Monday, May 7, 2012

കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വഴിയൊരുക്കാന്‍ ഹിലരി എത്തി


അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്‍ മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തി. അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് ഇന്ത്യയില്‍ മൂലധനിക്ഷേപത്തിന് അവശേഷിക്കുന്ന മേഖലകള്‍കൂടി ഉടന്‍ തുറന്നുകൊടുക്കാന്‍ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് സന്ദര്‍ശനലക്ഷ്യം. ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തണമെന്നതടക്കം ഇറാന്‍-ഇന്ത്യ ബന്ധത്തില്‍ അമേരിക്ക നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തണമെന്നതും പ്രധാന ആവശ്യം. ഹിലരി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഹിലരി ചര്‍ച്ച നടത്തും.

ചെറുകിട വില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം, തീസ്താ ജലവിതരണ കരാര്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞ മമതയെ അനുനയിപ്പിക്കലാണ് ലക്ഷ്യം. ബംഗാളിലേക്ക് വന്‍ അമേരിക്കന്‍ നിക്ഷേപം വാഗ്ദാനം ചെയ്താകും മമതയെ പാട്ടിലാക്കുക. ചില്ലറവില്‍പ്പനമേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം ഉടന്‍നടപ്പാക്കണമെന്ന് ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ഹിലരി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട് ആവശ്യപ്പെടും. ഇന്ത്യ അനാവശ്യ കാലതാമസം വരുത്തുന്നുവെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഇടതുപക്ഷത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പും യുപിഎ ഘടകകക്ഷികളുടെയടക്കം എതിര്‍പ്പുമാണ് വിദേശനിക്ഷേപ തീരുമാനം തല്‍ക്കാലം മരവിപ്പിച്ചത്. ധനമേഖലയിലും ചില്ലറവില്‍പ്പനമേഖലയിലും വിദേശനിക്ഷേപത്തിന് അവശേഷിക്കുന്ന തടസ്സം നീക്കാന്‍ അമേരിക്ക ശക്തമായി ആവശ്യപ്പെടും. ഇതോടൊപ്പം ആഗോളവിഷയങ്ങളില്‍, പ്രത്യേകിച്ച് ഏഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയുടെ സഹകരണവും പങ്കാളിത്തവും അമേരിക്ക ആവശ്യപ്പെടും.

ഷിക്കാഗോയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് സുപ്രധാന തീരുമാനം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനുമുമ്പാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണയ്ക്കായുള്ള ഹിലരിയുടെ ദൗത്യം. കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തിലും പ്രധാന ചര്‍ച്ചാവിഷയം അഫ്ഗാനിസ്ഥാനായിരുന്നു. ഇറാനോടുള്ള ഇന്ത്യന്‍ നിലപാട് കര്‍ശനമാക്കണമെന്നാണ് അമേരിക്കയുടെ മറ്റൊരു പ്രധാന ആവശ്യം. ഇറാനുമായി സാമ്പത്തിക-വാണിജ്യ ഇടപാട് പാടില്ലെന്നാണ് അമേരിക്കയുടെ നിര്‍ദേശം. ഇന്ത്യ-അമേരിക്ക തന്ത്രപരമായ സഹകരണം സംബന്ധിച്ച് വിദേശമന്ത്രി എസ് എം കൃഷ്ണയുമായി ഹിലരി ചര്‍ച്ച നടത്തും.

deshabhimani 070512

1 comment:

  1. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്‍ മൂന്നുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെത്തി. അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് ഇന്ത്യയില്‍ മൂലധനിക്ഷേപത്തിന് അവശേഷിക്കുന്ന മേഖലകള്‍കൂടി ഉടന്‍ തുറന്നുകൊടുക്കാന്‍ യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് സന്ദര്‍ശനലക്ഷ്യം. ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തണമെന്നതടക്കം ഇറാന്‍-ഇന്ത്യ ബന്ധത്തില്‍ അമേരിക്ക നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തണമെന്നതും പ്രധാന ആവശ്യം. ഹിലരി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. തിങ്കളാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഹിലരി ചര്‍ച്ച നടത്തും.

    ReplyDelete