാണ് പ്രതിഷേധം തുടങ്ങിയിരിക്കുന്നത്. ഗ്രാമി അവാര്‍ഡ് ജേതാവും പ്രശസ്ത ഗിത്താറിസ്റ്റുമായ ടോം മോറില്ലൊ ബ്രയാന്‍ പാര്‍ക്കില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു:

""ഇന്ന് നിങ്ങളോടൊപ്പം ജാഥയില്‍ പങ്കെടുക്കാന്‍ ഞാന്‍ 3,000 മൈല്‍ യാത്രചെയ്തു. നിങ്ങള്‍ക്കൊപ്പം ഈ തെരുവുകളിലൂടെ മാര്‍ച്ച്ചെയ്യാന്‍ സാധിക്കുന്നത് എനിക്കു കിട്ടാവുന്ന ബഹുമതികളില്‍ ഏറ്റവും വലിയ ഒന്നാണ്. അധികാരകേന്ദ്രങ്ങള്‍ നമ്മുടെ ശബ്ദം കേട്ടേ മതിയാവൂ.

നൂറൂകണക്കിനു ഗിറ്റാറിസ്റ്റുകളുടെ ഒരു സേനയെ (ഗിറ്റാര്‍മി) നയിച്ചുകൊണ്ട് മോറില്ലൊ ഫിഫ്ത് അവന്യൂവില്‍ ബ്രയാന്‍ പാര്‍ക്കില്‍നിന്ന് യൂണിയന്‍ ചത്വരത്തിലേക്ക് മാര്‍ച്ചുചെയ്തു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍പ്രസ്ഥാനത്തിന്റെ പ്രത്യേക ഗ്രൂപ്പ് ടോം മോറില്ലൊയ്ക്കൊപ്പം ആലപിച്ച വിപ്ലവ ഗാനങ്ങളില്‍ വുഡ്ഡി ഗുതറിയുടെ &ഹറൂൗീ;ദിസ് ലാന്‍ഡ് ഈസ് യുവര്‍ ലാന്‍ഡ് അടക്കമുള്ള നിരവധി രാഷ്ട്രീയ, വിപ്ലവ ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഗിറ്റാര്‍മിയുടെ മാര്‍ച്ച് യൂണിയന്‍ ചത്വരത്തിലേക്ക് പ്രവേശിച്ചതോടെ ഒരു ബഹുജന പ്രതിഷേധ ജാഥയുടെ തുടക്കമായി അതു മാറി.

ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ് deshabhimani 040512

1 comment:

  1. പൊതുവെ അമേരിക്കയില്‍ തൊഴിലാളിദിനം സെപ്തംബര്‍ മാസത്തിലാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍, കടന്നുപോയ ദശകത്തില്‍ രാജ്യത്തെ സോഷ്യലിസ്റ്റുകളും തൊഴിലാളിപ്രസ്ഥാനങ്ങളും മെയ്ദിനം പ്രതിഷേധദിനമായി ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കുറി മെയ് ഒന്നിന് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിഷേധങ്ങളോടെ മെയ്ദിനം ആഘോഷിച്ചു. ന്യൂയോര്‍ക്ക്മുതല്‍ കലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ വരെ (അമേരിക്കയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ) തൊഴില്‍, മാന്യമായ വേതനം, തുല്യത, കുടിയേറ്റക്കാര്‍ക്ക് നീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും പിക്കറ്റിങ്ങും യോഗങ്ങളും നടന്നു. കലിഫോര്‍ണിയയിലെ ബെ ഏരിയായില്‍ പ്രതിഷേധ ജാഥകള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും റോഡുകള്‍ അടപ്പിക്കയും ചെയ്തു. ഓക്ലാര്‍ഡില്‍ നൂറുകണക്കിനാളുകള്‍ നിരത്തിലിറങ്ങി. നിരവധി തെരുവുകള്‍ നിശ്ചലമായി. ബാങ്കുകള്‍ അടച്ചുപൂട്ടി. കണ്ണീര്‍ വാതകം ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധപ്രകടനത്തെ നേരിട്ടത്.

    ReplyDelete