Monday, May 7, 2012

ഫ്രാന്‍സില്‍ ഓളന്ദ് പ്രസിഡന്റ്


യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സില്‍ രണ്ടുപതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വിജയം. രണ്ടാം ഊഴം തേടിയ വലതുപക്ഷ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ അധികാരഗര്‍വിന് കനത്ത പ്രഹരമേല്‍പ്പിച്ച് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് മിന്നുന്ന വിജയം നേടി. ഞായറാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പില്‍ ഓളന്ദ് നാല് ശതമാനത്തോളം വോട്ടിന്റെ വ്യത്യാസത്തിന് സര്‍ക്കോസിയെ തറപറ്റിച്ചു.

സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം ആരംഭിച്ചശേഷം മൂന്ന് വര്‍ഷത്തിനിടെ യൂറോ മേഖലയില്‍ അധികാരഭ്രഷ്ടനാകുന്ന പതിനൊന്നാമത് ഭരണാധികാരിയാണ് സര്‍ക്കോസി. യൂറോപ്യന്‍ രാജ്യങ്ങളിലെ വായ്പാപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന കടുത്ത ചെലവുചുരുക്കലിനെ എതിര്‍ക്കുന്നയാളാണ് ഓളന്ദ്. അദ്ദേഹത്തിന്റെ വിജയം യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തെ വലതുചായ്വിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

1995ല്‍ ഫ്രാന്‍സ്വാ മിത്തറാങ് അധികാരമൊഴിഞ്ഞശേഷം ഫ്രഞ്ച് പ്രസിഡന്റാകുന്ന ആദ്യ സോഷ്യലിസ്റ്റ് നേതാവാണ് ഓളന്ദ്്. അദ്ദേഹത്തിന് 51.8 മുതല്‍ 52വരെ ശതമാനം വോട്ട് ലഭിച്ചെന്നാണ് പോളിങ് സമാപിച്ചശേഷം ആദ്യ സര്‍വേകള്‍ നല്‍കുന്ന സൂചന. സര്‍ക്കോസിക്ക് 48.2-48 ശതമാനം വോട്ട് ലഭിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനാകാഞ്ഞതിനാലാണ് മുന്നിലെത്തിയ രണ്ടുപേര്‍ തമ്മില്‍ രണ്ടാം അങ്കം വേണ്ടിവന്നത്. ഗ്രീക്ക് പാര്‍ലമെന്റ്, സെര്‍ബിയന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളടക്കം ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഞായറാഴ്ച വിവിധ തലങ്ങളിലേക്ക് പോളിങ്ങുണ്ടായി. ഫലമറിവായ ഗ്രീസിലും ചെലവുചുരുക്കലിന് വാദിക്കുന്ന രണ്ട് പ്രധാന കക്ഷികള്‍ക്കും കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത നഷ്ടമുണ്ടായപ്പോള്‍ ഇടതുപക്ഷ സൈറസ പാര്‍ടി മൂന്നിരട്ടി ശക്തി വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ 44 ശതമാനം വോട്ട് നേടി ഭരണകക്ഷിയായ പസോക്കിന് ഇത്തവണ 14-17ശതമാനം വോട്ടുമായി മൂന്നാംസ്ഥാനത്തായി.

deshabhimani 070512

1 comment:

  1. യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സില്‍ രണ്ടുപതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് വിജയം. രണ്ടാം ഊഴം തേടിയ വലതുപക്ഷ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ അധികാരഗര്‍വിന് കനത്ത പ്രഹരമേല്‍പ്പിച്ച് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് മിന്നുന്ന വിജയം നേടി. ഞായറാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പില്‍ ഓളന്ദ് നാല് ശതമാനത്തോളം വോട്ടിന്റെ വ്യത്യാസത്തിന് സര്‍ക്കോസിയെ തറപറ്റിച്ചു.

    ReplyDelete