Monday, May 7, 2012

ഒഞ്ചിയത്തെ ഗൂഢാലോചന നെയ്യാറ്റിന്‍കരയില്‍ മറനീക്കുന്നു


പണച്ചാക്ക് രാഷ്ട്രീയമുള്‍പ്പെടെ എണ്ണമറ്റ വിഷയങ്ങളില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധത്തിലായ യുഡിഎഫ് നേതൃത്വം ഒഞ്ചിയം കൊലപാതകം കച്ചിത്തുരുമ്പാക്കുന്നത് തുറന്നുകാട്ടപ്പെടുന്നു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം യുഡിഎഫ് അത് തെരഞ്ഞെടുപ്പ് മുതലെടുപ്പിനുള്ള ആയുധമാക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളില്‍ തന്നെ നെയ്യാറ്റിന്‍കരയില്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വയലാര്‍ രവി മുതലെടുപ്പിന് തുടക്കമിട്ടു. മറ്റു വിഷയമൊന്നും ചര്‍ച്ച ചെയ്യാതെ കൊലപാതകം മാത്രമാണ് യുഡിഎഫ് ഇപ്പോള്‍ ഉന്നയിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് വേളയില്‍ ആര്‍ സെല്‍വരാജിനെ വിലയ്ക്കെടുത്തതുപോലെ നെയ്യാറ്റിന്‍കരയില്‍ മുതലെടുപ്പിനുള്ള എല്ലാ തന്ത്രവും പാളിയപ്പോഴാണ് ഒഞ്ചിയം കൊലപാതകം ആസൂത്രണം ചെയ്തതെന്നുപോലും സംശയിക്കത്തക്കനിലയിലാണ് യുഡിഎഫ് പ്രചാരണം.

സെല്‍വരാജിന്റെ അവസരവാദ രാഷ്ട്രീയവും യുഡിഎഫിന്റെ വര്‍ഗീയപ്രീണനവുമാണ് നെയ്യാറ്റിന്‍കരയിലെ പ്രധാന പ്രചാരണ വിഷയമെങ്കില്‍ ഇപ്പോള്‍ അതു മാറിയെന്നാണ് ഒരു യുഡിഎഫ് അനുകൂല ചാനല്‍ തട്ടിവിട്ടത്. മറ്റു ചില ചാനലുകളും യുഡിഎഫ് അനുകൂല പത്രങ്ങളും ഇതേ തന്ത്രം ഏറ്റുപിടിച്ചു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്ന ചര്‍ച്ച ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരവെയാണ് പുതിയ തന്ത്രം ഇറക്കിയത്. ജനപിന്തുണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബഹുദൂരം മുന്നിലാണെന്നും വിജയം സുനിശ്ചിതമാകുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് കൊലപാതകത്തിന്റെ പേരില്‍ നുണപ്രചാരണം.

കേരളകോണ്‍ഗ്രസ് നേതാവും മന്ത്രി ഗണേശ്കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അധ്യാപകനെ വാളകത്തു വച്ച് ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയും യുഡിഎഫും പയറ്റിയ തന്ത്രമാണ് ഒഞ്ചിയം കൊലപാതകവുമായി ബന്ധപ്പെട്ടും പ്രയോഗിക്കാന്‍ നോക്കുന്നത്. അന്ന് ആക്രമണത്തിന് ഇരയായ അധ്യാപകനെ വ്യക്തിഹത്യ ചെയ്യാനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ പൊലീസ് തന്നെ നുണക്കഥകള്‍ മെനഞ്ഞു. ആദ്യം ഒരു ജ്യോത്സ്യനെയും മകനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. പിന്നെ ഒരു സ്ത്രീയെ അനാവശ്യമായി വലിച്ചിഴച്ചു. ഒടുവില്‍ ഒരു തീവ്രവാദിസംഘം കോവളത്ത് നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിലാണ് ആക്രമണം നടത്തിയതെന്ന് പറഞ്ഞു. അധ്യാപകന്‍ യാത്ര ചെയ്ത ബസിന്റെ പേരിലും ദുരൂഹത സൃഷ്ടിച്ചു. ഇങ്ങനെ ആശയക്കുഴപ്പവും അവ്യക്തതയും സൃഷ്ടിച്ച് കേസ് മുക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഒഞ്ചിയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസത്തേക്കെങ്കിലും ആശയക്കുഴപ്പവും അവ്യക്തതയും സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്.

എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ ഈ നെറികെട്ട പ്രചാരണം ഒട്ടും ഏശുന്നില്ല. സെല്‍വരാജിന്റെ അവസരവാദ രാഷ്ട്രീയവും യുഡിഎഫിന്റെ വര്‍ഗീയപ്രീണനവും അഴിമതിയും ജനവിരുദ്ധഭരണം സൃഷ്ടിച്ച ജീവിത ദുരിതങ്ങളുമെല്ലാമാണ് തെരഞ്ഞെടുപ്പിലെ പ്രചാരണവിഷയങ്ങളായി ഇപ്പോഴും തുടരുന്നത്.
(എം രഘുനാഥ്)

അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്ക് കേരളത്തിലും തുടക്കം: വൈക്കം വിശ്വന്‍

കോട്ടയം: 1970കളില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ അരങ്ങേറിയ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ കേരളപതിപ്പിന് തുടക്കമിടുകയാണ് യുഡിഎഫ് ഭരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടാനുള്ള യുഡിഎഫ് ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് സിപിഐ എം ഏരിയ കമ്മിറ്റി പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവായിരുന്ന ഹേമന്ത് ബസുവിനെ വധിച്ചവര്‍ കുറ്റം സിപിഐ എമ്മിന്റെമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സത്യം വെളിപ്പെട്ടു. പ്രതികള്‍ കോണ്‍ഗ്രസുകാരായിരുന്നു. "ആടിനെ പട്ടിയാക്കുന്നു" എന്ന് കേട്ടിട്ടുണ്ട്. ഇത് പച്ചമനുഷ്യന്റെ ജീവനെടുത്ത പ്രവൃത്തിയാണ്. എന്നിട്ട് സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാക്കപ്പെടുന്നു. ഭരണം നിയമവിരുദ്ധമായും നീതിബോധമില്ലാതെയും നിര്‍വഹിക്കുന്ന അവസ്ഥയാണിവിടെ. കൊലയാളികളെ അറസ്റ്റ് ചെയ്യലല്ല യുഡിഎഫ് ലക്ഷ്യം. കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ രക്തം നെയ്യാറ്റിന്‍കരയില്‍ ഉപയോഗിക്കലാണ്. ഉന്മൂലനം സിപിഐ എമ്മിന്റെ പരിപാടിയല്ല. ഇത് തൊഴിലാളികളുടെയും കൃഷിക്കാരുടെയും പാര്‍ടിയാണ്. പാര്‍ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് യുഡിഎഫിന്റേത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. എന്നാല്‍ ഇവിടെ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ ഡോക്ടറും അറ്റന്‍ഡറും മാത്രമല്ല ആഭ്യന്തരമന്ത്രിയും മന്ത്രിയെന്ന നിലയില്‍ കയറി. മുല്ലപ്പള്ളിയും മുഖ്യമന്ത്രിയും ചെന്നിത്തലയും ഒരേ സ്വരത്തില്‍ പറയുന്നു ചന്ദ്രശേഖരന്റെ ജീവന് മാസങ്ങള്‍ മുമ്പേ ഭീഷണി ഉണ്ടായിരുന്നെന്ന്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ സുരക്ഷ നല്‍കിയില്ല. അത് കരുതിക്കൂട്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ-വൈക്കം വിശ്വന്‍ ചോദിച്ചു.

ചന്ദ്രശേഖരന്റെ കൊലപാതകം വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിലേക്ക് എന്ന് ഡല്‍ഹിയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് കോഴിക്കോട്ടെത്തിയപ്പോള്‍ തിരുത്തിപ്പറയേണ്ടിവന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ആദ്യം പ്രതികളെ നിര്‍ദേശിച്ച് പൊലീസിനെ സ്വാധീനിക്കുകയായിരുന്നു. അത് വിലപ്പോവില്ലെന്ന് കണ്ടപ്പോഴാണ് നിഷ്പക്ഷ അന്വേഷണം വേണമെന്നായത്. എന്നാല്‍ ചെന്നിത്തല മാറ്റിപ്പറഞ്ഞില്ല. കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയപ്പോള്‍ അവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ കുത്തിയിരുന്നത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ്. ഇപ്പോള്‍ തീവ്രവാദികളും ഭീകരപ്രവര്‍ത്തകരും വരെ യുഡിഎഫില്‍ ചേക്കേറുകയാണ്. ഇതെല്ലാം കേരളീയര്‍ തിരിച്ചറിയുന്നുണ്ട്. അത് നെയ്യാറ്റിന്‍കരയില്‍ ബോധ്യമാകുമെന്നും വിശ്വന്‍ പറഞ്ഞു.

അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

കോഴിക്കോട്/ വടകര: ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മുഖ്യപ്രതിയെന്ന് പൊലീസ് കരുതുന്ന റഫീഖും സഹായികളും സംസ്ഥാനത്തുനിന്ന് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പങ്കിനെപ്പറ്റി സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആ നിലയ്ക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. റഫീഖ് കര്‍ണാടകത്തിലേക്ക് കടന്നെന്നായിരുന്നു ആദ്യവിവരം. എന്നാല്‍, ചിലര്‍ മഹാരാഷ്ട്രയിലെത്തിയതായി ഉച്ചയോടെ വിവരം ലഭിച്ചു. ഇതനുസരിച്ച് ഞായറാഴ്ച അന്വേഷണ സംഘത്തിലെ ഓരോ വിഭാഗങ്ങള്‍ കര്‍ണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും തിരിച്ചു. അക്രമത്തിന് ഉപയോഗിച്ച ഇന്നോവ കാറും കാറുടമയെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തത് ഒഴിച്ചാല്‍ മുഖ്യപ്രതികളൊന്നും പിടിയിലായിട്ടില്ല.

പി സി ജോര്‍ജ് കഴിഞ്ഞമാസം തലശേരിയില്‍ എത്തിയിരുന്നു. അപ്പോള്‍ ആരെല്ലാമായി കൂടിക്കാഴ്ച നടത്തി, യാത്രാ ഉദ്ദേശ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും അന്വേഷിക്കുക. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ജോര്‍ജിന്റെ പങ്കില്‍ സംശയം പ്രകടിപ്പിച്ചത്. ഇതിനിടെ, കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വീണ്ടും പുനഃസംഘടിപ്പിച്ചു. ഡിഐജി എസ് ശ്രീജിത്തിനെ ഞായറാഴ്ച അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കി. അനൂപ് കുരുവിള ജോണിന് ചുമതല നല്‍കി. സിപിഐ എമ്മിലെ ചിലരെ പ്രതിചേര്‍ക്കണമെന്ന യുഡിഎഫ് ഉന്നതങ്ങളിലെ ഇടപെടലിനോട് വിയോജിച്ചതിനാലാണ് ശ്രീജിത്തിനെ മാറ്റിയതെന്നാണ് വിവരം. രണ്ട് ദിവസത്തിനിടെ മൂന്നാം തവണയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. ഡിവൈഎസ്പിമാരായ ഷൗക്കത്തലി, കെ വി സന്തോഷ്, ജോസി ചെറിയാന്‍, കുറ്റ്യാടി സിഐ ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. എഡിജിപി വിന്‍സന്‍ എം പോള്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണസംഘം ഞായറാഴ്ച വൈകിട്ട് വടകര റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. പിന്നീട്, എഡിജിപി വിന്‍സന്‍ എം പോള്‍ കൊല നടന്ന വള്ളിക്കാട് സന്ദര്‍ശിച്ചു.

അതേസമയം, ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ മറവില്‍ സിപിഐ എം വിരുദ്ധരും മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും ക്രിമിനലുകളുടെ സഹായത്തോടെ ഒഞ്ചിയം മേഖലയില്‍ അക്രമം തുടരുകയാണ്. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും 67 വീടുകള്‍ അക്രമികള്‍ തകര്‍ത്തു. സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസടക്കം പത്തിലധികം ഓഫീസുകളും നശിപ്പിച്ചു. ഓര്‍ക്കാട്ടേരിയിലെ മണ്ടോടി കണ്ണന്‍ സ്മാരകവും ഇതില്‍പെടും. മുയിപ്രയിലെ കേളുവേട്ടന്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം കുത്തിത്തുറന്ന് നൂറുകണക്കിന് പുസ്തകങ്ങളും ഫര്‍ണിച്ചറും തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ തള്ളി. കനത്ത പൊലീസ് സന്നാഹത്തിനിടെയാണ് അക്രമങ്ങള്‍ തുടരുന്നത്. നശിപ്പിച്ച ഏരിയ കമ്മിറ്റി ഓഫീസും ആശുപത്രിയില്‍ കഴിയുന്നവരെയും പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരീം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മോഹനന്‍, സി ഭാസ്കരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തിന് ഇരയായ വീടുകളും പാര്‍ടി ഓഫീസുകളും ജില്ലയിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ തിങ്കളാഴ്ച സന്ദര്‍ശിക്കും.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം: പന്ന്യന്‍

വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പൈശാചികമായ അക്രമമാണുണ്ടായത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച പന്ന്യന്‍ വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊടിയുടെ നിറവും ചിഹ്നവും നോക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പന്ന്യന്‍ പറഞ്ഞു. ബിനോയ് വിശ്വം, സത്യന്‍ മൊകേരി, ആവള നാരായണന്‍, സോമന്‍ മുതുവന എന്നിവരും പന്ന്യനൊപ്പമുണ്ടായിരുന്നു

ഡിഐജിയെ മാറ്റിയത് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ട്

നെയ്യാറ്റിന്‍കര: ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് ഡിഐജി എസ് ശ്രീജിത്തിനെ മാറ്റിയത് യുഡിഎഫ് നേതാക്കള്‍ വിളിച്ചുപറഞ്ഞിട്ടാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. നെയ്യാറ്റിന്‍കര മേഖലാ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിള്ള.

deshabhimani 070512

1 comment:

  1. പണച്ചാക്ക് രാഷ്ട്രീയമുള്‍പ്പെടെ എണ്ണമറ്റ വിഷയങ്ങളില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധത്തിലായ യുഡിഎഫ് നേതൃത്വം ഒഞ്ചിയം കൊലപാതകം കച്ചിത്തുരുമ്പാക്കുന്നത് തുറന്നുകാട്ടപ്പെടുന്നു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം യുഡിഎഫ് അത് തെരഞ്ഞെടുപ്പ് മുതലെടുപ്പിനുള്ള ആയുധമാക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളില്‍ തന്നെ നെയ്യാറ്റിന്‍കരയില്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വയലാര്‍ രവി മുതലെടുപ്പിന് തുടക്കമിട്ടു. മറ്റു വിഷയമൊന്നും ചര്‍ച്ച ചെയ്യാതെ കൊലപാതകം മാത്രമാണ് യുഡിഎഫ് ഇപ്പോള്‍ ഉന്നയിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് വേളയില്‍ ആര്‍ സെല്‍വരാജിനെ വിലയ്ക്കെടുത്തതുപോലെ നെയ്യാറ്റിന്‍കരയില്‍ മുതലെടുപ്പിനുള്ള എല്ലാ തന്ത്രവും പാളിയപ്പോഴാണ് ഒഞ്ചിയം കൊലപാതകം ആസൂത്രണം ചെയ്തതെന്നുപോലും സംശയിക്കത്തക്കനിലയിലാണ് യുഡിഎഫ് പ്രചാരണം

    ReplyDelete