Thursday, May 3, 2012

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സാസഹായം നിഷേധിച്ചു


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള ചികിത്സാനിധി സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ഇത്തരം രോഗികളുടെ അടിയന്തരചികിത്സക്കായി കലക്ടര്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 50 ലക്ഷം രൂപയില്‍ ബാക്കിയുള്ള തുകയാണ് തടഞ്ഞത്. 50 ലക്ഷത്തില്‍ ഒമ്പത് ലക്ഷം കഴിഞ്ഞവര്‍ഷം ഉപയോഗിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ബാക്കി തുക തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന കലക്ടറുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വ്യക്തികളും സംഘടനകളും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സെല്ലിനു നല്‍കിയ സംഭാവനയാണ് ഇപ്പോള്‍ ചികിത്സക്ക് വിനിയോഗിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് പരിമിതമായി ചികിത്സ ലഭിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രോഗികളെ ദത്തെടുത്ത് മുഴുവന്‍ ചികിത്സയും സര്‍ക്കാര്‍ ചെലവിലാണ് നടത്തിയത്. എവിടെ ചികിത്സിച്ചാലും അതിനുള്ള ചെലവ് ഇരകള്‍ക്ക് നല്‍കി. യുഡിഎഫ് ഇതെല്ലാം നിര്‍ത്തുകയും വിദഗ്ധചികിത്സ സംസ്ഥാനത്തെ 12 ആശുപത്രികളിലാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ രോഗികള്‍ എത്തുന്ന ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരോ മരുന്നോ ഇല്ല. ജനറല്‍ ആശുപത്രിയില്‍ 35 പേര്‍ വേണ്ട സ്പെഷ്യാലിറ്റി ഒപിയില്‍ 14 പേര്‍ മാത്രമാണുള്ളത്. മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രയോജനവും കിട്ടുന്നില്ല. സംഘത്തില്‍ മാസങ്ങളോളം ഡോക്ടറുണ്ടായിരുന്നില്ല. അടുത്തിടെ ഒരാളെ നിയമിച്ചെങ്കിലും മരുന്നു വാങ്ങാന്‍ സെല്ലിനു പണമില്ല.

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിനു പകരം കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ടി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കിയെങ്കിലും ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. ജില്ലാപഞ്ചായത്ത് നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കാര്യനിര്‍വഹണം നടത്തുന്നത്.

deshabhimani 030512

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള ചികിത്സാനിധി സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ഇത്തരം രോഗികളുടെ അടിയന്തരചികിത്സക്കായി കലക്ടര്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 50 ലക്ഷം രൂപയില്‍ ബാക്കിയുള്ള തുകയാണ് തടഞ്ഞത്. 50 ലക്ഷത്തില്‍ ഒമ്പത് ലക്ഷം കഴിഞ്ഞവര്‍ഷം ഉപയോഗിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ബാക്കി തുക തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന കലക്ടറുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

    ReplyDelete