Thursday, May 3, 2012
"കമ്യൂണിസ്റ്റു"കാരന് വീടുനല്‍കാനാവില്ലെന്ന് ലീഗിന്റെ ഗള്‍ഫ് സംഘടന
വഞ്ചിച്ച നിര്‍ധന കുടുംബം പെരുവഴിയില്‍
തൃക്കരിപ്പുര്‍: മുസ്ലിംലീഗ് ഗള്‍ഫ് സംഘടനയായ കെഎംസിസി വീടുനല്‍കാമെന്നു പറഞ്ഞ് പറ്റിച്ച നിര്‍ധന കുടുംബം പെരുവഴിയില്‍. പടന്നയില്‍ എസ്ടിയു അംഗമായിരുന്ന ചുമട്ടുതൊഴിലാളി കെ അലിയെയാണ് ലീഗ് നേതാക്കള്‍ വഞ്ചിച്ചത്. ജോലിക്കിടെ പഞ്ചസാരച്ചാക്ക് വീണ് ഒരുഭാഗം തളര്‍ന്ന അലി ഭാര്യയും ഏഴുമക്കളുമായി പടന്ന കൈക്കോട്ടുകടവിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. കെഎംസിസി പണം നല്‍കുമെന്ന വാഗ്ദാനത്തില്‍ വീട് പണി ആരംഭിച്ചെങ്കിലും നിര്‍മാണം ഒരുവരി കല്ലില്‍ ഒതുങ്ങി. അലി കമ്യൂണിസ്റ്റാണെന്നും പണം നല്‍കാനാവില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
25 വര്‍ഷംമുമ്പ് ഇസ്ലാംമതം സ്വീകരിച്ച് സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കാഞ്ഞങ്ങാട്ടെത്തിയതാണ് അലി. കൂലിപ്പണിക്കാരനായ ഇദ്ദേഹം പാറപ്പള്ളി ജമാഅത്തിന്റെ സഹായത്തോടെ നിര്‍ധന കുടുംബത്തിലെ ഷരീഫയെ വിവാഹം കഴിച്ചു. പിന്നീട് പടന്നയിലെത്തി ചുമട്ടുതൊഴിലാളിയായി. ജോലിക്കിടെ ചാക്ക് കഴുത്തിന് വീണ് ഞരമ്പിന് ക്ഷതമേറ്റു. ഒരുഭാഗം തളര്‍ന്ന് കിടപ്പിലായി. ദീര്‍ഘനാളത്തെ ചികിത്സക്കു ശേഷം എണീറ്റ് നടക്കാമെന്നായെങ്കിലും ഇടതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടു. ഭാര്യ വീട്ടുജോലി ചെയ്ത് കിട്ടുന്ന തുഛവരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
ഇതിനിടെ കൈക്കോട്ടുകടവിലെ ലീഗുകാര്‍ അലിയുടെ ദുരിതം കണ്ട് സഹായിക്കാനെത്തി. വീടുവയ്ക്കാന്‍ കെഎംസിസിയുടെ സഹായമായി നാലുലക്ഷംരൂപ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ലീഗുകാര്‍ അലിയെ പടന്നയില്‍നിന്ന് കൈക്കോട്ടുകടവിലേക്ക് കൊണ്ടുപോയി പൂട്ടിക്കിടക്കുന്ന വീട്ടില്‍ തല്‍ക്കാലത്തേക്ക് താമസിപ്പിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത അലിക്ക് വീടുവയ്ക്കാന്‍ ടി കെ അഹമ്മദ് ഹാജി മൂന്ന് സെന്റ് ഭൂമിയും നല്‍കി. ലീഗ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് നിര്‍മാണം ആരംഭിച്ചു. നാലുവര്‍ഷമായിട്ടും വീടുനിര്‍മാണം ഒരുവരി തറയില്‍നിന്ന് ഉയര്‍ന്നില്ല. നേതാക്കളെ തുടരെ ചെന്നുകണ്ട് സങ്കടം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. നീക്കിവച്ച പണം ലീഗ് ശാഖാസെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ആള്‍ക്ക് നല്‍കാനാണ് ഈ നിര്‍ധനകുടുംബത്തെ പെരുവഴിയിലാക്കിയത്.
എസ്ടിയു പ്രവര്‍ത്തകനായ അലി കമ്യൂണിസ്റ്റുകാരനാണെന്ന് ആരോപിച്ചാണ് പണം സഹായം നിഷേധിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് പണം നല്‍കില്ലെന്നും അയാളുടെ മക്കള്‍ വളര്‍ന്നാല്‍ നാട്ടിലെ വലിയ കള്ളന്മാരാകുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞത് അലിക്ക് വീട് കിട്ടാത്തതിനേക്കാള്‍ വലിയ ആഘാതമായി. മൂത്തമകന്‍ ആറാം ക്ലാസില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോവുകയാണ്. അഞ്ച് സഹോദരന്മാരുടെയും ഒമ്പതില്‍ പഠിക്കുന്ന സഹോദരിയുടെയും ഉപ്പയുടെയും ഉമ്മയുടെയും സംരക്ഷണം ഈ പത്തൊമ്പതുകാരനാണ്. വീടിന് ഇറക്കിവച്ച കല്ലും മണലും ഇതിനിടെ ലീഗുകാര്‍ എടുത്തുകൊണ്ടുപോയി. നേരത്തെ പാര്‍പ്പിച്ച വീടും ഒഴിവായി. ജമാഅത്ത് കമ്മിറ്റി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
(പി മഷൂദ്)
deshabhimani 030512
Labels:
മുസ്ലീം ലീഗ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
മുസ്ലിംലീഗ് ഗള്‍ഫ് സംഘടനയായ കെഎംസിസി വീടുനല്‍കാമെന്നു പറഞ്ഞ് പറ്റിച്ച നിര്‍ധന കുടുംബം പെരുവഴിയില്‍. പടന്നയില്‍ എസ്ടിയു അംഗമായിരുന്ന ചുമട്ടുതൊഴിലാളി കെ അലിയെയാണ് ലീഗ് നേതാക്കള്‍ വഞ്ചിച്ചത്. ജോലിക്കിടെ പഞ്ചസാരച്ചാക്ക് വീണ് ഒരുഭാഗം തളര്‍ന്ന അലി ഭാര്യയും ഏഴുമക്കളുമായി പടന്ന കൈക്കോട്ടുകടവിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. കെഎംസിസി പണം നല്‍കുമെന്ന വാഗ്ദാനത്തില്‍ വീട് പണി ആരംഭിച്ചെങ്കിലും നിര്‍മാണം ഒരുവരി കല്ലില്‍ ഒതുങ്ങി. അലി കമ്യൂണിസ്റ്റാണെന്നും പണം നല്‍കാനാവില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
ReplyDelete